| Sunday, 20th October 2024, 6:14 pm

ഗസയിലെ ക്രൂരതകള്‍ എണ്ണം പറഞ്ഞ് ചിത്രീകരിച്ച ആര്‍ട്ടിസ്റ്റിനെ ബോംബെറിഞ്ഞ് കൊന്ന് ഇസ്രഈല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജെറുസലേം: ഗസയില്‍ നടക്കുന്ന അതിക്രമങ്ങള്‍ തന്റെ ചിത്രങ്ങളിലൂടെ പുറംലോകത്തെത്തിച്ച ആര്‍ട്ടിസ്റ്റ് മഹസെന്‍ അല്‍-ഖത്തീബിനെ കൊലപ്പെടുത്തി ഇസ്രഈലി സൈന്യം.

ജബാലിയയിലെ അഭയാര്‍ത്ഥി ക്യാമ്പിനെ ലക്ഷ്യമിട്ട് നടത്തിയ വ്യോമാക്രമണത്തിലാണ് മഹസെന്‍ കൊല്ലപ്പെട്ടത്. അഭയാര്‍ത്ഥി ക്യാമ്പിന് സമീപത്തായാണ് മഹസെന്‍ താമസിച്ചിരുന്നത്.

ചിത്രകാരി, ഡിജിറ്റല്‍ ചിത്രകാരി, സ്റ്റോറിബോര്‍ഡ് ആര്‍ട്ടിസ്റ്റ്, ഫ്രീലാന്‍സ് ക്യാരക്ടര്‍ ഡിസൈനര്‍, ഡിജിറ്റല്‍ ആര്‍ട്ട് മെന്റര്‍ എന്നീ നിലകളിലാണ് മഹസെന്‍ പ്രവര്‍ത്തിച്ചിരുന്നത്. യുദ്ധത്തിന്റെ ആദ്യഘട്ടത്തില്‍ ഇന്റര്‍നെറ്റ് ലഭ്യതയുള്ളവര്‍ക്ക് വരുമാനം നേടുന്നതിനായി മഹസെന്‍ ചിത്രകലയില്‍ ഡിജിറ്റല്‍ ക്ലാസുകള്‍ ആരംഭിച്ചിരുന്നു.

‘ഗസയിലെ ഏറ്റവും പ്രൊഫഷണലും എളിമയുമുള്ള കലാകാരില്‍ ഒരാളായിരുന്നു മഹസെന്‍,’ മഹസെനിന്റെ സുഹൃത്തായ ജുമാന ഷാഹിന്‍ പറഞ്ഞ വാക്കുകളാണിവ.

മധ്യഗസയിലെ അല്‍ അഖ്സ ഹോസ്പിറ്റലിന് നേരെ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ബോംബാക്രമണത്തില്‍ പൊള്ളലേറ്റ് കൊല്ലപ്പെട്ട 19 കാരിയുടെ ചിത്രമാണ് മഹസെന്‍ അവസാനമായി ചിത്രീകരിച്ചതും ശനിയാഴ്ച പുറംലോകത്തെത്തിച്ചതും.

ഇതിനുപിന്നാലെയാണ് അഭയാര്‍ത്ഥി ക്യാമ്പിന് നേരെ ആക്രമണമുണ്ടായത്. ആക്രമണം നടക്കുന്ന സമയം മഹസെനും കുടുംബാംഗങ്ങളും വീട്ടില്‍ ഉണ്ടായിരുന്നു. ഇസ്രഈലി സൈന്യമായ ഐ.ഡി.എഫിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷനേടാന്‍ ഒന്നിലധികം തവണ മഹസെനും കുടുംബവും വീട്ടില്‍ നിന്ന് പലായനം ചെയ്തിട്ടുണ്ട്. മഹസെന് പുറമെ എട്ട് പേര്‍ക്ക് കൂടി ഇസ്രഈലിന്റെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.

നേരത്തെ, ഗസയില്‍ ഇനി അഭയം തേടുന്നതിനായി സുരക്ഷിതമായ ഒരിടം പോലുമില്ലെന്ന് മഹസെന്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

നിലവിലെ കണക്കുകള്‍ പ്രകാരം ഇസ്രഈലിന്റെ ആക്രമണത്തില്‍ 42,519 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. 14,100 കുട്ടികളാണ് ഫലസ്തീനില്‍ ഇതുവരെ ഇസ്രഈലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

കഴിഞ്ഞ 15 ദിവസമായി ഇസ്രഈല്‍ വടക്കന്‍ ഗസയില്‍ നിരന്തരമായി ആക്രമണം നടത്തുകയാണ്. 2023 ഒക്ടോബര്‍ ഏഴിന് ശേഷമുള്ള ഏറ്റവും ക്രൂരമായ നുഴഞ്ഞുകയറ്റമായാണ് ഫലസ്തീനികള്‍ വിശേഷിപ്പിക്കുന്നത്.

Content Highlight: Israel killed the artist who depicted the atrocities in Gaza

Latest Stories

We use cookies to give you the best possible experience. Learn more