ഗസ: ഗസയിൽ ഹമാസ് നിർമിച്ച തുരങ്കങ്ങൾ കണ്ട് ഇസ്രഈലി സൈന്യം ആശ്ചര്യപ്പെട്ടതായി ന്യൂയോർക്ക് ടൈംസിന്റെ ലേഖനം.
ഭൂഗർഭ അറകളും പാതകളും ഉൾപ്പെടുന്ന തുരങ്ക ശൃംഖല 400 കി.മീ ഉണ്ടാകുമെന്നാണ് നേരത്തെ കണക്കാക്കയിരുന്നത്. എന്നാൽ ഇത് 560 കി.മീ മുതൽ 725 കി.മീ വരെയോ അതിൽ കൂടുതലോ ആകാമെന്ന് ഇസ്രഈൽ സേന ഇപ്പോൾ വിലയിരുത്തുന്നതായി ലേഖനത്തിൽ പറയുന്നു.
ഗസയിലെ തുരങ്കങ്ങളിലേക്കുള്ള 5,700 വ്യത്യസ്ത ഷാഫ്റ്റുകൾ ഉണ്ടെന്ന് പേര് പറയാൻ ആഗ്രഹിക്കാത്ത ഇസ്രഈലി സൈനികർ വെളിപ്പെടുത്തിയതായി ന്യൂയോർക്ക് ടൈംസ് പറയുന്നു.
ഈ തുരങ്കങ്ങൾ നശിപ്പിക്കുവാൻ വർഷങ്ങൾ എടുത്തേക്കാം എന്ന് ഒരു സൈനികൻ ദി ടൈംസിനോട് പറഞ്ഞു. കടൽവെള്ളം ഉപയോഗിച്ച് പ്രളയം സൃഷ്ടിച്ച് തുരങ്കങ്ങൾ നശിപ്പിക്കുവാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടുവെന്നും സൈനികൻ പറഞ്ഞു.
ഹമാസിന്റെ തുരങ്കങ്ങളുടെ പ്രാധാന്യവും വ്യാപ്തിയും ഇസ്രഈൽ സൈന്യം വിലകുറച്ചു കണ്ടത് ഇന്റലിജൻസ് പരാജയം ആണെന്ന് ടൈംസ് പറയുന്നു.
തുരങ്കത്തിൽ വച്ച് കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്ത സൈനികരുടെ വിവരങ്ങൾ ഇസ്രഈൽ പുറത്തുവിട്ടിട്ടില്ല. ഇതുവരെ 1900 സൈനികർ കൊല്ലപ്പെട്ടുവെന്നും 240ലധികം സൈനികർക്ക് പരിക്കേറ്റു എന്നുമാണ് ഔദ്യോഗികമായി പുറത്തുവന്ന വിവരം.
ഗസ ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ 100 ദിവസത്തെ ആക്രമണങ്ങളിൽ 24,000 ഫലസ്തീനികൾ കൊല്ലപ്പെടുകയും 60,000 അധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു.
Content Highlight: Israel needs ‘years’ to break up Gaza tunnels – NYT