അല്‍ അഖ്സ മസ്ജിദ് ഇമാമിന്റെ വീട് പൊളിക്കാന്‍ അടയാളം രേഖപ്പെടുത്തി ഇസ്രഈല്‍
ഗസ: ഇസ്രഈല്‍-ഫലസ്തീന്‍ സംഘര്‍ഷത്തില്‍ ജറുസലേമിലെ അല്‍ അഖ്സ മസ്ജിദിലെ ഇമാമിന്റെ വീട് പൊളിക്കാന്‍ തീരുമാനിച്ച് ഇസ്രഈല്‍ സൈന്യം. തീരുമാനമനുസരിച്ച് ഇസ്രഈല്‍ സൈന്യം ഇമാമിന്റെ വീടിന് മുകളില്‍ അടയാളം രേഖപ്പെടുത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സാബ്രിയുടെ വസതി അനധികൃത കെട്ടിടമാണെന്ന് ഇസ്രഈല്‍ സൈന്യം വാദിക്കുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ കെട്ടിടം വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ചതാണെന്ന് സമീപ വാസികള്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
ഇമാം എക്രിമ സാബ്രിയുടെ കുടുംബത്തോടൊപ്പം നിരവധി ഫലസ്തീന്‍ കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ഇക്കാരണത്താല്‍ കിഴക്കന്‍ ജറുസലേമിലെ സാബ്രിയുടെ വസതിയില്‍ ഇസ്രഈല്‍ പൊലീസും ഇന്റലിജന്‍സും അതിക്രമിച്ച് കയറി റെയ്ഡ് നടത്തിയതായി മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടി.
വീട് പൊളിക്കുന്നതിന് മുന്നോടിയായി ഉടന്‍ തന്നെ താമസക്കാരോട് കെട്ടിടത്തില്‍ നിന്ന് ഒഴിയണമെന്ന് സൈന്യം താക്കീത് നല്‍കിയതായി ഫലസ്തീന്‍ കുടുംബങ്ങള്‍ വ്യക്തമാക്കി. സംഭവത്തില്‍ ഇമാം എക്രിമ സാബ്രി ഇതുവരെ പ്രതികരിച്ചിട്ടില്ല.