| Monday, 16th September 2024, 5:15 pm

ഗസയില്‍ യുദ്ധം ചെയ്താല്‍ പൗരത്വം നല്‍കാം; ആഫ്രിക്കന്‍ അഭയാര്‍ത്ഥികളോട് ഇസ്രഈല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെല്‍ അവീവ്: ഗസയിലെ ഫലസ്തീനികള്‍ക്കെതിരായ യുദ്ധത്തില്‍ പങ്കെടുത്താല്‍ ആഫ്രിക്കന്‍ അഭയാർത്ഥികൾക്ക് പൗരത്വം നല്‍കുമെന്ന് ഇസ്രഈല്‍. നിയമോപദേശകര്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ പ്രകാരമാണ് ഇസ്രഈല്‍ പ്രതിരോധ മന്ത്രാലയത്തിന്റെ നടപടി.

ഇസ്രഈലി മാധ്യമമായ ഹാരെറ്റ്‌സ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. യുദ്ധത്തില്‍ നിരവധി സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട സാഹചര്യത്തില്‍ കൂടിയാണ് ഇസ്രഈലിന്റെ നീക്കം.

നിലവിലെ കണക്കുകള്‍ പ്രകാരം 30000ത്തിലധികം ആഫ്രിക്കന്‍ അഭയാര്‍ത്ഥികള്‍ ഇസ്രഈലില്‍ താമസിക്കുന്നുണ്ട്. ഇസ്രഈല്‍ പൗരത്വം നേടാന്‍ കാലങ്ങളായി ആഗ്രഹിക്കുന്ന അഭയാര്‍ത്ഥികളെ സ്വാധീനക്കാനാണ് പ്രസ്തുത അറിയിപ്പിലൂടെ നെതന്യാഹു സര്‍ക്കാര്‍ ശ്രമിക്കുന്നത്.

എന്നാല്‍ ഇതുവരെയുള്ള ഗസയിലെ സൈനിക നടപടിയില്‍ പങ്കെടുത്ത അഭയാര്‍ത്ഥികള്‍ക്ക് ഇസ്രഈല്‍ ഔദ്യോഗിക പദവികളോ മറ്റ് ആനുകൂല്യങ്ങളോ നല്‍കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. നിരവധി തവണ ഇസ്രഈലിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അഭയാര്‍ത്ഥികളെ ഉപയോഗിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗസക്കെതിരായ യുദ്ധത്തില്‍ ഇസ്രഈലി സൈന്യത്തോടപ്പം ചേര്‍ന്ന അഭയാര്‍ത്ഥികള്‍ ഒന്നിലധികം ആവശ്യങ്ങള്‍ മുന്നോട്ടുവെച്ചിട്ടിട്ടുണ്ടെന്നും ഹാരെറ്റ്‌സ് ചൂണ്ടിക്കാട്ടി. എന്നാല്‍ അഭയാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ ഇസ്രഈല്‍ ഇതുവരെ തയ്യാറായിട്ടില്ല.

അതേസമയം ഗസയില്‍ കൊല്ലപ്പെട്ട ഫിലിപ്പിനോ-ഇസ്രഈല്‍ റിസര്‍വ് സൈന്‍ സൈനികന്റെ മാതാപിതാക്കള്‍ക്ക് ഇസ്രഈല്‍ പൗരത്വം നല്‍കിയിരുന്നു. 2023ല്‍ ഫലസ്തീന്‍ സായുധ സംഘടനായ ഹമാസ് തെക്കന്‍ ഇസ്രഈലില്‍ നടത്തിയ പ്രത്യാക്രമണത്തില്‍ മൂന്ന് അഭയാര്‍ത്ഥികള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. അന്താരാഷ്ട്ര മാധ്യമങ്ങളുടെയും മനുഷ്യവകാശ സംഘടനകളുടെയും റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, ആഫ്രിക്കന്‍ അഭ്യര്‍ത്ഥികളോട് ഇസ്രഈല്‍ സര്‍ക്കാര്‍ വളരെ മോശമായാണ് പെരുമാറുന്നത്.

ഇതിനുപുറമെ ഇന്ത്യയിലെ മണിപ്പൂര്‍, മിസോറാം സംസ്ഥാനങ്ങളില്‍ ജനിച്ച ഇസ്രഈലികള്‍ ഗസക്കെതിരായ യുദ്ധത്തില്‍ ചേരണമെന്ന ആഹ്വാനത്തോട് പ്രതികരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

2023 ഒക്ടോബറില്‍ ഇന്ത്യാ ടുഡേ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം, കുറഞ്ഞത് 400 ഇന്ത്യന്‍ പൗരന്മാരെങ്കിലും ഇസ്രഈല്‍ സൈന്യത്തോടപ്പം ഗസയില്‍ ആക്രമണം നടത്തുന്നുണ്ട്. സൈന്യത്തിലെ ഇന്ത്യന്‍ പൗരന്മാരുടെ എണ്ണത്തില്‍ വ്യക്തതയില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു.

കൂടാതെ ഫലസ്തീന്‍-ഇസ്രഈല്‍ സംഘര്‍ഷം രൂക്ഷമായതോടെ ഇസ്രഈലിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നിലച്ചിരുന്നു. ഇസ്രഈലില്‍ ജോലി ചെയ്തിരുന്ന ഫലസ്തീന്‍ നിര്‍മാണ തൊഴിലാളികള്‍ യുദ്ധം ആരംഭിച്ചതോടെ രാജ്യം വിടുകയായിരുന്നു.

പിന്നാലെ ഇന്ത്യയില്‍ നിന്നുള്ള നിര്‍മാണ തൊഴിലാളികളെ രാജ്യത്തെത്തിക്കാന്‍ ഇസ്രഈലി സര്‍ക്കാര്‍ മോദി സര്‍ക്കാരുമായി കരാറിലെത്തിയിരുന്നു. ഇതുപ്രകാരം നിരവധി ഇന്ത്യന്‍ നിര്‍മാണ തൊഴിലാളികള്‍ ഇസ്രഈലിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ആഫ്രിക്കന്‍ അഭയാര്‍ത്ഥികള്‍ക്ക് പുതിയ വാഗ്ദാനവുമായി ഇസ്രഈല്‍ രംഗത്തെത്തിയിരിക്കുന്നത്.

Content Highlight: Israel offers citizenship to African refugees if they participate in the war against Palestinians in Gaza

We use cookies to give you the best possible experience. Learn more