ടെൽ അവീവ്: ചെങ്കടലിൽ ഹൂത്തികളുടെ ആക്രമണം രൂക്ഷമായതോടെ ചരക്കുകൾ സൗദി, യു.എ.ഇ, ജോർദാൻ, ബഹ്റൈൻ എന്നീ രാജ്യങ്ങൾ വഴി കരമാർഗം ഇസ്രഈലിലെത്തിക്കാൻ നീക്കം നടക്കുന്നതായി ഇസ്രഈലി പത്രമായ ടൈംസ് ഓഫ് ഇസ്രഈലിന്റെ റിപ്പോർട്ട്.
പേർഷ്യൻ കടലിടുക്കിൽ നിന്ന് ചരക്കുകൾ കരമാർഗം സൗദിയിൽ നിന്ന് ജോർദാൻ വഴി ഇസ്രഈലിലെത്തിക്കാൻ ട്രക്നെറ്റ് എന്റർപ്രൈസ് എന്ന ഇസ്രഈലി സ്മാർട്ട് ഗതാഗത കമ്പനി കരാർ ഉണ്ടാക്കിയിട്ടുണ്ട്.
യു.എ.ഇയിലെ FZCO, ഡി.പി വേൾഡ് എന്നീ കമ്പനികളുമായാണ് ട്രക്നെറ്റ് കരാറിലെത്തിയത്. ബഹ്‌റൈനിലെയോ ദുബായ്‌യിലെയോ തുറമുഖങ്ങളിൽ നിന്ന് കരമാർഗം സൗദി അറേബ്യയും ജോർദാനും താണ്ടി ഇസ്രഈലിലെ ഹൈഫ തുറമുഖത്തിലും ഈജിപ്ഷ്യൻ തുറമുഖങ്ങളിലുമെത്താനും അവിടെ നിന്ന് കാർഗോ യൂറോപ്പിലെത്തിക്കാനുമാണ് പദ്ധതി.
അലെക്സാൻഡ്രിയയിലെ WWCS എന്ന ലോജിസ്റ്റിക്സ് കമ്പനിയുമായും ട്രക്നെറ്റ് സമാനമായ മറ്റൊരു കരാറിലെത്തിയിട്ടുണ്ട്.
‘യു.എ.ഇയെ ഈജിപ്തുമായും ഇസ്രഈലുമായും ബന്ധിപ്പിക്കുന്ന കരമാർഗം ഈ ആഴ്ച ഞങ്ങൾ തയ്യാറാക്കി,’ ട്രക്നെറ്റ് സ്ഥാപകൻ ഹനാൻ ഫ്രീഡ്മാൻ പറഞ്ഞു.
ഇസ്രഈലിലേക്കുള്ള കപ്പലുകൾക്ക് നേരെ ഹൂത്തികളുടെ ആക്രമണം നടക്കുന്നതിനാൽ ചെങ്കടലിന് ബദലായാണ് പുതിയ പാത.
ഹൂത്തികളിൽ നിന്ന് കപ്പലുകൾക്ക് നേരെ ആക്രമണം രൂക്ഷമായതോടെ ലോകത്തെ പ്രധാന ഷിപ്പിങ് കമ്പനികളായ ഡെന്മാർക്കിന്റെ മേഴ്സ്ക്, ജർമനിയുടെ ഹപാഗ് ലോയ്ഡ്, എണ്ണ വ്യാപാരത്തിലെ ഭീമന്മാരായ ബി.പി എന്നിവർ ചെങ്കടൽ വഴിയുള്ള ഗതാഗതം നിർത്തിവെച്ചിരുന്നു.
ഏഷ്യയെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന സുപ്രധാന കടലിടുക്കാണ് ചെങ്കടലിലെ ബാബ് അൽ മന്ദബ്.
നിലവിൽ ആഫ്രിക്കയെ ചുറ്റി ദീർഘദൂരം സഞ്ചരിച്ചാണ് കപ്പലുകൾ യൂറോപ്പിലെത്തുന്നത്. ഇത് വളരെ ചിലവേറിയ മാർഗമാണ്.
ചെങ്കടലിൽ ഹൂത്തികളെ നേരിടാൻ അമേരിക്കയുടെ നേതൃത്വത്തിൽ ബഹുരാഷ്ട്ര സേന രൂപീകരിച്ചെങ്കിലും തങ്ങൾ പിന്നോട്ടില്ലെന്ന് ഹൂത്തികൾ വ്യക്തമാക്കി. നിരവധി രാജ്യങ്ങൾ ബഹുരാഷ്ട്ര സേനയിൽ നിന്ന് പിന്മാറിയിരുന്നു.
Content Highlight: Israel logistics startup forges overland trade route to bypass Houthi Red Sea crisis