| Thursday, 24th October 2024, 8:42 am

അൽ ജസീറ റിപ്പോർട്ടർമാരെ 'ഗസ തീവ്രവാദികൾ' എന്ന് അധിക്ഷേപിച്ച് ഇസ്രഈൽ; അപലപിച്ച് അൽ ജസീറ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: അൽ ജസീറ റിപ്പോർട്ടർമാരെ ‘ഗസ തീവ്രവാദികൾ’ എന്ന് അധിക്ഷേപിച്ച് ഇസ്രഈൽ, സംഭവത്തിൽ അപലപിച്ച് അൽ ജസീറ മുന്നോട്ടെത്തി. ഗസ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തങ്ങളുടെ ആറ് മാധ്യമപ്രവർത്തകർ ഫലസ്തീൻ ഗ്രൂപ്പായ ഹമാസിലും ഫലസ്തീൻ ഇസ്‌ലാമിക് ജിഹാദിലും (പി.ഐ.ജെ) അംഗങ്ങളാണെന്ന ഇസ്രഈൽ സൈന്യത്തിൻ്റെ അവകാശവാദം അൽ ജസീറ ശക്തമായി തള്ളുകയായിരുന്നു.

ഇസ്രഈൽ സൈന്യത്തിൻ്റെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് പറഞ്ഞ അൽ ജസീറ സംഭവത്തിൽ അപലപിച്ചു. ഇസ്രഈൽ അൽ ജസീറയുടെ അറബി ലേഖകരിൽ ചിലരെ ഹമാസിൻ്റെ സായുധ വിഭാഗത്തിൽ ഗ്രൂപ്പിൻ്റെ ‘പ്രചാരണം’ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്നവർ എന്ന് എക്‌സിലൂടെ പറഞ്ഞിരുന്നു.

അനസ് അൽ-ഷെരീഫ്, തലാൽ അരുക്കി, അലാ സലാമ, ഹൊസാം ഷബാത്ത്, ഇസ്മായിൽ ഫരീദ്, അഷ്‌റഫ് സരജ് എന്നീ മാധ്യമ പ്രവർത്തകരെയാണ് ഇസ്രഈൽ തീവ്രവാദികൾ എന്ന് മുദ്രകുത്തിയത്.

മാധ്യമപ്രവർത്തർക്ക് ഗ്രൂപ്പുകളുമായി സൈനിക ബന്ധം ഉണ്ടെന്ന് തെളിയിക്കുന്ന ഗസയിൽ നിന്ന് കണ്ടെത്തിയതായി പറയുന്ന രേഖകൾ ഇസ്രഈൽ സൈന്യം പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാൽ രേഖകളുടെ ആധികാരികത ഇതുവരെയും വ്യക്തമല്ല.

42,000ത്തിലധികം ഫലസ്തീനികൾ കൊല്ലപ്പെട്ട ഗസയിൽ ഇസ്രഈൽ സൈന്യം നടത്തിയ യുദ്ധക്കുറ്റങ്ങൾ വെളിപ്പെടുത്തിയ തങ്ങളുടെ സമീപകാല റിപ്പോർട്ടിനെ തുടർന്നാണ് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉയർന്നതെന്ന് അൽ ജസീറ പറഞ്ഞു.

ഒപ്പം ഈ മേഖലയിൽ അവശേഷിക്കുന്ന ഏതാനും മാധ്യമപ്രവർത്തകരെ നിശബ്ദരാക്കാനുള്ള ഇസ്രഈലിന്റെ ശ്രമമായാണ് അൽ ജസീറ ഈ കെട്ടിച്ചമച്ച ആരോപണങ്ങളെ കാണുന്നത്. ഇത്തരം ആരോപണങ്ങൾ വഴി ലോകമെമ്പാടുമുള്ള പ്രേക്ഷകരിൽ നിന്ന് യുദ്ധത്തിൻ്റെ കഠിനമായ യാഥാർത്ഥ്യങ്ങൾ മറയ്ക്കാൻ ഇസ്രഈൽ ശ്രമിക്കുന്നതായും അൽ ജസീറ കൂട്ടിച്ചേർത്തു.

അൽ ജസീറ ഹമാസ് മുഖപത്രമാണെന്ന് ഇസ്രഈൽ ദീർഘകാലമായി ആരോപിച്ചിരുന്നു. കഴിഞ്ഞ ഒരു വർഷമായി ഇസ്രഈൽ അധികാരികൾ സുരക്ഷാ കാരണങ്ങളാൽ അൽ ജസീറയുടെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ ഉത്തരവിടുകയും ഓഫീസുകൾ റെയ്ഡ് ചെയ്യുകയും ഉപകരണങ്ങൾ കണ്ടുകെട്ടുകയും ചെയ്തിരുന്നു.

ഗസയിൽ ഇസ്രഈൽ ആക്രമണത്തിൽ ഇതുവരെ 42,000 ത്തിലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടുവെന്ന് പ്രാദേശിക ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തിരുന്നു.

ഇസ്രഈലിന്റെ ആക്രമണത്തിൽ 92,401 പേർക്ക് പരിക്കേൽക്കുകയും ജനസംഖ്യയുടെ 85 ശതമാനത്തിലധികം ആളുകൾക്ക് അവരുടെ വീടുകളിൽ താമസം മാറേണ്ട അവസ്ഥ വരികയും ചെയ്തതായി ഗസ ആരോഗ്യമന്ത്രാലയം പറഞ്ഞു. ഒക്‌ടോബർ ഏഴിന് ഹമാസ് തെക്കൻ ഇസ്രഈലിലേക്ക് പ്രത്യാക്രമണം നടത്തുകയും 1,200 ഓളം പേർ കൊല്ലപ്പെടുകയും ചെയ്തതിന് പിന്നാലെയായിരുന്നു ഇസ്രഈൽ യുദ്ധം ആരംഭിച്ചത്.

Content Highlight: Israel names Al Jazeera reporters as Gaza militants, network condemns ‘unfounded allegations’

We use cookies to give you the best possible experience. Learn more