റാമല്ല: പലസ്തീന്‍ മുന്‍ പ്രസിഡന്റ് യാസര്‍ അറാഫത്തിനെ പാരീസിലെ ആശുപത്രിയില്‍ വെച്ച് ഇസ്രായേലാണ് കൊലപ്പെടുത്തിയതെന്ന് പാലസ്തീന്‍ അന്വേഷണ സംഘം തലവന്‍ തൗഫീഖ് തിരാവി. യാസര്‍ അറാഫത്തിന്റെ 11മത് ചരമദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിനിടെയായിരുന്നു ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.
അറഫാത്തിനെ കൊലപ്പെടുത്തിയതാണെന്ന ആരോപണത്തില്‍ ഫ്രഞ്ച് അധികൃതര്‍ നടത്തിവന്ന അന്വേഷണം തെളിവുകളൊന്നും കണ്ടെത്താനാകാത്തതിനാല്‍ മാസങ്ങള്‍ക്ക് മുമ്പാണ് ഫ്രഞ്ച് കോടതി അവസാനിപ്പിച്ചത്.
മുന്‍ പ്രസിഡന്റ് യാസിര്‍ അറഫാത്തിന്റെ ഘാതകനെ തിരിച്ചറിയാന്‍ അന്വേഷണ കമ്മറ്റി പ്രാപ്തമാണെന്ന് തൗഫീഖ് പറഞ്ഞു. ഇസ്രായേലാണ് ഉത്തരവാദി. കൊലപാതത്തിന്റെ വ്യക്തമായ സാഹചര്യങ്ങള്‍ വിശകലനം ചെയ്യുന്നതിന് കുറച്ചുകൂടി സാവകാശം ആവശ്യമാണെന്ന് തൗഫീഖ് പറഞ്ഞു. മറ്റുവിവരങ്ങളൊന്നും തൗഫീഖ് വെളിപ്പെടുത്തിയില്ല.
2004ല്‍ ഉദരസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് പാരീസിലെ പെഴ്‌സി സൈനിക ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അറാഫത്ത് മരണമടയുന്നത്. മരണം കൊലപാതകമാണെന്ന് ആരോപണം ഉയര്‍ന്നതോടെ 2009ല്‍ അന്വേഷണം ആരംഭിക്കുകയായിരുന്നു. 2012ല്‍ അരാഫത്തിന്റെ ഭാര്യ നല്‍കിയ പരാതിയിന്മേലാണ് ഫ്രാന്‍സ് അന്വേഷണം ആരംഭിച്ചത്.