ഗസ: റഫയില്‍ 15 സന്നദ്ധ പ്രവര്‍ത്തകരെ കൊന്ന് കുഴിച്ചുമൂടി ഇസ്രഈല്‍ സൈന്യം. റെഡ് ക്രസന്റ്, ഫലസ്തീന്‍ സിവില്‍ ഡിഫന്‍സ്, ഐക്യരാഷ്ട്ര സഭ എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരെയാണ് സൈന്യം കൊലപ്പെടുത്തിയത്.
സന്നദ്ധപ്രവര്‍ത്തകര്‍ ഉപയോഗിച്ചിരുന്നതായി കരുതുന്ന ആംബുലന്‍സുകള്‍ ഉള്‍പ്പെടെയാണ് സൈന്യം കുഴികുത്തി മൂടിയത്. ബുള്‍ഡോസര്‍ ഉപയോഗിച്ച് വെട്ടിയ കുഴിയില്‍ നിന്നാണ് രക്ഷാപ്രവര്‍ത്തകരെ യു.എന്‍ അധികൃതര്‍ കണ്ടെത്തിയത്.
രക്ഷാപ്രവര്‍ത്തകരില്‍ ഓരോരുത്തരെയും സൈന്യം വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് യു.എന്‍ ഹ്യുമാനിറ്റേറിയന്‍ അഫയേഴ്സ് ഓഫീസ് മേധാവി ജോനാഥന്‍ വിറ്റാല്‍ പറഞ്ഞു. എട്ട് റെഡ് ക്രസന്റ് ഉദ്യോഗസ്ഥരുടെയും ആറ് സിവില്‍ ഡിഫന്‍സ്, ഒരു യു.എന്‍ ഉദ്യോഗസ്ഥന്റെയും മൃതദേഹങ്ങളാണ് റഫയില്‍ നിന്ന് കണ്ടെത്തിയത്.
മാര്‍ച്ച് 23ന് പുലര്‍ച്ചയോടെ തെക്കന്‍ ഗസയിലെ റഫയില്‍ ടെല്‍ അല്‍ സുല്‍ത്താനില്‍ നിരവധി പേരുടെ മരണത്തിന് കാരണമായ വ്യോമാക്രമണം നടന്നിരുന്നു. ഈ ആക്രമണത്തില്‍ പരിക്കേറ്റവരെ രക്ഷിക്കാനെത്തിയ രക്ഷാപ്രവര്‍ത്തകര്‍ക്ക് നേരെയാണ് ഇസ്രഈല്‍ വെടിവെപ്പ് ഉണ്ടായത്. വിവരം അറിഞ്ഞെത്തിയ രണ്ടാമത്തെ സന്നദ്ധപ്രവര്‍ത്തകരുടെ സംഘമാണ് ആദ്യസംഘത്തെ കൊന്ന് കുഴിച്ചുമൂടിയതായി കണ്ടെത്തിയത്.
എന്നാല്‍ ആദ്യസംഘത്തിലെ ഒരാളെ കാണാനില്ലെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. റെഡ് ക്രസന്റ് ജീവനക്കാരെയാണ് കാണാതായതെന്നാണ് വിവരം.
സന്നദ്ധപ്രവര്‍ത്തകര്‍ക്കെതിരായ നടപടി നീതികേടാണെന്ന് യു.എന്‍ റിലീഫ് ഏജന്‍സി മേധാവി ഫിലിപ്പ് ലാസറിനി പറഞ്ഞു. ഇതോടെ ഗസയിലെ ഇസ്രഈല്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട സന്നദ്ധപ്രവര്‍ത്തകരുടെ എണ്ണം 408 ആയതായും ഫിലിപ്പ് അറിയിച്ചു.
സന്നദ്ധസേനയുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ വെടിവെപ്പിന് പിന്നാലെ അന്താരാഷ്ട്ര റെഡ് ക്രസന്റ് ഞായറാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പില്‍, ഇസ്രഈലിന്റെ നടപടിയില്‍ അമ്പരന്നതായി പറയുന്നു. ആംബുലന്‍സുകളും കാറുകള്‍ അടങ്ങുന്ന വാഹനവവ്യൂഹത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്.
സംഭവത്തില്‍ ഇസ്രഈല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് നേരെ വെടിവെപ്പ് നടന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് ഇസ്രഈല്‍ സൈന്യം പറഞ്ഞിരുന്നു.
ഐ.എഫ്.ആര്‍.സി പറയുന്നത് പ്രകാരം, 2017ന് ശേഷം റെഡ് ക്രോസ് അല്ലെങ്കില്‍ റെഡ് ക്രസന്റ് തൊഴിലാളികള്‍ക്ക് നേരെ നടന്ന ഏറ്റവും വലിയ ആക്രമണമാണ് ഇത്. ഹൃദയം തകര്‍ന്നതുപോലെ തോന്നുന്നുവെന്ന് ഐ.എഫ്.ആര്‍.സി ജനറല്‍ ജഗന്‍ ചാപ്പഗെയ്ന്‍ പറഞ്ഞു.
നിലവിലെ കണക്കുകള്‍ അനുസരിച്ച് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ട് മാര്‍ച്ച് 18 മുതല്‍ ഇസ്രഈല്‍ ആരംഭിച്ച ആക്രമണത്തില്‍ 1000ത്തിലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതില്‍ 300ലധികം കുട്ടികളും ഉള്‍പ്പെടുന്നു.
Content Highlight: Israel kills and buries 15 volunteers in Rafah; ambulance found in grave