ഇസ്രഈൽ - ഫലസ്തീൻ യുദ്ധം; ഗസ മുനമ്പിൽ സഹായവുമായി ഈജിപ്ത്
ISRAELI–PALESTINIAN CONFLICT
ഇസ്രഈൽ - ഫലസ്തീൻ യുദ്ധം; ഗസ മുനമ്പിൽ സഹായവുമായി ഈജിപ്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 10th October 2023, 5:39 pm

ജറുസലേം: ഗസ മുനമ്പിൽ ഇസ്രഈൽ ഓപ്പറേഷനുകൾ നടന്നുകൊണ്ടിരിക്കെ, അഭയാർത്ഥി പ്രവാഹത്തിന് സജ്ജമായി ഈജിപ്‌ത്.

ഭവനരഹിതരായവരെയും പരിക്കേറ്റവരെയും സംരക്ഷിക്കാൻ വടക്കൻ സിനായിയിൽ സംവിധാനങ്ങൾ ഒരുക്കിയതായി മദ മസർ എന്ന ഓൺലൈൻ പോർട്ടൽ റിപ്പോർട്ട് ചെയ്തു.

ഈജിപ്തിന്റെ അതിർത്തിയിലുള്ള ഇസ്രഈലി സൈനിക ക്യാമ്പ് ഒഴിപ്പിച്ചതായും റിപ്പോർട്ടിൽ പറയുന്നു. എങ്ങനെ നേരിടുമെന്ന് നിശ്ചയമില്ലാത്ത ഒരു മാനുഷിക ദുരന്തം സംഭവിക്കുമെന്ന് ഈജിപ്‌ത് ഭയക്കുന്നതായും സാഹചര്യം കൂടുതൽ വഷളായാൽ നേരിടാൻ ഗസ മുനമ്പിൽ ഈജിപ്ത് സഹായം എത്തിച്ചതായും മദ മസർ റിപ്പോർട്ട് ചെയ്തു.

മുനമ്പിൽ നിന്ന് ഈജിപ്‌ത് തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരെയും പൗരന്മാരെയും ഒഴിപ്പിക്കുകയാണെന്നും ഹമാസിനും ഇസ്രഈലിനുമിടയിൽ ചർച്ച നടത്തണോ എന്ന് ആലോചിക്കുകയാണെന്നും റിപ്പോർട്ടുണ്ട്.

അതേസമയം ഹമാസ് പ്രതിരോധത്തിൽ ഇസ്രഈലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും വലതുപക്ഷ സർക്കാരും പ്രതിസന്ധിയിലാണ്. ഇസ്രഈലി സൈനികരെയും ജനങ്ങളെയും ഹമാസ് ബന്ദികൾ ആക്കിയതിനെ തുടർന്ന് രാജ്യത്ത് സർക്കാരിനെതിരെ ശബ്ദങ്ങൾ ഉയരുന്നത്.

തടവിലാക്കപ്പെട്ടിട്ടുള്ള 4500 ഫലസ്തീൻ തടവുകാരെ ഇതിനോടകം വിട്ടയക്കണം എന്നാണ് ഹമാസിന്റെ ആവശ്യം. ഗസയിൽ വ്യോമാക്രമണം തുടർന്നാൽ പരസ്യമായി ബന്ദികളെ കൊലപ്പെടുത്തുമെന്നാണ് ഹമാസിന്റെ മുന്നറിയിപ്പ്.

1985ൽ മൂന്നു ഇസ്രാഈലി തടവുകാർക്ക് പകരമായി 1150 ഫലസ്തീനികളെ മോചിപ്പിക്കേണ്ടി വന്നിരുന്നു. കൂടാതെ 2006ൽ ഗിലാദ് ഷാളിൽ എന്ന സൈനികനെ വിട്ടയക്കുന്നതിനായി 1000 ഫലസ്തീൻ തടവുകാരെയും മോചിപ്പിക്കേണ്ടിയും വന്നു. അതേ അവസ്ഥ വീണ്ടും നേരിടേണ്ടി വരുമോ എന്നാണ് ഇസ്രാഈലി പ്രതിപക്ഷം ഉയർത്തുന്ന ചോദ്യം.

അതേസമയം ദീർഘകാലം ഇസ്രഈൽ പൗരന്മാർ ബന്ദി ആക്കപ്പെടുകയോ ആക്രമണത്തിന് ഇരയായാകുകയോ ചെയ്താൽ അത് നെതന്യാഹുവിന്റെ രാഷീട്രീയ ഭാവിയെ ബാധിക്കുന്നതാണെന്ന റിപ്പോർട്ടുകൾ ഇതികനം തന്നെ പുറത്തുവരുന്നുണ്ട്.

Content Highlight: Israel-Palestine war: Egypt prepares for influx of refugees from Gaza amid bombing