ഗസ: ഫലസ്തീനികള്‍ക്കെതിരെ ഇസ്രഈല്‍ നടത്തുന്ന വംശഹത്യയില്‍ ലോകത്ത് നാല് വര്‍ഷത്തെ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടതിനേക്കാള്‍ കൂടുതല്‍ കുട്ടികള്‍ നാല് മാസത്തിനുള്ളില്‍ ഗസയില്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള യു.എന്‍ ഏജന്‍സിയുടെ തലവന്‍.
ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള യു.എന്‍ റിലീഫ് ആന്‍ഡ് വര്‍ക്ക്‌സ് ഏജന്‍സിയുടെ തലവനായ ഫിലിപ്പ് ലസാരിനിയാണ് തന്റെ എക്‌സ് അകൗണ്ടിലൂടെ ഈ കാര്യം അറിയിച്ചത്. ഈ യുദ്ധം കുട്ടികള്‍ക്കെതിരായ യുദ്ധമാണെന്നും ഇത് അവരുടെ ബാല്യത്തിനും ഭാവിക്കും വേണ്ടിയുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഞെട്ടിപ്പിക്കുന്നു. വെറും നാല് മാസത്തിനുള്ളില്‍ ഗസയില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കുട്ടികളുടെ എണ്ണം ലോകമെമ്പാടുമുള്ള നാല് വര്‍ഷത്തെ യുദ്ധങ്ങളില്‍ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണത്തേക്കാള്‍ കൂടുതലാണ്. ഈ യുദ്ധം കുട്ടികള്‍ക്കെതിരായ യുദ്ധമാണ്. ഇത് അവരുടെ ബാല്യത്തിനും ഭാവിക്കും വേണ്ടിയുള്ള യുദ്ധമാണ്,’ ലസാരിനി തന്റെ എക്‌സില്‍ കുറിച്ചു.
ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ പ്രകാരം 2019നും 2022നും ഇടയില്‍ ലോകത്താകമാനം നടന്നിട്ടുള്ള സംഘര്‍ഷങ്ങളില്‍ ഏകദേശം 12,193 കുട്ടികളാണ് കൊല്ലപ്പെട്ടിട്ടുള്ളത്. എന്നാല്‍ വെറും നാല് മാസത്തിനുള്ളില്‍ ഗസയില്‍ കൊല്ലപ്പെട്ടത് ഇതിനേക്കാള്‍ കൂടുതലാണ്.
കഴിഞ്ഞ ഒക്ടോബറിനും ഫെബ്രുവരി മാസത്തിന്റെ അവസാനത്തിനും ഇടയില്‍ 12,300 കുട്ടികളാണ് ഫലസ്തീനില്‍ കൊല്ലപ്പെട്ടതെന്ന് ഗസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേസമയം ഇസ്രഈലിന്റെ ബോംബാക്രമണത്തെ അതിജീവിച്ച ഗസയിലെ കുട്ടികള്‍ പട്ടിണിയെ അതിജീവിക്കില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യു.എച്ച്.ഒ) ഡയറക്ടര്‍ ജനറല്‍ പറഞ്ഞു.
നിലവിലെ കണക്കുകള്‍ പ്രകാരം ഇസ്രഈലിന്റെ ആക്രമണങ്ങളില്‍ ഗസയില്‍ 31,112 പേര്‍ കൊല്ലപ്പെടുകയും കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 72,760 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് വ്യക്തമാക്കുന്നു.
Content Highlight: Israel Kills More Children Than In Four Years Of Worldwide Conflict In Gaza