ലണ്ടന്‍: ബ്രിട്ടനിലെ മുതിര്‍ന്നവരില്‍ 76 ശതമാനവും ഇസ്രഈല്‍-ഹമാസ് യുദ്ധത്തില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്നതായി സര്‍വ്വേ റിപ്പോര്‍ട്ട്. ഋഷി സുനക് സര്‍ക്കാര്‍ ഇസ്രഈലിന്റെ ആക്രമണങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുന്ന പശ്ചാത്തലത്തിലാണ് സര്‍വ്വേ റിപ്പോര്‍ട്ട് പുറത്ത് വരുന്നത്.
ഇസ്രഈല്‍ ഫലസ്തീന്‍ യുദ്ധത്തില്‍ ഉടനടി വെടിനിര്‍ത്തല്‍ വേണോ എന്ന ചോദ്യത്തിന് 58 ശതമാനം ‘തീര്‍ച്ചയായും വേണം’ എന്നും 18 ശതമാനം ‘ഒരു പക്ഷേ വേണമെന്നും’
പറഞ്ഞു. വെറും എട്ട് ശതമാനംമാത്രമാണ് വെടിനിര്‍ത്തല്‍ ആശ്യമില്ലെന്ന് പറഞ്ഞത്. 16 ശതമാനം തങ്ങള്‍ക്കറിയില്ലെന്ന മറുപടിയാണ് കൊടുത്തത്.
ഒക്ടോബര്‍ 19 ന് യു.കെ ആസ്ഥാനമായ യുഗോവ് പോളിങ് കമ്പനിയാണ് സര്‍വ്വേ നടത്തിയത്. 2685 ആളുകളില്‍ നിന്നാണ് കമ്പനി വിവരം ശേഖരിച്ചത്.
ഇതിന് മുന്‍പ് യുഗോവ് നടത്തിയ മറ്റൊരു സര്‍വ്വേയില്‍ നിങ്ങള്‍ ഇസ്രഈലിനെയാണോ ഫലസ്തീനെയാണോ അനുകൂലിക്കുന്നത് എന്ന് ചോദിച്ചിരുന്നു. 2574 പേരില്‍ 21 ശതമാനം ഇസ്രഈലിനെ പിന്തുണച്ചപ്പോള്‍ 17 ശതമാനം ഫലസ്തീനൊപ്പം നിന്നു. 30 ശതമാനം പോളിങ്ങോടെ ഫലസ്തീന് ഏറ്റവും കൂടുതല്‍ പിന്തുണ ലഭിച്ചത് സ്‌കോട്ട്‌ലാന്റില്‍ നിന്നുമാണ്. ഇസ്രഈലിനെ കൂടുതല്‍ പേര്‍ അനുകൂലിച്ചത് വടക്കന്‍ ഇംഗ്ലണ്ടില്‍ നിന്നാണ്. എന്നാല്‍ 29 ശതമാനം പേര്‍ രണ്ടിനെയും അനുകൂലിക്കുന്നതായും 39 ശതമാനം അറിയില്ലെന്നും പോള്‍ ചെയ്തു.
88 ശതമാനം ഇടത് – ലേബര്‍ പാര്‍ട്ടി അനുകൂലികളും 73 ശതമാനം വലത് കണ്‍സര്‍വേറ്റീവ് പാര്‍ട്ടികളും ഉടന്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടു.
അതേസമയം പുറത്ത് വരുന്ന സര്‍വ്വേ ഫലങ്ങള്‍ ബ്രിട്ടീഷ് സര്‍ക്കാറും ജനങ്ങളും നമ്മിലുള്ള അഭിപ്രായ ഭിന്നത തുറന്നുകാട്ടുന്നതാണ്.
ഇസ്രഈലിനോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് ഇസ്രഈല്‍ സന്ദര്‍ശിച്ചിരുന്നു. ‘ഞങ്ങള്‍ നിങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപ്പിക്കുന്നു, നിങ്ങളോട് ഒപ്പം നില്‍ക്കുകയും നിങ്ങളുടെ വിജയത്തിനായി ആഗ്രഹിക്കുകയും ചെയ്യുന്നു ‘ കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞു.
ബ്രിട്ടീഷ് പാര്‍ലമെന്റില്‍ സര്‍ക്കാറിന്റെ നിലപാടുകള്‍ക്കെതിരെ സമ്മര്‍ദം ഉയര്‍ന്നു വരുന്നുണ്ട്. ബുധനാഴ്ച പാര്‍ലമെന്റില്‍ 40 അംഗങ്ങള്‍ വെടി നിര്‍ത്തലിന് ആവശ്യം ഉന്നയിച്ചു. കൂടാതെ ഗസയിലേക്ക് മരുന്നും ഭക്ഷണവും, ഇന്ധനവും എത്തിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
സഹായത്തിനായി ഗസയിലേക്ക് വഴികള്‍ അനുവദിക്കുന്ന തീരുമാനത്തെ സുനക് അനുകൂലിച്ചിരുന്നു.
ഗസ ബോംബാക്രമണത്തില്‍ പ്രതിഷേധിച്ചും ഫലസ്തീനെ അനുകൂലിച്ചും നിരവധി പ്രകടനങ്ങള്‍ ലണ്ടനില്‍ നടക്കുന്നുണ്ട്. മാഞ്ചസറ്റര്‍, ലിവര്‍പൂള്‍, ഗാസ്‌ഗോ എന്നിവിടങ്ങളിലും പ്രതിഷേധങ്ങളുയരുന്നുണ്ട്.
ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ ഇസ്രഈല്‍ അനുഭാവത്തിനെതിരെ നയതന്ത്രജ്ഞരില്‍ നിന്നും നിയമ സംഘടനകളില്‍ നിന്നും വിമര്‍ശനം നേരിടുന്നുണ്ട്. പ്രതിപക്ഷ കക്ഷിയായ ലേബര്‍ പാര്‍ട്ടിയും ഫലസ്തീന്‍ വിരുദ്ധ പരാമര്‍ശങ്ങളിലൂടെ വിവാദങ്ങളില്‍ പെട്ടിരുന്നു.
ഇസ്രഈലിന് സൈനിക സാമ്പത്തിക രാഷ്ടീയ പിന്തുണ നല്‍കിയതിനെതിരെ ഇന്റര്‍നാഷണല്‍ സെന്റര്‍ ഓഫ് ജസ്റ്റിസ് ഫോര്‍ ഫലസ്തീന്‍ സുനക്കിന് കത്തയച്ചിരുന്നു.
content highlight: Israel-Palestine war: 76 percent of Britons want immediate ceasfire