ടെൽ അവീവ്: ഇസ്രഈലിനെതിരെ ഗുരുതരമായ വിമർശനങ്ങളുമായി രാജി വെച്ച ബ്രിട്ടന്‍ നയതന്ത്രജ്ഞന്‍. ഇസ്രഈലിന് തുടർച്ചയായി ആയുധ വിൽപ്പന നടത്തി ബ്രിട്ടീഷ് സർക്കാർ യുദ്ധക്കുറ്റങ്ങളിൽ പങ്കാളിയാകുന്നു എന്നാരോപിച്ച് രാജിവെച്ച മാര്‍ക്ക് സ്മിത്താണ് ഇസ്രഈലിനെതിരെ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.
ഗസയിലെ ജനങ്ങൾക്ക് നേരെയും അവരുടെ സ്വത്തുക്കൾക്ക് നേരെയും ഇസ്രഈൽ ക്രൂരമായ ആക്രമണമാണ് നടത്തുന്നതെന്ന് മാർക്ക് പറഞ്ഞു. ബി.ബി.സി റേഡിയോ 4 ന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഗസയിലെ സിവിലിയൻമാർക്കും അവരുടെ സ്വത്തിനും നേരെയുള്ള ഭയാനകമായ അക്രമ പ്രവർത്തനങ്ങളാണ് ഞാൻ കണ്ടത്. മാധ്യമങ്ങളിലൂടെയും മറ്റുമായി നിങ്ങൾക്ക് കാണാൻ കഴിയുന്നതിൽ നിന്ന് പോലും ഇത് വളരെ വ്യക്തമാണ്. ഇസ്രഈൽ യുദ്ധക്കുറ്റങ്ങൾ ചെയ്യുകയാണ്. അവർ ഒന്നോ രണ്ടോ തവണയല്ല ഇത് ആവർത്തിക്കുന്നത്. മറിച്ച് പരസ്യമായി തന്നെ ഒരുപാട് തവണ യുദ്ധക്കുറ്റം ചെയ്തുകഴിഞ്ഞിരിക്കുന്നു,’ അദ്ദേഹം പറഞ്ഞു.
ആഭ്യന്തരമായി ഈ പ്രശ്നം ഉന്നയിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ, വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി ഉൾപ്പെടെ എല്ലാ ഉന്നത തലത്തിലും താൻ ഫലസ്തീൻ പ്രശ്നം ഉന്നയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ തനിക്ക് തൃപ്തികരമല്ലാത്ത പ്രതികരണമാണ് ലഭിച്ചതെന്നും ഇത് രാജിക്ക് കാരണമായെന്നും അദ്ദേഹം പറഞ്ഞു.
ഗസയ്‌ക്കെതിരായ ഇസ്രഈലിന്റെ യുദ്ധത്തിൽ രാജിവച്ച ആദ്യത്തെ അറിയപ്പെടുന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനാണ് സ്മിത്ത്. ബ്രിട്ടനിലെ ഫോറിന്‍, കോമണ്‍വെല്‍ത്ത് ആന്റ് ഡെവലപ്മെന്റ് ഓഫീസ് ഉദ്യോഗസ്ഥനായിരുന്നു മാർക്ക് സ്മിത്ത്.
ഗസയിലെ ഇസ്രഈലി യുദ്ധക്കുറ്റങ്ങളിൽ ബ്രിട്ടൻ്റെ പങ്കാളിയാകുന്നതിൽ തങ്ങൾ അസ്വസ്ഥരാണെന്ന് 300 വിദേശ ഓഫീസ് ഉദ്യോഗസ്ഥർ പറഞ്ഞതായി അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന ഒരു മുൻ സിവിൽ സർവീസ് ഓർഗനൈസഷൻ യു.കെയിൽ റിപ്പോർട്ട് ചെയ്തിരുന്നു.
ഗസയിൽ ഇസ്രഈൽ ആക്രമണത്തിൽ ഇതുവരെ 40,000 ത്തിലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടുവെന്ന് പ്രാദേശിക ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തിരുന്നു.
ഇസ്രഈലിന്റെ ആക്രമണത്തിൽ 92,401 പേർക്ക് പരിക്കേൽക്കുകയും ജനസംഖ്യയുടെ 85 ശതമാനത്തിലധികം ആളുകൾക്ക് അവരുടെ വീടുകളിൽ താമസം മാറേണ്ട അവസ്ഥ വരികയും ചെയ്തതായി ഗസ ആരോഗ്യമന്ത്രാലയം പറഞ്ഞു.
ഒക്‌ടോബർ 7ന് ഹമാസ് തെക്കൻ ഇസ്രഈലിലേക്ക് പ്രത്യാക്രമണം നടത്തുകയും 1,200 ഓളം പേർ കൊല്ലപ്പെടുകയും ചെയ്തതിന് പിന്നാലെയായിരുന്നു ഇസ്രഈൽ യുദ്ധം ആരംഭിച്ചത്.
Content Highlight: Israel perpetrating war crimes in plain sight, says resigned UK official Mark Smith