ന്യൂദല്‍ഹി: ഇസ്രഈലിലേക്ക് ഇന്ത്യന്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യയിലെ പ്രധാന ട്രേഡ് യൂണിയനുകള്‍ രംഗത്ത്. പതിനായിരക്കണക്കിന് ഇന്ത്യന്‍ തൊഴിലാളികള ഇസ്രഈലിലേക്ക് അയക്കാമെന്നുള്ള ഇന്ത്യയുടെ കരാര്‍ ഉടന്‍ റദ്ദാക്കണമെന്നും ട്രേഡ് യൂണിയനുകള്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഇസ്രഈല്‍ – ഫലസ്തീന്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ വര്‍ക്കിങ് പെര്‍മിറ്റ് റദ്ദാക്കിയ 90,000 ഫലസ്തീനി തൊഴിലാളികള്‍ക്ക് പകരമായി ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്യാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
മെയ് മാസത്തില്‍ ന്യൂദല്‍ഹി സന്ദര്‍ശനവേളയില്‍ ഇസ്രഈല്‍ വിദേശകാര്യ മന്ത്രി ഹെലി കോഹന്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കരുമായി ഏകദേശം 42,000 ഇന്ത്യന്‍ തൊഴിലാളികളെ ഇസ്രഈലിലേക്ക് കൊണ്ടുവരുന്നതിനുള്ള കരാറില്‍ ഒപ്പു വച്ചിരുന്നു. ഈ കരാര്‍ റദ്ദാക്കണമെന്നാണ് ട്രേഡ് യൂണിയനുകള്‍ ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ഐ.എന്‍.ടി.യു.സി, എച്ച്.എം.എസ് തുടങ്ങി നിരവധി ട്രേഡ് സംഘടനകള്‍ ഫലസ്തീന്‍ തൊഴിലാളികള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാന്‍ ട്രേഡ് യൂണിയനുകളോട് ആഹ്വാനം ചെയ്തു.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇസ്രഈലിലേക്ക് തൊഴിലാളികളെ കയറ്റി അയക്കുന്നതിലും വലിയ അധാര്‍മികവും വിനാശകരവുമായ തീരുമാനമില്ലെന്ന് നവംബര്‍ ഒമ്പതിന് ഇറക്കിയ തുറന്ന കത്തില്‍ യൂണിയനുകള്‍ പറഞ്ഞു.
ഇന്ത്യന്‍ തൊഴിലാളികളെ കയറ്റി അയക്കാനുള്ള തീരുമാനത്തിലൂടെ ഇന്ത്യന്‍ തൊഴിലാളികളെ മനുഷ്യത്വരഹിതമായി വില്പന ചരക്ക് ആക്കുകയാണെന്നും അവര്‍ ആരോപിച്ചു.
‘
ഇത്തരം നടപടിയിലൂടെ ഫലസ്തീനികള്‍ക്കെതിരെ ഇസ്രഈല്‍ നടത്തുന്ന വംശഹത്യയില്‍ ഇന്ത്യ പങ്കാളിയാകുകയാണ്. ഇത് ഇന്ത്യന്‍ തൊഴിലാളികളെ പ്രതികൂലമായി ബാധിക്കും,’ട്രേഡ് യൂണിയനുകള്‍ പറഞ്ഞു.
‘ഇന്ത്യന്‍ തൊഴിലാളികളെ കയറ്റുമതി ചെയ്യാന്‍ ഇസ്രഈലുമായി ഒപ്പുവെച്ച കരാര്‍ റദ്ദാക്കണം. ഫലസ്തീന്‍ എതിരെയുള്ള ഇസ്രഈല്‍ അക്രമം ഉടന്‍ അവസാനിപ്പിക്കണം. ഒരു പരമാധികാരി രാജ്യമായി ഫലസ്തീനെ അംഗീകരിക്കണം,’ തൊഴിലാളി യൂണിയനുകള്‍ ആവശ്യപെട്ടു.
ഇസ്രഈല്‍ ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാനും ഇന്ത്യന്‍ തൊഴിലാളികളോട് ഇസ്രഈല്‍ ചരക്ക് കൈകാര്യം ചെയ്യാതിരിക്കാനും അവര്‍ ആവശ്യപ്പെട്ടു.
ഇസ്രഈല്‍-ഫലസ്തീന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഫലസ്തീന്‍ തൊഴിലാളികളുടെ വര്‍ക്ക് പെര്‍മിറ്റ് ഇസ്രഈല്‍ റദ്ദാക്കിയിരുന്നു. ഇതിനു പിന്നാലെ വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കിയ 90000 ഫലസ്തീനികള്‍ക്ക് പകരമായി ഇന്ത്യയില്‍ നിന്ന് ഒരു ലക്ഷം തൊഴിലാളികളെ നിയമിക്കാന്‍ അനുവദിക്കണമെന്ന് ഇസ്രഈല്‍ നിര്‍മ്മാണ മേഖല ഇന്ത്യന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
CONTENT HIGHLIGHT:Israel-Palestine war: Indian unions call for end to labour deal with Israel