ടെല്‍ അവീവ്: എന്‍.എസ്.ഒ നിര്‍മിത ചാര സോഫ്റ്റ്‌വെയറായ പെഗാസസ് തങ്ങള്‍ ദുരുപയോഗം ചെയ്തിരുന്നു എന്ന് സമ്മതിച്ച് ഇസ്രഈല്‍ പൊലീസ്.
മുന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരായ അഴിമതിക്കേസിലെ സാക്ഷിയുടെ ഫോണ്‍ ചോര്‍ത്തുന്നതിനായി സ്‌പൈവെയര്‍ ഉപയോഗിച്ചു എന്നാണ് പൊലീസ് സമ്മതിച്ചത്.
സ്റ്റേറ്റ് പ്രോസിക്യൂട്ടര്‍ ഓഫീസിന് മുമ്പാകെയായിരുന്നു പൊലീസിന്റെ കുറ്റസമ്മതം.
നെതന്യാഹുവിനെതിരായ കേസിലെ വിചാരണയിലെ നിര്‍ണായക സാക്ഷിയായ ഷ്‌ലോമോ ഫില്‍ബറിന്റെ ഫോണ്‍ ചോര്‍ത്താന്‍ പെഗാസസ് ഉപയോഗിച്ചെന്നാണ് പൊലീസ് പറഞ്ഞത്. ഇസ്രഈലി മാധ്യമമായ ഹാരെറ്റ്‌സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
നെതന്യാഹുവിനെതിരായ അഴിമതിക്കേസില്‍ പ്രതിപാദിക്കുന്ന സംഭവം നടക്കുന്ന സമയത്തെ ഇസ്രഈലിന്റെ കമ്യൂണിക്കേഷന്‍ മന്ത്രാലയം ഡയറക്ടര്‍ ജനറലായിരുന്നു ഷ്‌ലോമോ ഫില്‍ബര്‍.
നേരത്തെ ഇന്ത്യ ഇസ്രഈലില്‍ നിന്നും പെഗാസസ് വാങ്ങിയിരുന്നെന്നും പെഗാസസ് ലൈസന്‍സ് പുതുക്കി കിട്ടുന്നതിന് വേണ്ടി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അന്നത്തെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ നേരിട്ട് വിളിച്ചിരുന്നെന്നും ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.
2017ല്‍ ഇന്ത്യക്കും ഇസ്രഈലിനുമിടയില്‍ നടന്ന പ്രതിരോധ-ആയുധ ഇടപാടുകളുടെ ഭാഗമായി ഇന്ത്യ പെഗാസസ് വാങ്ങിയിരുന്നതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രഈല്‍ സന്ദര്‍ശനം നടത്തിയതും 2017ലായിരുന്നു.
ഇസ്രഈല്‍ സര്‍ക്കാരിന്റെ അറിവോടെയാണ് എന്‍.എസ്.ഒ കമ്പനി പെഗാസസ് നിര്‍മിച്ചതെന്നും ഇസ്രഈലിന്റെ സുഹൃത്ത് രാജ്യങ്ങള്‍ക്ക് വില്‍ക്കാനായിരുന്നു ആദ്യം കമ്പനിക്ക് സര്‍ക്കാര്‍ ലൈസന്‍സ് നല്‍കിയിരുന്നതെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
Content Highlight: Israel Police Admit Hacking Into Phone of Key Witness in Benjamin Netanyahu case Trial using Pegasus