| Thursday, 23rd March 2023, 8:55 pm

വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചു; ദുബായ് വിരുദ്ധ പരാമര്‍ശത്തില്‍ മലക്കം മറിഞ്ഞ് ഇസ്രഈല്‍ മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെല്‍അവീവ്: ദുബായ് വിരുദ്ധ പരാമര്‍ശം വിവാദമായതോടെ ആരോപണങ്ങളില്‍ നിന്ന് തടിതപ്പി ഇസ്രഈല്‍ ഗതാഗതി മന്ത്രി മിറി റിഗീവ്. തന്റെ പരാമര്‍ശം മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നും ദുബായിയെയോ അവിടുത്തെ ജനങ്ങളെയോ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് മന്ത്രിയുടെ ആരോപണം.

2018 ല്‍ നടത്തിയ വിദേശ പര്യടനത്തിനിടെ മിറി റിഗീവ് ദുബായ് സന്ദര്‍ശിച്ചിരുന്നു. ശേഷം ഈയിടെയാണ് ദുബായ് നഗരം തനിക്ക് ഇഷ്ടപ്പെട്ടില്ലെന്നും ഒരിക്കല്‍ കൂടി അവിടേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നും അവര്‍ പറഞ്ഞത്.

മന്ത്രിയുടെ പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ താന്‍ തമാശ പറഞ്ഞതാണെന്നും മാധ്യമങ്ങള്‍ വാര്‍ത്തകളെ വളച്ചൊടിക്കുകയാണെന്നും പറഞ്ഞാണ് അവര്‍ രംഗത്തെത്തിയത്. കൂട്ടത്തില്‍ യു.എ.ഇ സ്ഥാനപതി മുഹമ്മദ് അല്‍-ഖാജയുമായി സംസാരിക്കുന്ന വീഡിയോയും ഇവര്‍ പങ്കുവെച്ചു.

‘കുറച്ച് സമയം മുമ്പ് ഞാന്‍ യു.എ.ഇ സ്ഥാനപതി മുഹമ്മദ് അല്‍-ഖാജയുമായി സംസാരിച്ചിരുന്നു. മാധ്യമങ്ങള്‍ എന്താണ് ചെയ്യാന്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹത്തിന് മനസിലായിട്ടുണ്ട്. കാര്യങ്ങളെല്ലാം തന്നെ നിയന്ത്രണത്തിലാണ്. രണ്ട് രാജ്യങ്ങളെയും തമ്മിലടിപ്പിക്കാനുള്ള ശ്രമങ്ങള്‍ മറ്റൊരു യു.എ.ഇ സന്ദര്‍ശനത്തിനാണ് വഴി വെച്ചിരിക്കുന്നത്,’ മിറി റിഗീവ് ട്വീറ്റ് ചെയ്തു.

മിറി റിഗീവിന്റെ പരാമര്‍ശം വിവാദമായതോടെ ഇസ്രഈല്‍ വിദേശകാര്യ മന്ത്രി എലി കോഹന്‍ ഇരു രാജ്യങ്ങള്‍ക്കിടയിലും അനുരഞ്ജന ശ്രമങ്ങളാരംഭിച്ചിരുന്നതായി മിഡില്‍ ഈസ്റ്റ് ഐ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം ആദ്യമായി ദുബായ് സന്ദര്‍ശിച്ച ഇസ്രഈല്‍ പ്രതിനിധിയാണ് മിറി റിഗീവ്. 2018 ല്‍ സാംസ്‌കാരിക വകുപ്പും കായിക വകുപ്പും കൈകാര്യം ചെയ്തിരുന്ന അവര്‍ അബുദാബിയില്‍ നടന്ന ഗ്രാന്‍ഡ് സ്ലാം മത്സരത്തില്‍ പങ്കെടുക്കാനായിരുന്നു യു.എ.ഇയിലെത്തിയത്.

അതേസമയം ഫലസ്തീന്‍ ജനതക്കെതിരായ ഇസ്രഈല്‍ ധനമന്ത്രിയുടെ പ്രസ്താവന ഇരുരാജ്യങ്ങള്‍ക്കുമിടയിലെ നയതന്ത്ര ബന്ധത്തിലും ഉലച്ചിലുണ്ടാക്കിയിരുന്നു. ഇതിനിടയിലാണ് മിറി റിഗീവിന്റെ ദുബായ് വിരുദ്ധ പരാമര്‍ശം വലിയ ചര്‍ച്ചയായത്. ഇസ്രഈലില്‍ ശക്തിപ്രാപിച്ച ജനകീയ പ്രതിഷേധം കണക്കിലെടുത്ത് രാജ്യത്തേക്കുള്ള നയതന്ത്ര സന്ദര്‍ശനം യു.എ.ഇ നിര്‍ത്തലാക്കിയതായും മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: Israel minister says she didnt criticize dubai

We use cookies to give you the best possible experience. Learn more