| Tuesday, 1st November 2022, 3:50 pm

'ആയുധം കയ്യിലേന്തൂ'; തെരഞ്ഞെടുപ്പ് ദിനത്തില്‍ തോക്ക് കൈവശം വെക്കാന്‍ ആഹ്വാനം ചെയ്ത് ഇസ്രഈല്‍ പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെല്‍ അവീവ്: തെരഞ്ഞെടുപ്പ് ദിവസം തോക്കേന്താന്‍ പൗരന്മാരോട് ആഹ്വാനം ചെയ്ത് ഇസ്രഈല്‍ പൊലീസ്.

പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതിനുള്ള ഇലക്ഷന്‍ ചൊവ്വാഴ്ച നടക്കുന്ന സാഹചര്യത്തിലാണ് ഇസ്രഈല്‍ പൊലീസിന്റെ ഈ ആഹ്വാനം.

തെരഞ്ഞെടുപ്പ് സമയത്തെ അക്രമ സാധ്യത മുന്നില്‍കണ്ട് അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഇസ്രഈല്‍ കൂടുതല്‍ സൈനികരെ വിന്യസിച്ചിട്ടുണ്ടെന്നും അതിനാല്‍ തെരഞ്ഞെടുപ്പ് ദിവസം ഇസ്രഈല്‍ കുടിയേറ്റക്കാരും പൗരന്മാരും തോക്കുകള്‍ കൈവശം വെക്കണമെന്നുമാണ് പൊലീസ് ആവശ്യപ്പെട്ടതെന്ന് പബ്ലിക് ബ്രോഡ്കാസ്റ്റര്‍ കാന്‍ (Kan) റിപ്പോര്‍ട്ട് ചെയ്തു.

തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസമായ ചൊവ്വാഴ്ചയും സമീപ ഭാവിയിലും, ലൈസന്‍സുള്ള, നന്നായി പരിശീലനം നേടിയ തോക്കുടമകള്‍ ആയുധം കൈവശം വെക്കണമെന്നാണ് ഇസ്രഈലി പൊലീസ് ഞായറാഴ്ച പ്രതികരിച്ചത്.

ഇക്കഴിഞ്ഞയാഴ്ച വെസ്റ്റ് ബാങ്കിലെ ഹെബ്രോണിലും (Hebron) ജെറീകോയിലും (Jericho) ഇസ്രഈല്‍- ഫലസ്തീന്‍ സംഘര്‍ഷവും ആക്രമണ- പ്രത്യാക്രമണങ്ങളുമുണ്ടായതിന്റെ പശ്ചാത്തലത്തിലാണ് ഇസ്രഈല്‍ പൊലീസിന്റെ ഈ നീക്കം.

വരും ദിവസങ്ങളില്‍ വെസ്റ്റ് ബാങ്കില്‍ ആക്രമണ സാധ്യത കൂടുതലാണെന്ന് തങ്ങള്‍ക്ക് നിരവധി മുന്നറിയിപ്പുകളും ലഭിച്ചിട്ടുണ്ടെന്ന് ഇസ്രഈല്‍ സുരക്ഷാ ഏജന്‍സികള്‍ പറഞ്ഞതായി മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതിനിടെ ഫലസ്തീന്‍ നഗരങ്ങള്‍ക്ക് മേല്‍ ചൊവ്വാഴ്ച സൈനിക അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചതിനാല്‍ ഇസ്രഈല്‍ സൈന്യം വെസ്റ്റ് ബാങ്കിലേക്ക് ഞായറാഴ്ച 200 സൈനികരെ കൂടി വിന്യസിച്ചിട്ടുണ്ട്.

അതേസമയം മൂന്ന് വര്‍ഷത്തിനുള്ളിലെ അഞ്ചാമത്തെ പൊതുതെരഞ്ഞെടുപ്പിനാണ് ഇസ്രഈല്‍ സാക്ഷ്യം വഹിക്കുന്നത്. നഫ്താലി ബെന്നറ്റ് രാജി വെച്ചതാണ് രാജ്യം വീണ്ടും തെരഞ്ഞെടുപ്പിലേക്ക് നീങ്ങാന്‍ കാരണമായത്.

Content Highlight: Israel Police urge settlers and citizens to carry guns on election day 

We use cookies to give you the best possible experience. Learn more