ഈജിപ്റ്റിന്റെ മധ്യസ്ഥ ഫോര്‍മുല ഫലം കണ്ടു; ഗാസയില്‍ വെടി നിര്‍ത്തല്‍, ആക്രമണം അവസാനിപ്പിച്ചതായി ഇസ്രാഈല്‍
World News
ഈജിപ്റ്റിന്റെ മധ്യസ്ഥ ഫോര്‍മുല ഫലം കണ്ടു; ഗാസയില്‍ വെടി നിര്‍ത്തല്‍, ആക്രമണം അവസാനിപ്പിച്ചതായി ഇസ്രാഈല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 21st May 2021, 7:07 am

ജറുസലേം: കഴിഞ്ഞ 11 ദിവസമായി ഫലസ്തീനെതിരെ നടത്തിവന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നതായി ഇസ്രാഈല്‍. ഈജിപ്ത് മുന്നോട്ടുവെച്ച മധ്യസ്ഥ ഫോര്‍മുല അംഗീകരിച്ചതായും വെടിനിര്‍ത്തലിന് തങ്ങള്‍ തയ്യാറാണെന്നും ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു.

വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ വെടി നിര്‍ത്തല്‍ നിലവില്‍ വന്നതായാണ് റിപ്പോര്‍ട്ട്. ഇസ്രാഈലിന് പിന്നാലെ ഹമാസും വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

നേരത്തെ ഫലസ്തീനെതിരെയുള്ള ആക്രമണങ്ങളില്‍ ഇസ്രാഈല്‍ ഗണ്യമായ കുറവ് വരുത്തണമെന്നാവശ്യപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തെത്തിയിരുന്നു. ഫലസീതിനികള്‍ക്ക് നേരെ പട്ടാളം നടത്തുന്ന ഏറ്റുമുട്ടലുകളില്‍ ഇസ്രാഈല്‍ വലിയ രീതിയില്‍ കുറവ് വരുത്തുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് ബൈഡന്‍ പറഞ്ഞത്.

വെടിനിര്‍ത്തല്‍ എന്ന നടപടിയിലേക്ക് നീങ്ങണമെന്നും അതിന്റെ ഭാഗമായി ആക്രമണങ്ങള്‍ കുറച്ചുകൊണ്ടുവരണമെന്നും പ്രസിഡന്റ് ജോ ബൈഡന്‍ പ്രധാനമന്ത്രി നെതന്യാഹുവിനോട് ആവശ്യപ്പെട്ടിരുന്നു.

ബൈഡന്റെ നേതൃത്വത്തില്‍ ഈജിപ്ത് അടക്കമുള്ള രാഷ്ട്രങ്ങളുമായി ചേര്‍ന്ന് ഇസ്രാഈലും ഫലസ്തീനും തമ്മില്‍ വെടിനിര്‍ത്തല്‍ കരാറിലെത്താനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണെന്ന് വൈറ്റ് ഹൗസ് കഴിഞ്ഞ ദിവസം പുറത്തുവിട്ട് പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

അതേസമയം പതിനൊന്ന് ദിവസം നീണ്ട ഇസ്രാഈല്‍ ആക്രമണത്തില്‍ 232 ഫലസ്തീനികളാണ് ഗാസയില്‍ കൊല്ലപ്പെട്ടത്. ഇതില്‍ 65 കുട്ടികളും 39 സ്ത്രീകളും ഉള്‍പ്പെടുന്നു.

1900 പേര്‍ ഗുരുതരമായ പരിക്കുകളോടെ ചികിത്സയില്‍ കഴിയുകയാണ്. ഹമാസ് നടത്തിയ പ്രത്യാക്രമണങ്ങളില്‍ രണ്ട് കുട്ടികളും ഒരു മലയാളിയും ഉള്‍പ്പെടെ 12 പേര്‍ ഇസ്രാഈലിലും കൊല്ലപ്പെട്ടു. ഇരുന്നൂറിലധികം പേര്‍ക്ക് പരിക്കുകളുമുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlights; Israel- Palastine Ceasfire After 11 Days Attack