| Friday, 13th October 2023, 11:07 am

ഗസയില്‍ ആംബുലന്‍സുകളെ ലക്ഷ്യംവെച്ച് ഇസ്രഈല്‍ വ്യോമാക്രമണം; അക്രമത്തിനിരയായി 14 ആശുപത്രികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജറുസലേം: ഗസയില്‍ ആരോഗ്യപ്രവര്‍ത്തകരെയും ആശുപത്രികളെയും ആംബുലന്‍സുകളെയും കേന്ദ്രീകരിച്ച് വ്യോമാക്രമണം നടത്തി ഇസ്രഈല്‍. ശനിയാഴ്ച തുടങ്ങിയ വ്യോമാക്രമണത്തില്‍ 18 ആംബുലന്‍സുകള്‍ക്ക് നേരെയും 14 ആശുപത്രികള്‍ക്ക് നേരെയും അക്രമം നടന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഗസയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ശിഫയിലെ മൂന്ന് ആംബുലന്‍സുകള്‍ക്ക് നേരെയാണ് അക്രമണമുണ്ടായത്. ആംബുലന്‍സുകള്‍ക്ക് നേരെയുള്ള അക്രമങ്ങളെ ഗസ ആരോഗ്യമന്ത്രാലയം അപലപിച്ചു. അന്താരാഷ്ട്ര മാനവിക നിയമത്തിനെതിരായ പ്രവര്‍ത്തനമാണ് മെഡിക്കല്‍ സംഘത്തെ ആക്രമിക്കുന്നതിലൂടെ സംഭവിക്കുന്നതെന്നാണ് ആരോഗ്യമന്ത്രാലയം പറയുന്നത്. ബോംബാക്രമണത്തില്‍ പരിക്കേറ്റുവര്‍ക്ക് ചികിത്സ ലഭിക്കാതിരിക്കാനും മരണനിരക്ക് കുട്ടാനുമാണ് ഇസ്രഈലിന്റെ നീക്കമെന്നാണ് ആരോപണം.

ശനിയാഴ്ച മുതല്‍ ഇതുവരെ 16 ആരോഗ്യപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടുവെന്ന് ഡോക്‌ടേ
ഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 11 ആരോഗ്യപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായും ലോകാരോഗ്യ സംഘടനയും അറിയിച്ചു.

50,000 ഗര്‍ഭിണികള്‍ക്ക് കുടിവെള്ളം പോലുമില്ലാതെ ഗസയില്‍ നരകിക്കുകയാണെന്നാണ് യു.എന്‍ ഭക്ഷ്യ സംഘടന പറയുന്നത്. ഗസയില്‍ വൈദ്യുതി ഇല്ലാത്തത് ആശുപത്രികളില്‍ ഗുരതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് യു.എന്‍ എജന്‍സി ആശങ്കരേഖപ്പെടുത്തുന്നു. വൈദ്യുതി ഇല്ലെങ്കില്‍ ഗസയിലെ ആശുപത്രികള്‍ മോര്‍ച്ചറികളാകുമെന്ന് അന്താരാഷ്ട്ര സന്നദ്ധ സംഘടനയായ റെഡ്ക്രോസ് മുന്നറിയിപ്പ് നല്‍കി.

ഗസയിലെ ആശുപത്രികളില്‍ മതിയായ ചികിത്സകളില്ലാതെ നിരവധിപേരാണ് മരിച്ചുവീഴുന്നത്. ഇതുവരെ 1,537 പേര്‍ ഇസ്രഈല്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇതില്‍ 450ല്‍ അധികം കുട്ടികളും 250ല്‍ അധികം സ്ത്രീകളുമാണെന്നാന്ന് റിപ്പോര്‍ട്ടുകള്‍. 3.3ലക്ഷം ഫലസ്തീനികള്‍ വീടുവിട്ടിറങ്ങയിരിക്കുകയാണ്. ഇതില്‍ 2.2 ലക്ഷം ആളുകള്‍ യു.എന്‍ ക്യാമ്പുകളില്‍ കഴിയുകയാണ്.

Content Highlight: Israel launched airstrikes targeting health workers, hospitals and ambulances in Gaza

We use cookies to give you the best possible experience. Learn more