|

കോടതി നിയമനങ്ങളില്‍ നേതാക്കള്‍ക്ക് വീറ്റോ അധികാരം വരെ; ബില്‍ പാസാക്കി ഇസ്രഈല്‍ നെസറ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെല്‍ അവീവ്: ജുഡീഷ്യല്‍ നിയമനത്തില്‍ രാഷ്ട്രീയ നിയന്ത്രണം കൂടുതല്‍ സാധ്യമാക്കുന്ന ബില്‍ പാസാക്കി ഇസ്രഈല്‍ നെസറ്റ്. 2026 ഒക്ടോബറിലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം ബില്‍ പ്രാബല്യത്തില്‍ വരും.

67 വോട്ടുകളോടെയാണ് ബില്‍ പാസായത്. പ്രതിപക്ഷം വോട്ടെടുപ്പ് ബഹിഷ്‌കരിക്കുകയായിരുന്നു. ഭരണകക്ഷിയില്‍ നിന്ന് ഒരാള്‍ ബില്ലിനെ എതിര്‍ക്കുകയും ചെയ്തു.

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, ആദ്യമായാണ് ഇസ്രഈലിലെ ജുഡീഷ്യല്‍ നിയമനത്തില്‍ സര്‍ക്കാര്‍ നേരിട്ട് ഇടപെടുന്നത്. നെസറ്റ് പാസാക്കിയ ബില്‍ സുപ്രീം കോടതിയുടെ വിവേചനാധികാരത്തെയും ജഡ്ജിമാരുടെ നിയമനത്തെയും സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

നിലവിലുള്ള ജഡ്ജിമാരെ തെരഞ്ഞെടുക്കുന്ന ഒമ്പതംഗ സമിതിയില്‍ ബില്‍ മാറ്റമുണ്ടാക്കും. ബില്‍ പ്രാബല്യത്തില്‍ വന്നാല്‍ രാജ്യത്തെ നീതിന്യായ മന്ത്രിയുടെ മേൽനോട്ടത്തിലായിരിക്കും സമിതി പ്രവര്‍ത്തിക്കുക.

ഈ സമിതിയില്‍ മന്ത്രിയെ കൂടാതെ ജഡ്ജിമാര്‍, എം.പിമാര്‍, ബാര്‍ അസോസിയേഷന്‍ പ്രതിനിധികള്‍ എന്നിവര്‍ അംഗങ്ങളായിരിക്കും. നിലവില്‍ സുപ്രീം കോടതിയിലെ നിയമനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത് മൂന്ന് ജഡ്ജിമാര്‍ അടങ്ങുന്ന സമിതിയാണ്.

എന്നാല്‍ നെസറ്റ് പാസാക്കിയ ബില്‍ നടപ്പിലാകുന്നതോടെ ഈ സമിതിയുടെ അധികാരവും ഇല്ലാതാകും. ബില്‍ പ്രാബല്യത്തില്‍ വരുന്നത് വരെ പുതിയ ജഡ്ജിമാരെ നിയമിക്കുന്നതില്‍ നീതിന്യായ മന്ത്രി യാരിവ് ലെവിന്‍ ഈ കമ്മിറ്റികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുമെന്നാണ് വിവരം.

വിലക്ക് ഏര്‍പ്പെടുത്തുന്ന പക്ഷം സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 15ല്‍ നിന്ന് 11 ആയി കുറയും. ബില്ലിലെ ഏറ്റവും അപകടകരമായ നിര്‍ദേശമായി നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്, വിചാരണ കോടതികളില്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് വീറ്റോ അധികാരം നല്‍കുന്നതിനെയാണ്.

കൂടാതെ ഭരണകക്ഷിയും പ്രതിപക്ഷവും ചേര്‍ന്ന് തെരഞ്ഞെടുക്കുന്ന ഇസ്രഈലി ബാര്‍ അസോസിയേഷന്‍ പ്രതിനിധികളെ തല്‍സ്ഥാനത്ത് നിന്ന് മാറ്റാന്‍ ഒമ്പതംഗ സമിതിക്ക് കഴിയും.

അതേസമയം നെസറ്റിന്റെ നടപടിക്കെതിരെ പ്രതിപക്ഷം ഹൈക്കോടതിയില്‍ ഒന്നിലധികം ഹരജികള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. ജുഡീഷ്യറിയില്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന ബില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ച് ആയിരക്കണക്കിന് ഇസ്രഈല്‍ പൗരന്മാര്‍ നെസറ്റിന് മുമ്പില്‍ തടിച്ചുകൂടിയതായി മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.

നേരത്തെ നീതിന്യായ വ്യവസ്ഥയെ പുനഃക്രമീകരിക്കാന്‍ ശ്രമിക്കുന്ന ഒരു കൂട്ടം ബില്ലുകള്‍ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അവതരിപ്പിച്ചു. തുടര്‍ന്ന് ഈ ബില്ലുകള്‍ക്കെതിരെ രാജ്യത്ത് രൂക്ഷമായ ബഹുജന പ്രക്ഷോഭമാണ് ഉണ്ടായത്.

Content Highlight: Israel parliament passes bill bringing judicial appointments under political control