[] ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ഗംഗാ ശുദ്ധീകരണ പദ്ധതിയില്‍ പങ്കുകൊള്ളാന്‍ താല്‍പര്യം പ്രകടിപ്പിച്ചുകൊണ്ട് ഇസ്രഈല്‍ രംഗത്ത്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ജലവിഭവമന്ത്രി ഉമാഭാരതിയുമായി ചര്‍ച്ചകള്‍ നടത്തിയതായി ഇസ്രഈല്‍ ധനകാര്യ വകുപ്പ് മേധാവി യൊനാഥന്‍ ബെന്‍-സകെന്‍ അറിയിച്ചു.
പദ്ധതിയുമായി ബന്ധപ്പെട്ടുള്ള സാങ്കേതികവിവരസഹായങ്ങള്‍ നല്‍കാന്‍ തങ്ങള്‍ തയ്യാറാണെന്ന് ഇന്ത്യയെ അറിയിച്ചിതായി യൊനാഥന്‍ വ്യക്തമാക്കി. ഗംഗയില്‍ നിന്നും വ്യാവസായിക മാലിന്യങ്ങള്‍ നീക്കം ചെയ്യലാണ് ആദ്യം പദ്ധതിയുടെ ആദ്യഘട്ടം. ഏറ്റവും ഉചിതമായ രീതിയില്‍ ജലസംരക്ഷണ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിലും നടപ്പിലാക്കുന്നതിലും ഇസ്രഈല്‍ വളരെ പ്രഗല്‍ഭരാണെന്നും യൊനാഥന്‍ പറഞ്ഞു.
“നമാമി ഗംഗ” എന്ന് പേരിട്ട പദ്ധതിയിലൂടെ ഗംഗ നദിയിലെ മാലിന്യം മൂന്നു വര്‍ഷത്തിനുള്ളില്‍ തുടച്ചുനീക്കാനാണ് മോദി സര്‍ക്കാരിന്റെ തീരുമാനം.
വിപണനരംഗത്ത് പുതിയ സംരംഭങ്ങള്‍ ലക്ഷ്യംവെച്ച് പ്രധാനമന്ത്രി സംഘടിപ്പിച്ച ബിസിനസ് ചര്‍ച്ചകളില്‍ 11 ഇസ്രഈല്‍ കമ്പനികള്‍ പങ്കെടുത്തിരുന്നു. ഇതിന്റെ ഭാഗമായി നടന്ന സെമിനാറിലാണ് യൊനാഥന്‍ ഗംഗാ പദ്ധതിയുമായി സഹകരിക്കാനുള്ള താല്‍പര്യം അറിയിച്ചത്.