വാഷിങ്ടണ്‍: ഇറാനിലെ ഇസ്ഫഹാനില്‍ മിസൈലാക്രമണം നടത്തി ഇസ്രഈല്‍. ആക്രമണത്തെ തുടര്‍ന്ന് രാജ്യത്തിനുള്ളില്‍ വിമാന യാത്ര നിര്‍ത്തിവെച്ചു. വെള്ളിയാഴ്ച പുലര്‍ച്ചയോടെ ഇസ്ഫാഹാനില്‍ ആക്രമണം നടന്നുവെന്നാണ് വിലയിരുത്തല്‍.
ഇസ്രഈല്‍ ആക്രമണത്തെ കുറിച്ച് യു.എസിന് അറിവുള്ളതായി അന്താരാഷ്ട്ര മാധ്യമമായ എ.ബി.സി റിപ്പോര്‍ട്ട് ചെയ്തു. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരുന്നതായി അമേരിക്ക അറിയിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇറാനെതിരെ ഉടനെ ആക്രമണം നടത്തില്ലെന്ന് ഇസ്രഈല്‍ നേരത്തെ അറിയിച്ചിരുന്നു. നയതന്ത്രപരമായി ഇറാനെ ഒറ്റപ്പെടുത്തുക എന്നതായിരുന്നു ഇസ്രഈലിന്റെ ലക്ഷ്യം. പക്ഷെ ഈ നിലപാടില്‍ മാറ്റം വരുത്തിക്കൊണ്ടാണ് ഇസ്ഫഹാന്‍ വിമാനത്താവളത്തിനെതിരെ ഇസ്രഈല്‍ ആക്രമണം നടത്തിയിരിക്കുന്നത്. എന്നാല്‍ റിപ്പോര്‍ട്ടുകളില്‍ ഇറാന്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
നിലവില്‍ ഇസ്ഫഹാന്‍, ഷിറാസ്, ടെഹ്റാന്‍ എന്നീ നഗരങ്ങളിലൂടെയുള്ള വിമാന സര്‍വീസുകള്‍ ഇറാന്‍ നിര്‍ത്തിവെച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്തിന്റെ യുറേനിയം പദ്ധതിയുടെ കേന്ദ്രമായ നതാന്‍സ് ഉള്‍പ്പെടെ നിരവധി ഇറാനിയന്‍ ആണവ സൈറ്റുകള്‍ സ്ഥാപിതമായിരിക്കുന്ന സ്ഥലം കൂടിയാണ് ഇസ്ഫഹാന്‍.
അതേസമയം ആക്രമണത്തില്‍ ഇസ്രഈലും ഇതുവരെ പ്രതികരിച്ചിട്ടില്ല. സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്ന് മാത്രമാണ് ഇറാനില്‍ നിന്ന് മാധ്യമങ്ങള്‍ക്ക് ലഭ്യമായ പ്രതികരണം.
ഇസ്രഈലില്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടി നല്‍കിയാല്‍ വലിയ ആക്രമണം ഉണ്ടാകുമെന്ന് ഇറാന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഞായറാഴ്ച പുലര്‍ച്ചയോടെയാണ് മുന്നൂറോളം ഡ്രോണുകളും മിസൈലുകളുമായി ഇറാന്‍ ഇസ്രഈലിനെ ആക്രമിച്ചത്. ഇസ്രഈല്‍ തിരിച്ചടിക്കാന്‍ തീരുമാനിച്ചാല്‍ അവരെ പിന്തുണക്കരുതെന്ന് അമേരിക്കക്ക് ഇറാന്‍ മുന്നറിയിപ്പും നല്‍കിയിരുന്നു.
കഴിഞ്ഞ ദിവസം ഇസ്രഈലിനെതിരെ നടത്തിയ ആക്രമണത്തിന് മറുപടിയായി ഇറാന് മേല്‍ കൂടുതല്‍ ഉപരോധം ചുമത്താന്‍ പദ്ധതി ഇടുന്നതായി അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍ പറഞ്ഞിരുന്നു.
ഉപരോധം ഏര്‍പ്പെടുത്തുന്നതിനായി യു.എസ് നിയമ നിര്‍മാതാക്കളുമായും വിദേശ സഖ്യകക്ഷികളുമായും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ചര്‍ച്ച നടത്തി വരുന്നതായും ജേക്ക് സള്ളിവന്‍ അറിയിച്ചു.
Content Highlight: Israel launched a missile attack on Iran’s Isfahan