ടെല്‍ അവീവ്: ജീവിതപങ്കാളികളായ ഫലസ്തീനിയന്‍ വ്യക്തികള്‍ക്ക് താമസ സൗകര്യം നല്‍കുന്നതിലടക്കം ഇസ്രാഈലിലെ അറബ് പൗരന്മാരെ വിലക്കുന്ന നിയമം പുതുക്കേണ്ടതുണ്ടോയെന്ന വിഷയത്തില്‍ വോട്ടെടുപ്പിനൊരുങ്ങി ഇസ്രഈല്‍. 2003 മുതല്‍ നടപ്പാക്കിയ ഈ താല്‍ക്കാലിക നിയമം പുതുക്കണോയെന്ന് തിങ്കളാഴ്ച നടക്കുന്ന വോട്ടെടുപ്പില്‍ തീരുമാനിക്കും.
ഓരോ വര്‍ഷവും നിയമം പുതുക്കികൊണ്ടായിരുന്നു ഇതുവരെ നടപ്പിലാക്കിയിരുന്നത്. പൗരത്വം സംബന്ധിച്ച വിഷയങ്ങളിലും നിയമം ഫലസ്തീനിയന്‍ ജനതക്ക് വലിയ തടസങ്ങളാണ് സൃഷ്ടിക്കുന്നത്.
കിഴക്കന്‍ ജറുസലേം, ഗാസ, വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളില്‍ കഴിയുന്ന ഫലസ്തീനിയന്‍ പൗരന്മാര്‍ക്ക് ഇസ്രാഈലിന്റെ ഭാഗത്തു കഴിയുന്ന ജീവിതപങ്കാളികളോടൊപ്പം താമസിക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍.
1967ലെ യുദ്ധത്തിന് ശേഷം ഇസ്രാഈലും ഫലസ്തീനും തമ്മില്‍ കൃത്യമായ അതിര്‍ത്തികള്‍ തീരുമാനിക്കപ്പെട്ടിട്ടില്ലയെന്നത് ഈ നിയമത്തിന്റെ പ്രത്യാഘാതം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.
‘സുരക്ഷയാണ് വിഷയമെങ്കില്‍ ഞങ്ങള്‍ക്ക് അതില്‍ ഒരു എതിര്‍പ്പുമില്ല. ഓരോ കേസും അവര്‍ക്ക് പരിശോധിക്കാമല്ലോ,’ ഇസ്രാഈലിലെ അറബ് വംശജനായ തയ്‌സീര്‍ ഖാതിബ് ചോദിക്കുന്നു. തയ്‌സീറിന്റെ ഭാര്യ വെസ്റ്റ് ബാങ്കില്‍ നിന്നാണ്. കഴിഞ്ഞ് 15 വര്‍ഷമായി, ഇസ്രാഈലില്‍ കഴിയുന്ന തയ്‌സീറിനും മൂന്ന് മക്കളോടുമൊപ്പം താമസിക്കാന്‍ പ്രത്യേകം പെര്‍മിറ്റ് എടുക്കേണ്ട അവസ്ഥയിലാണ് ഈ കുടുംബം.
അറബ് വംശജരും ഇടതുപക്ഷക്കാരുമായ ജനപ്രതിനിധികള്‍ നിയമത്തിനെതിരെ നേരത്തെ തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഇസ്രാഈലിനെ അറബ് ന്യൂനപക്ഷത്തിന്റെ വളര്‍ച്ച തടയുന്നതിന് വേണ്ടിയുള്ള നടപടിയാണിതെന്നാണ് ഇവര്‍ ഉയര്‍ത്തുന്ന വിമര്‍ശനം.
ഇസ്രാഈലിന്റെ ജൂത സംസ്‌കാരവും സ്വഭാവവും നിലനിര്‍ത്താനും രാജ്യസുരക്ഷക്കും ഇത്തരം നടപടികള്‍ അനിവാര്യമാണെന്നാണ് നിയമത്തെ പിന്തുണക്കുന്നവര്‍ വാദിക്കുന്നത്.
നേരത്തെ തീവ്രവലതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലുണ്ടായിരുന്ന വര്‍ഷങ്ങളിലെല്ലാം പുതുക്കിയിരുന്ന നിയമം ഇപ്രാവശ്യം ഒരുപക്ഷെ നടപ്പിലാകില്ലെന്നാണ് ഉയരുന്ന നിരീക്ഷണങ്ങള്‍.
ബെഞ്ചമിന്‍ നെതന്യാഹുവിനെ പുറത്താക്കി വ്യത്യസ്ത രാഷ്ട്രീയധാരയിലുള്ള എട്ട് പാര്‍ട്ടികള്‍ ചേര്‍ന്നാണ് ഇസ്രാഈലില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നത്. ഈ നിയമത്തെ എതിര്‍ക്കുന്ന അറബ് വംശജരുടെ പാര്‍ട്ടിയും ഇടതുപക്ഷവുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് നിയമം നടപ്പിലാകാതിരിക്കാനുള്ള സാധ്യതകള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നത്.