ഫലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ചതിന് പിന്നാലെ നോർവേയിൽ നിന്ന് അംബാസിഡറെ തിരിച്ചുവിളിച്ച് ഇസ്രഈൽ
World
ഫലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ചതിന് പിന്നാലെ നോർവേയിൽ നിന്ന് അംബാസിഡറെ തിരിച്ചുവിളിച്ച് ഇസ്രഈൽ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 22nd May 2024, 5:38 pm

ടെൽ അവീവ്: ഫലസ്തീനെ ഒരു സ്വതന്ത്ര രാജ്യമായി അംഗീകരിച്ചതിന് പിന്നാലെ നോർവേയിൽ നിന്ന് അംബാസിഡറെ തിരിച്ചു വിളിച്ച് ഇസ്രഈൽ. നോർവേയോടുള്ള പ്രതിഷേധം അറിയിക്കാനാണ് ഇസ്രഈൽ അംബാസിഡറെ തിരിച്ചു വിളിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

നോർവേക്ക് പുറമെ അയർലൻഡ്, സ്പെയിൻ എന്നീ രാജ്യങ്ങളാണ് ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചത്.

അയർലൻഡിൽ നിന്നും ഉടനെ തന്നെ തങ്ങളുടെ അംബാസിഡറെ ഇസ്രഈൽ തിരിച്ച് വിളിക്കുമെന്നാണ് സൂചന. ഫലസ്തീനെ അംഗീകരിച്ചതിനെ തുടർന്ന് അയർലണ്ടും നോർവെയും സ്പെയിനും തീവ്രവാദത്തെ അംഗീകരിക്കുന്നുവെന്നാണ് ഇസ്രഈൽ വിദേശകാര്യ മന്ത്രി ഇസ്രേൽ കാറ്റ്സ് പ്രതികരിച്ചത്.

ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചതോടെ ഗസയിലെ വെടിനിർത്തലും ഇസ്രഈൽ ബന്ദികളെ മോചിപ്പിക്കുന്നതും അനിശ്ചിതത്തിലാണെന്നും ഇസ്രഈൽ വിദേശകാര്യ മന്ത്രി കൂട്ടിച്ചേർത്തു.

പശ്ചിമേഷ്യയിൽ സമാധാനം വേണമെങ്കിൽ ഫലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിക്കണമെന്ന് നോർവേ പ്രധാനമന്ത്രി ജോനസ് ഗഹർ സ്റ്റോർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഫലസ്തീനെ ഒരു സ്വതന്ത്ര രാജ്യമായി കണക്കാക്കുന്നതിലൂടെ പശ്ചിമേഷ്യയിലെ സമാധാനം പുനർസ്ഥാപിക്കുക എന്ന പദ്ധതിയെ പിന്തുണക്കുക കൂടിയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗസയിലെ കൂട്ടക്കുരുതിയിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതി ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും പ്രതിരോധ മന്ത്രിക്കും അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫലസ്തീന് പിന്തുണയുമായി സ്പെയിൻ, അയർലൻഡ്, നോർവേ എന്നീ രാജ്യങ്ങൾ മുന്നോട്ടെത്തിയത്.

അയർലൻഡ്, നോർവേ, സ്പെയിൻ എന്നീ രാജ്യങ്ങളുടെ പ്രഖ്യാപനത്തെ ഫലസ്തീൻ സ്വാഗതം ചെയ്തു. ഇതോടെ ഫലസ്തീൻ ഒരു സ്വതന്ത്ര രാജ്യമായി കണക്കാക്കുന്ന 140 രാജ്യങ്ങളോടൊപ്പം സ്പെയിനും നോർവെയും അയർലൻഡും ഉൾപ്പെടും. ബ്രിട്ടനും യു.എസും ഉൾപ്പടെ ഐക്യരാഷ്ട്ര സഭയുടെ മൂന്നിൽ രണ്ട് രാജ്യങ്ങളും ഫലസ്‌തീൻ ഒരു സ്വതന്ത്ര രാജ്യമായി അംഗീകരിച്ചിട്ടുണ്ട്.

 

 

Content Highlight: Israel ordered recall of ambassadors from Ireland and Norway