| Friday, 6th May 2022, 3:40 pm

റഷ്യന്‍ വിദേശകാര്യ മന്ത്രിയുടെ 'ഹിറ്റ്‌ലര്‍- ജൂത പ്രസ്താവന'; പുടിന്‍ മാപ്പ് പറഞ്ഞതായി നഫ്താലി ബെന്നറ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെല്‍ അവീവ്: അഡോള്‍ഫ് ഹിറ്റ്‌ലര്‍ക്ക് ജൂത വേരുകളുണ്ടെന്ന റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവിന്റെ പ്രസ്താവനയിന്മേല്‍ റഷ്യന്‍ പ്രസിഡന്റ് മാപ്പ് ചോദിച്ചതായി ഇസ്രഈല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്.

പുടിന്റെ മാപ്പ് താന്‍ സ്വീകരിച്ചതായും മേയ് അഞ്ചിന് പുറത്തുവിട്ട പ്രസ്താവനയില്‍ ബെന്നറ്റ് വ്യക്തമാക്കി.

നേരത്തെ സെര്‍ജി ലാവ്‌റോവിന്റെ കമന്റ് ഏറെ വിവാദമായിരുന്നു. ഹിറ്റ്‌ലര്‍ നടത്തിയ കൂട്ടക്കൊലകളുടെ ചരിത്രത്തെ തെറ്റായി ചിത്രീകരിക്കുന്നതാണ് ലാവ്‌റോവിന്റെ പ്രസ്താവന എന്നായിരുന്നു ഉയര്‍ന്ന പ്രധാന ആരോപണം.

ഒരു ഇറ്റാലിയന്‍ വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വെച്ച്, ഉക്രൈനിനെ ഡീ നാസിഫൈ ചെയ്യാനാണ് തങ്ങള്‍ അധിനിവേശം ചെയ്യുന്നതെന്ന റഷ്യന്‍ വാദത്തെക്കുറിച്ച് പ്രതികരിക്കവെയായിരുന്നു ഈ പരാമര്‍ശം.

”ഉക്രൈന്റെ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി ജൂതനാണെങ്കിലും ആ രാജ്യത്ത് ഇപ്പോളും നാസി എലമെന്റ്‌സ് നിലനില്‍ക്കുന്നുണ്ട്.

എന്റെ അഭിപ്രായത്തില്‍, ഹിറ്റ്‌ലര്‍ക്കും ജൂത വേരുകളുണ്ട്,” എന്നായിരുന്നു ലാവ്‌റോവ് പറഞ്ഞത്.

വിവാദ പ്രസ്താവനയില്‍ റഷ്യ മാപ്പ് പറയണമെന്ന് നേരത്തെ തന്നെ ഇസ്രഈല്‍ ആവശ്യപ്പെട്ടിരുന്നു.

അതിനിടെ, റഷ്യന്‍ പ്രസിഡന്റ് വിഷയത്തില്‍ മാപ്പ് പറഞ്ഞതായാണ് ഇപ്പോള്‍ ഇസ്രഈല്‍ പ്രധാനമന്ത്രി വാദിക്കുന്നത്. പുടിനുമായി ഫോണില്‍ സംസാരിച്ചെന്നും ഇസ്രഈലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ വ്‌ളാഡിമിര്‍ പുടിനും നെഫ്താലി ബെന്നറ്റും തമ്മില്‍ ഫോണില്‍ സംസാരിച്ചതായി സ്ഥിരീകരിച്ച റഷ്യ പക്ഷെ, പുടിന്‍ മാപ്പ് പറഞ്ഞ കാര്യം പരാമര്‍ശിച്ചിട്ടില്ല.

Content Highlight: Israel PM Naftali Bennett says Vladimir Putin apologized foreign minister’s Holocaust remarks on Nazi and Hitler

We use cookies to give you the best possible experience. Learn more