| Friday, 22nd December 2023, 11:08 am

ലോകത്ത് ഈ വർഷം ഏറ്റവും കൂടുതൽ മാധ്യമപ്രവർത്തകരെ കൊലപ്പെടുത്തിയത് ഇസ്രഈൽ സേന: കമ്മിറ്റി ടു പ്രൊടക്ട് ജേർണലിസ്റ്റ്സ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: ഒരു വർഷം ഒരു സ്ഥലത്ത് ഏറ്റവും കൂടുതൽ മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടത് ഗസയിലാണെന്ന് യു.എസ് ആസ്ഥാനമായ കമ്മിറ്റി ടു പ്രൊടക്ട് ജേർണലിസ്റ്റ്സ് (സി.പി.ജെ).

ഗസയിൽ കൊല്ലപ്പെട്ട 68 മാധ്യമപ്രവർത്തകരിൽ 61 പേരും ഫലസ്തീനികളാണെന്നും സി.പി.ജെ അറിയിച്ചു.

ഒക്ടോബർ ഏഴിനും ഡിസംബർ 20നുമിടയിൽ മൂന്ന് ഇസ്രഈലി മാധ്യമപ്രവർത്തകരും നാല് ലെബനീസ് മാധ്യമപ്രവർത്തകരും കൊല്ലപ്പെട്ടുവെന്നാണ് സി.പി.ജെയുടെ റിപ്പോർട്ടിൽ പറയുന്നത്.

ഇസ്രഈൽ സേന മാധ്യമപ്രവർത്തകരെയും അവരുടെ കുടുംബത്തെയും ലക്ഷ്യമിട്ട് നടത്തുന്ന ആക്രമണ രീതിയിൽ ആശങ്കയുണ്ടെന്ന് സംഘടന പറഞ്ഞു.
മാധ്യമ സ്വാതന്ത്ര്യത്തിനായി പ്രവർത്തിക്കുന്ന എൻ.ജി.ഒ ആണ് സി.പി.ജെ.

എന്നാൽ മാധ്യമപ്രവർത്തകരെ തങ്ങൾ ലക്ഷ്യമിടുന്നില്ല എന്നാണ് ഇസ്രഈൽ സൈനിക വക്താവ് പറയുന്നത്.

ഗസയിലെ ആക്രമണങ്ങൾ ആരംഭിച്ചത് മുതൽ ഇതുവരെ 92 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടെന്നാണ് ഗസ ഭരണകൂടത്തിന്റെ മാധ്യമ കാര്യാലയം അറിയിക്കുന്നത്.

’10 ആഴ്ചയിൽ ഇസ്രഈൽ സൈന്യം കൊലപ്പെടുത്തിയ മാധ്യമപ്രവർത്തകർ ലോകത്ത് ഏതൊരു സേനയും ഒരു വർഷം കൊണ്ട് കൊലപ്പെടുത്തിയതിനേക്കാൾ കൂടുതലാണ്. മാധ്യമപ്രവർത്തകർ കൊല്ലപ്പെടുമ്പോൾ യുദ്ധം ഡോക്യുമെന്റ് ചെയ്യാനും മനസിലാക്കാനും പ്രയാസം നേരിടുന്നു,’ സി.പി.ജെ പറഞ്ഞു.

കഴിഞ്ഞ 22 വർഷത്തിനിടയിൽ ഇസ്രഈൽ സേന 20 മാധ്യമപ്രവർത്തകരെ കൊലപ്പെടുത്തിയിരുന്നുവെന്നും ഒന്നിലും കുറ്റം ചുമത്തിയിട്ടില്ലെന്നും സംഘടന ഈ വർഷം മേയ് മാസത്തിൽ പുറത്തുവിട്ട റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു.

1992 മുതൽ വിവരങ്ങൾ ശേഖരിച്ചുവരുന്ന സംഘടന ഗസയിലെ ഇസ്രഈൽ യുദ്ധം ആരംഭിച്ച ഒക്ടോബർ മാസത്തിൽ മാത്രം 37 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടുവെന്ന് പറയുന്നു.

Content Highlight: Israel killed more journalists than any other army in given year — CPJ

We use cookies to give you the best possible experience. Learn more