അല്‍ ശിഫ ആശുപത്രി പ്രവേശന കവാടം അടച്ച് ഇസ്രഈല്‍ സൈന്യം
ജെറുസലേം: ഇസ്രഈല്‍ സൈന്യം ഗസയിലെ അല്‍ ശിഫ ആശുപത്രിയുടെ പ്രധാന പ്രവേശന കവാടം അടച്ചു. ശനിയാഴ്ച രാവിലെയോടുകൂടിയാണ് ഇസ്രഈല്‍ സൈന്യം അല്‍ ശിഫ ആശുപത്രി പരിസരം വളഞ്ഞത്. ഗസയിലെ ഏറ്റവും വലിയ ആശുപത്രിയാണ് അല്‍ ശിഫ.അല്‍ ശിഫ ആശുപത്രിക്ക് കീഴില്‍ ഹമാസ് താവളമടിച്ചിട്ടുണ്ടെന്നും ഭൂഗര്‍ഭ തുരങ്കങ്ങള്‍ ഉണ്ടെന്നുമാണ് ഇസ്രഈല്‍ ആരോപിക്കുന്നത്. എന്നാല്‍ ഹമാസ് ഇത് നിഷേധിച്ചിരുന്നു.
ആശുപത്രി പരിസരം യുദ്ധക്കളമായി തീര്‍ന്നിരിക്കുന്നുവെന്നും അവസാനം നിമിഷം വരെ രോഗികള്‍ക്കൊപ്പം നില്‍ക്കുമെന്നും അല്‍ ശിഫ ആശുപത്രി മേധാവി മുഹമ്മദ് അബു സാല്‍മിയ പറഞ്ഞു.
‘ഞങ്ങള്‍ പോകില്ല. കാരണം ആശുപത്രി വിട്ടാല്‍ ഡസന്‍ കണക്കിന് രോഗികള്‍ മരിക്കുമെന്ന് ഞങ്ങള്‍ക്കറിയാം,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘അല്‍- ശിഫ ആശുപത്രിയുടെ മുറ്റത്ത് രോഗികളും ആയിരക്കണക്കിന് ഫലസ്തീനികളും ഇപ്പോഴും ഉള്ളതിനാല്‍ ഇസ്രഈലി സൈന്യം ആശുപത്രിയുടെ മുന്‍ ഗേറ്റുകള്‍ ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്യുകയാണ്. അവിടെയുള്ള ആളുകളെല്ലാം തന്നെ ഇസ്രഈലി സൈന്യത്തിന്റെ പിടിയില്‍ കുടുങ്ങിയിരിക്കുകയാണ്.
പരിക്കേറ്റവരെ ആശുപത്രിയിലേക്ക് എത്തിക്കാന്‍ ആംബുലന്‍സുകള്‍ക്ക് സാധിക്കുന്നില്ല. ആളുകളെല്ലാം കുടുങ്ങിയിരിക്കുകയാണ്.അവര്‍ക്ക് ഭക്ഷണവും ലഭിക്കുന്നില്ല. ആശുപത്രിയില്‍ നിന്നും പുറത്തേക്ക് പോകുന്നവരെയും ഇസ്രഈലി സൈന്യം വകവരുത്താന്‍ ലക്ഷ്യം വെക്കുന്നുണ്ട്,’ അല്‍ ജസീറയുടെ താരിഖ് അബു അസൂം പറഞ്ഞു.
ലോകാരോഗ്യ സംഘടനയുടെ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് മേഖലയിലെ തന്റെ ആശങ്കകള്‍ പ്രകടിപ്പിച്ചു.
‘ആശുപത്രിയില്‍ അഭയം പ്രാപിക്കുന്ന ആയിരക്കണക്കിന് ആളുകളില്‍ പലരും സുരക്ഷ കാരണം ഒഴിഞ്ഞുമാറാന്‍ നിര്‍ബന്ധിതരാകുന്നു. പലരും ഇപ്പോഴും അവിടെ തന്നെ തുടരുന്നു,’ അദ്ദേഹം തന്റെ എക്‌സ് അക്കൗണ്ടില്‍ പറഞ്ഞു.
നിലവില്‍ വടക്കന്‍ ഗസയിലെ നാലു ആശുപത്രികള്‍ ഇസ്രഈലി സൈന്യം അടച്ചിട്ടുണ്ടെന്ന് ഗസ ആരോഗ്യമന്ത്രാലയം അറിയിച്ചു.
വെള്ളിയാഴ്ച പുലര്‍ച്ചെ അല്‍ ശിഫ ആശുപത്രിയില്‍ ഇസ്രഈല്‍ നടത്തിയ ആക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
നിലവില്‍ ഗസയില്‍ ഇസ്രഈല്‍ ആക്രമണത്തില്‍ 11,078 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതില്‍ 4,500ല്‍ അധികം പേരും കുട്ടികളാണ്
Content Highlight: Israel military attacks Al shifa hospital