സിറിയയില്‍ നിന്നും ഇസ്രഈല്‍ പിന്‍വാങ്ങണം: യു.എന്‍
World News
സിറിയയില്‍ നിന്നും ഇസ്രഈല്‍ പിന്‍വാങ്ങണം: യു.എന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 13th December 2024, 5:28 pm

ന്യൂയോര്‍ക്ക്: സിറിയയില്‍ നിന്നും ഇസ്രഈല്‍ പിന്‍വാങ്ങണമെന്ന് യു.എന്‍. ആക്രമണത്തില്‍ നിന്നും ഗോലാന്‍ കുന്നുകളില്‍ നിന്നും പിന്‍വാങ്ങണമെന്നും യു.എന്‍ മേധാവി അന്റോണിയോ ഗുട്ടറസ് അറിയിച്ചു.

അസദ് ഭരണകൂടത്തെ അട്ടിമറിച്ചതിന് ശേഷം സിറിയയെ ലക്ഷ്യമിട്ടു നടത്തുന്ന വ്യോമാക്രമണങ്ങളില്‍ യു.എന്‍ സെക്രട്ടറി ജനറല്‍ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.

ഗോലാനിലെ സൈനിക രഹിത മേഖലകളില്‍ നിന്നും ഇസ്രഈലി സൈനികരെ പിന്‍വലിക്കണമെന്നും യു.എന്‍ ആവശ്യപ്പെട്ടു.

അസദില്‍ നിന്നും എച്ച്.ടി.എസ് എന്ന ‘വിമതസംഘം’ ഡമസ്‌ക്കസ് പിടിച്ചെടുത്തതിന് പിന്നാലെ ഗോലാന്‍ കുന്നുകളുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ പല സ്ഥലങ്ങളും ഇസ്രഈല്‍ ഏറ്റെടുത്തതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഇസ്രഈല്‍ സിറിയയില്‍ നടത്തുന്ന ആക്രമണങ്ങളെ തുടര്‍ന്ന് സ്ത്രീകളും കുട്ടികളുമടക്കം 1.1 മില്യണ്‍ ആളുകള്‍ സിറിയയില്‍ നിന്നും പലായനം ചെയ്യുന്ന സാഹചര്യമുണ്ടായതായും യു.എന്‍ വ്യക്തമാക്കി.

ആലപ്പോയില്‍ നിന്ന് 6,40000 പേരും ഇഡിലിബിയില്‍ നിന്ന് 334000 പേരും ഹമയില്‍ നിന്ന് 1,36000 പേരും പലയനം ചെയ്തതായാണ് യു.എന്‍ പുറത്തുവിടുന്ന കണക്കുകള്‍.

സിറിയയിലെ മൂന്ന് സുപ്രധാന നഗരങ്ങള്‍ പിടിച്ചടക്കിയതിന് പിന്നാലെയാണ് ഡമസ്‌കസിലേക്ക് ‘വിമതസംഘം’ എത്തിച്ചേരുകയും പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതിന് തൊട്ട് പിന്നാലെ ഡമസ്‌കസിന്റെ സമീപ പ്രദേശങ്ങളില്‍ നിന്ന് സൈന്യം പിന്‍വാങ്ങിയിരുന്നു.

ഒരാഴ്ച്ചയുടെ ഇടവേളയില്‍ സിറിയിലെ മൂന്ന് സുപ്രധാന നഗരങ്ങളാണ് ‘വിമതസംഘം’ പിടിച്ചടക്കിയത്. ആദ്യം സിറിയയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ആലപ്പോയും പിന്നീട് ഹമ നഗരവും പിന്നീട് ഒരു ദിവസത്തെ പോരാട്ടത്തിന് ശേഷം ഞായറാഴ്ച പുലര്‍ച്ചെ ഹോംസിന്റെ പൂര്‍ണ നിയന്ത്രണവും വിമതര്‍ കൈക്കലാക്കുകയായിരുന്നു.2020ന് ശേഷം വടക്കുപടിഞ്ഞാറന്‍ സിറിയ കണ്ട ഏറ്റവും തീവ്രമായ പോരാട്ടമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി നടന്നത്.

ഹയാത്ത് തഹ്രീര്‍ അല്‍-ഷാം (എച്ച്.ടി.എസ്) എന്ന വിമതസംഘത്തിന്റെ നേതൃത്വത്തിലാണ് കലാപം നടക്കുന്നത്. സിറിയ-തുര്‍ക്കി അതിര്‍ത്തിക്കടുത്തുള്ള ഇദ്‌ലിബ് പ്രവിശ്യയുടെ ഭൂരിഭാഗവും നിയന്ത്രിക്കുന്ന വടക്കുപടിഞ്ഞാറന്‍ സിറിയയിലെ ഏറ്റവും ശക്തമായ വിമത ഗ്രൂപ്പാണ് എച്ച്.ടി.എസ് എന്നറിയപ്പെടുന്ന ഹയാത്ത് തഹ്രീല്‍ അല്‍-ഷാം. സിറിയയും അമേരിക്കയും റഷ്യയുമടക്കമുള്ള രാജ്യങ്ങളെല്ലാം എച്ച്.ടി.എസിനെ ഒരു ഭീകര സംഘടനയായാണ് കണക്കാക്കുന്നത്.

‘വിമതര്‍’ സിറിയ പിടിച്ചതോടെ രാജ്യം വിട്ട സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന് റഷ്യ അഭയം നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അസദും കുടുംബവും റഷ്യയില്‍ എത്തിയെന്നും അവര്‍ക്ക് റഷ്യ അഭയം നല്‍കിയെന്നും ക്രെമിലിന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ടാസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Content Highlight: Israel must withdraw from Syria: UN