രണ്ടാഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ, നവംബര്‍ 5 ഞായറാഴ്ച പാരീസില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന എം.ടി.വി. യൂറോപ്പ് മ്യൂസിക് അവാര്‍ഡ്‌സ് (mtv-ema) റദ്ദ് ചെയ്തതായി പാരാമൗണ്ട് അറിയിച്ചു. ഇസ്രഈല്‍-ഗസ സാഹചര്യത്തിലാണ് ഇതെന്ന് അവാര്‍ഡ് നല്‍കുന്ന പാരാമൗണ്ട് കമ്പനി പറയുന്നു.
‘ലോക സംഭവങ്ങളുടെ അസ്ഥിരത കണക്കിലെടുത്ത്, 2023 എം.ടി.വി. മ്യൂസിക് അവാര്‍ഡ്‌സുമായി മുന്നോട്ട് പോകുന്നില്ലെന്ന് ഞങ്ങള്‍ തീരുമാനിച്ചു. എം.ടി.വി. യൂറോപ്പ് മ്യൂസിക് അവാര്‍ഡ്‌സിന്റെ ആയിരക്കണക്കിന് ജീവനക്കാര്‍, ക്രൂ അംഗങ്ങള്‍, ആര്‍ട്ടിസ്റ്റുകള്‍, ആരാധകര്‍, പാര്‍ട്ണര്‍മാര്‍ ഉള്‍പ്പെടെ ലോകത്തിന്റെ എല്ലാ കോണുകളില്‍ നിന്നും ആളുകള്‍ യാത്ര ചെയ്ത് എത്തേണ്ടതുണ്ട്.
ഇതിനകം ആയിരക്കണക്കിന് ജീവനുകള്‍ നഷ്ടപ്പെട്ടതിനാല്‍, ഇത് ദുഃഖപൂര്‍ണമായ നിമിഷമാണ്. 2024 നവംബറില്‍ എം.ടി.വി. യൂറോപ്പ് മ്യൂസിക് അവാര്‍ഡ്‌സ് നടത്താമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,’ കമ്പനി വക്താവ് അറിയിച്ചു.
നവംബര്‍ 5, ഞായറാഴ്ച പാരീസില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന അവാര്‍ഡ് ഷോ 150ലധികം രാജ്യങ്ങളില്‍ എം.ടി.വിയില്‍ ലൈവ് ടെലികാസ്റ്റിങ് ചെയ്യേണ്ടതായിരുന്നു. ബി.ടി.എസിലെ ജങ്കുക്ക് (jungkook), ദി കിഡ് ലാറോയ് (the kid laroi), സബ്രീന കാര്‍പെന്റര്‍ (sabrina carpenter) ഉള്‍പ്പെടെയുള്ള പോപ്പ് ആര്‍ട്ടിസ്റ്റുകളുടെ ലൈവ് പെര്‍ഫോമന്‍സും നടക്കേണ്ടതായിരുന്നു.
ഡോജ ക്യാറ്റ് (doja cat), മൈലി സൈറസ് (miley cyrus), ഒലിവിയ റോഡ്രിഗോ (olivia rodrigo), ടെയ്ലര്‍ സ്വിഫ്റ്റ് (taylor swift) നിക്കി മിനാജ് (nicki minaj) എന്നിവരായിരുന്നു ബെസ്റ്റ് ആര്‍ട്ടിസ്റ്റ് അവാര്‍ഡിലേക്കുള്ള നോമിനേഷനില്‍ ഉണ്ടായിരുന്നത്.
യൂറോപ്പ് മ്യൂസിക് അവാര്‍ഡ്‌സ് 1994ല്‍ ആരംഭിച്ചതിന് ശേഷം ചരിത്രത്തില്‍ ആദ്യമായാണ് ഒരു വര്‍ഷത്തെ ഷോ വേണ്ടെന്ന് വെക്കുന്നത്. ഓരോ വര്‍ഷവും വ്യത്യസ്ത രാജ്യങ്ങളിലാണ് ഷോ നടക്കാറുള്ളത്. 1994ല്‍ ജര്‍മനിയിലെ ബെര്‍ലിനിലെ ബ്രാന്‍ഡന്‍ബര്‍ഗ് ഗേറ്റില്‍ ആയിരുന്നു ഷോ.
കഴിഞ്ഞ വര്‍ഷം ജര്‍മ്മനിയിലെ ഡസല്‍ഡോര്‍ഫിലെ പി.എസ്.ഡി ബാങ്ക് ഡോമിലായിരുന്നു യൂറോപ്പ് മ്യൂസിക് അവാര്‍ഡ്‌സ് നടന്നത്. ടെയ്ലര്‍ സ്വിഫ്റ്റ് 10 വര്‍ഷത്തിനിടെ ആദ്യമായി ഷോയില്‍ പങ്കെടുത്തത് 2022ല്‍ ആയിരുന്നു. അതില്‍ ടെയ്ലര്‍ ബെസ്റ്റ് ആര്‍ട്ടിസ്റ്റ് അവാര്‍ഡ് ഉള്‍പ്പെടെ നാല് അവാര്‍ഡുകള്‍ നേടിയിരുന്നു.
Content Highlight: Israel-Palestine War; Paramount Cancels Europe Music Awards Show In Paris