ടെല്‍ അവീവ്: യുദ്ധത്തിന് ശേഷം ഫലസ്തീനിലെ ഗോത്രങ്ങളെയും വിവിധ വംശങ്ങളെയും വിഭജിച്ചുകൊണ്ട് ഗസയിലെ ഭരണം സാധ്യമാക്കുക എന്നതാണ് ഇസ്രഈലിന്റെ പരിഗണനയിലെന്ന് റിപ്പോര്‍ട്ട്.
ഒരു രാഷ്ട്രം എന്നതിലുപരി നിരവധി ഭാഗങ്ങളായി ഗസയെ വിഭജിച്ചുകൊണ്ട് ഭരണം നടത്താനാണ് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ശ്രമിക്കുന്നതെന്ന് ഫലസ്തീന്‍ റിപ്പോര്‍ട്ടര്‍ സുലൈമാന്‍ മസ്വാദെ ഇസ്രഈല്‍ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റര്‍ കാന്‍ ന്യൂസിനോട് പറഞ്ഞു.
ഇസ്രഈല്‍ വിഭാവനം ചെയ്ത കൊളോണിയല്‍ പദ്ധതിയനുസരിച്ച് ഗോത്രങ്ങള്‍ ഗസ മുനമ്പിന്റെ സിവില്‍ അഡ്മിനിസ്‌ട്രേഷന്‍ നിയന്ത്രിക്കുമെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. കൂടാതെ ഓരോ വിഭാഗത്തിനും ഇസ്രഈല്‍ ഭരണകൂടവുമായി വ്യക്തിഗത നയതന്ത്ര ബന്ധമുണ്ടാകുമെന്നും പദ്ധതി ചൂണ്ടിക്കാട്ടുന്നതായാണ് റിപ്പോര്‍ട്ട്.
സഖ്യത്തിലേര്‍പ്പെട്ടിരിക്കുന്ന ഓരോ ഭരണവിഭാഗവും സിവിലിയന്‍ ഭരണം കൃത്യമായി നടത്തണമെന്ന് ഇസ്രഈല്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇസ്രഈലിന്റെ പദ്ധതി വെസ്റ്റ് ബാങ്കിലേക്കും വ്യാപിപ്പിച്ചേക്കുമെന്നും കാനിന്റെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
എന്നാല്‍ അന്താരാഷ്ട്ര അംഗീകാരമുള്ള ഫലസ്തീന്‍ അതോറിറ്റിയില്‍ നിന്ന് ഇസ്രഈല്‍ അധികാരം കൈക്കലാക്കുമ്പോള്‍ ഇസ്രഈലും സഖ്യകക്ഷിയായ യു.എസും തമ്മിലുള്ള ബന്ധത്തില്‍ പിരിമുറുക്കം വര്‍ധിക്കുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.
കാനിന്റെ അന്വേഷണത്തില്‍ ഈ പദ്ധതി തയ്യാറാക്കിയത് ഇസ്രഈല്‍ സൈന്യമാണെന്നും അതിവേഗത്തില്‍ പദ്ധതി ഇസ്രഈലിന്റെ യുദ്ധ കാബിനറ്റില്‍ അവതരിപ്പിക്കുമെന്നും സ്ഥാപനത്തിലെ മാധ്യമപ്രവര്‍ത്തകര്‍ പറയുന്നു.
നിലവില്‍ ഗസയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 207 ഫലസ്തീനികളെ ഇസ്രഈല്‍ കൊലപ്പെടുത്തിയതായും സൈന്യത്തിന്റെ ആക്രമണങ്ങളില്‍ 338 പേര്‍ക്ക് പരിക്കേറ്റതായും ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒക്ടോബര്‍ 7 മുതല്‍ ഗസയില്‍ മാത്രമായി കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 22,185 ആണ്. 57,000 പേര്‍ക്ക് പരിക്കേറ്റതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.
Content Highlight: Israel plans to divide the tribes and rule Gaza after the war