| Monday, 7th October 2024, 5:17 pm

റിപ്പോര്‍ട്ടിങ് നിര്‍ത്തണമെന്ന ഭീഷണിക്ക് പിന്നാലെ ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകനെ ബോംബിട്ട് കൊന്ന് ഇസ്രഈല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: ഫലസ്തീനില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ വര്‍ധിപ്പിച്ച് ഇസ്രഈല്‍ സൈന്യം. ഗസയില്‍ ഞായറാഴ്ച നടന്ന ബോംബാക്രമണത്തില്‍ വീണ്ടും ഒരു മാധ്യമപ്രവര്‍ത്തകന്‍ കൂടി കൊല്ലപ്പെട്ടു. ജബാലിയ അഭയാര്‍ത്ഥി ക്യാമ്പിന് നേരെ നടന്ന ആക്രമണത്തില്‍ ഹസന്‍ ഹമദ് (19) എന്ന മാധ്യമപ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടത്.

ഇസ്രഈലിന്റെ നുഴഞ്ഞുകയറ്റത്തെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഹമദ് കൊല്ലപ്പെടുന്നത്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ ഹമദ് തത്സമയം റെക്കോഡ് ചെയ്യുകയും എക്‌സ് മുഖേന അയച്ചുതന്നിരുന്നതായും സഹപ്രവര്‍ത്തകന്‍ പ്രതികരിച്ചു.

മാസങ്ങള്‍ക്ക് മുമ്പ് തനിക്ക് ലഭിച്ച ഭീഷണി സന്ദേശങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ഹമാസ് തന്നോട് പറഞ്ഞിരുന്നതായും സഹപ്രവര്‍ത്തകന്‍ വ്യക്തമാക്കി. ഭീഷണി ഉയര്‍ത്തികൊണ്ടുള്ള വാട്ട്സ്ആപ്പ് സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് ഹമാസ് തന്നെ കാണിച്ചതായും ഇസ്രഈലി നമ്പറില്‍ നിന്നായിരുന്നു സന്ദേശമെന്നും ഹമദിന്റെ സുഹൃത്ത് ചൂണ്ടിക്കാട്ടി.

ഇസ്രഈലിനെ കുറിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തണം. അല്ലാത്തപക്ഷം തങ്ങള്‍ നിങ്ങളെയും തേടി വരും. കുടുംബത്തെയും…, എന്നായിരുന്നു ഭീഷണി സന്ദേശം. വാട്ട്സ്ആപ്പ് സന്ദേശത്തിന് പുറമെ ഭീഷണി ഉയര്‍ത്തികൊണ്ടുള്ള ഫോണ്‍ കോളുകളും ഹമദിന് ലഭിച്ചിരുന്നു.

ഇത് മൂന്നാമത്തെ കരയാക്രമണമാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളായി ജബാലിയ അഭയാര്‍ത്ഥി ക്യാമ്പിന് നേരെ നടക്കുന്നത്. ഗസക്കെതിരായ വ്യോമാക്രമണം ഇസ്രഈല്‍ ശക്തമാക്കുകയും മേഖലയിലേക്ക് സൈന്യം കൂടുതല്‍ ടാങ്കറുകള്‍ എത്തിക്കുകയും ചെയ്തിട്ടുണ്ട്.

ജബാലിയയില്‍ ബോംബാക്രമണം നടത്തുന്നതിന് മുന്നോടിയായി ഇസ്രഈല്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ നിന്ന് ഹമദ് രക്ഷപ്പെട്ടിരുന്നു. പിന്നാലെ ഇസ്രഈലിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടെന്ന് അറിയിച്ചുകൊണ്ട് ഹമദ് സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചിരുന്നു.

ദൈവത്തിന് നന്ദി അറിയിച്ചുകൊണ്ടായിരുന്നു ഹമദിന്റെ പോസ്റ്റ്. ഇതിനുമുമ്പും ഇസ്രഈലിന്റെ ആക്രമണത്തില്‍ നിന്ന് പലതവണ ഹമാസ് രക്ഷപ്പെട്ടിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ആക്രമണത്തില്‍ നിന്ന് ഹമദിന് രക്ഷപെടാന്‍ കഴിയാതെ വരികയായായിരുന്നു.

നിലവിലെ കണക്കുകള്‍ പ്രകാരം ഗസയിലെ ഇസ്രഈല്‍ ആക്രമണത്തില്‍ 172ലധികം മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 36 മാധ്യമ പ്രവര്‍ത്തകരെ കാരണം കൂടാതെ സൈന്യം അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഗസയിലെ മാധ്യമപ്രവര്‍ത്തകന്‍ മുസ്തഫ സവാഫിനെ ഐ.ഡി.എഫ് കൊലപ്പെടുത്തുകയും അദ്ദേഹത്തിന്റെ കുടുംബത്തിലെ 47 അംഗങ്ങളെ ലക്ഷ്യമിട്ട് ഇസ്രഈല്‍ സൈന്യം ആക്രമണം നടത്തുകയും ചെയ്തിരുന്നു.

Content Highlight: Israel killed a Palestinian journalist after threatening to stop news reporting

Latest Stories

We use cookies to give you the best possible experience. Learn more