ഫലസ്തീനികളെ ഒരിക്കലും ​ഗസയിലേക്ക് മടങ്ങാൻ അനുവദിക്കാതെ ഈജിപ്തിലേക്ക് മാറ്റാൻ ഇസ്രഈൽ പദ്ധതിയിട്ടു; റിപ്പോർട്ട്
World News
ഫലസ്തീനികളെ ഒരിക്കലും ​ഗസയിലേക്ക് മടങ്ങാൻ അനുവദിക്കാതെ ഈജിപ്തിലേക്ക് മാറ്റാൻ ഇസ്രഈൽ പദ്ധതിയിട്ടു; റിപ്പോർട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 4th July 2024, 8:52 pm

ജെറുസലേം: ഗസയിലെ ഫലസ്തീനികളെ ഈജിപ്തിലേക്ക് അയക്കാനുള്ള ഇസ്രഈലിന്റെ പദ്ധതി ചോര്‍ന്നെന്ന് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. രഹസ്യാന്വേഷണ മന്ത്രാലയത്തില്‍ നിന്നാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഫലസ്തീനികളെ സിനായിയിലേക്ക് നിര്‍ബന്ധിതമായി മാറ്റാന്‍ ഇസ്രഈല്‍ പദ്ധതി ഇട്ടത്. ഇതിനായി ഈജിപ്തില്‍ കുടിയേറ്റ നഗരങ്ങള്‍ സ്ഥാപിക്കാന്‍ അടക്കം ഇസ്രഈല്‍ പദ്ധതി ഇട്ടിരുന്നു.

‘ഈജിപ്തില്‍ കുടിയേറ്റ നഗരങ്ങള്‍ സ്ഥാപിക്കുക, മാനുഷിക ഇടനാഴി തുറക്കുക, വടക്കന്‍ സിനായില്‍ കുടിയേറ്റ നഗരങ്ങള്‍ നിര്‍മിക്കുക, കുടിയിറക്കപ്പെട്ടവരെ ഇസ്രഈല്‍ അതിര്‍ത്തിക്കടുത്തുള്ള ഏതെങ്കിലും സ്ഥലത്തേക്ക് മടങ്ങാന്‍ അനുവദിക്കാതിരിക്കുക എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളുള്ള പദ്ധതി ആണ് ഇസ്രഈല്‍ ഇതിനായി രൂപീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ഇസ്രഈല്‍ ഇന്റലിജന്‍സ് മന്ത്രി ഗില ഗാംലിയേല്‍ ഈ പദ്ധതിയെ ശക്തമായി പിന്തുണക്കുകയും യുദ്ധത്തിന്റെ അവസാനം ഇത് നടപ്പിലാക്കാന്‍ ശുപാര്‍ശ ചെയ്‌തെന്നുമാണ് റിപ്പോര്‍ട്ട്. ഇസ്രഈലിന്റെ ഈ പദ്ധതിക്ക് യു.എസ് പിന്തുണ നല്‍കിയിട്ടുണ്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഒരിക്കല്‍ കുടിയിറക്കപ്പെട്ടാല്‍ ഫലസ്തീനികളെ പിന്നീട് ഒരിക്കലും ഗസയിലേക്ക് മടങ്ങാന്‍ അനുവദിക്കരുതെന്നായിരുന്നു ലക്ഷ്യമെന്നും റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ത്തു. ഈ രേഖ ഔദ്യോഗികമാണെന്ന് രഹസ്യാന്വേഷണ മന്ത്രാലയം സ്ഥിരീകരിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതിനിടെ, ഇസ്രഈലുമായി ബന്ധമുള്ള കമ്പനികളെ ബഹിഷ്‌കരിക്കാൻ അറബ് ലീഗ് കഴിഞ്ഞദിവസം തീരുമാനമെടുത്തിരുന്നു.

അനധികൃത ഇസ്രഈൽ കുടിയേറ്റ കേന്ദ്രങ്ങളിൽ നിക്ഷേപം നടത്തുന്നതിൽ അറബ് ബഹിഷ്‌കരണ നിയമങ്ങളും വ്യവസ്ഥകളും ലംഘിക്കുന്ന കമ്പനികൾക്ക് നിരോധനം ഏർപ്പെടുത്തുമെന്നും അറബ് ലീഗ് പ്രഖ്യാപിച്ചിരുന്നു.

കെയ്‌റോയിൽ ബുധനാഴ്ച നടന്ന അറബ് റീജിയണൽ ഓഫീസുകളുടെ 96ാമത് കോൺഫറൻസിന്റെ സമാപനത്തിൽ പുറത്തിറക്കിയ പ്രസ്താവനയിലാണ് തീരുമാനം അറിയിച്ചത്. അറബ് ലീഗിന്റെ ബഹിഷ്‌കരണ നിയമങ്ങൾക്കനുസൃതമായി ഇസ്രഈലിലുള്ള നിക്ഷേപം പിൻവലിക്കണമെന്നും ഇസ്രഈലുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്നും കാട്ടി മറ്റ് കമ്പനികൾക്കും അറബ് പ്രതിധികൾ നോട്ടീസ് അയച്ചു.

Content Highlight: Israel: leaked document exposes plan to displace Palestinians to Egypt