ഗസക്കെതിരായ ആക്രമണത്തില്‍ ഇസ്രഈല്‍ വ്യാപകമായി എ.ഐ ഉപയോഗിക്കാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്
ഗസ: ഇസ്രഈല്‍ ഹമാസ് ഉടമ്പടി പ്രകാരമുള്ള വെടിനിര്‍ത്തല്‍ അവസാനിച്ചതോടെ ഫലസ്തീനിലെ യുദ്ധം വര്‍ധിപ്പിക്കുന്നതിനായി ഇസ്രഈല്‍ ഭരണകൂടം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ് ഉപയോഗിക്കാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. യുദ്ധത്തിന്റെ വ്യാപ്തി കൂട്ടുന്നതിനായി ഭരണകൂടം ഇസ്രഈല്‍ സൈന്യത്തിന് കൂടുതല്‍ അധികാരം നല്‍കിയതായാണ് സൂചന.
ഇസ്രഈല്‍ മാധ്യമസ്ഥാപനങ്ങളായ +972 മാഗസിനും ലോക്കല്‍ കോളും സംയുക്തമായി നടത്തിയ അന്വേഷണത്തിലൂടെയാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. അന്വേഷണത്തില്‍ മാധ്യമസ്ഥാപനങ്ങള്‍ മുന്‍ ഇസ്രഈല്‍ ഇന്റലിജന്റ്സ് ഉദ്യോഗസ്ഥരെയും അഭിമുഖം നടത്തിയതായും റിപ്പോര്‍ട്ട് വ്യക്തമാക്കി.
ഫലസ്തീനിലെ ആക്രമണത്തിന്റെ തോത് വര്‍ധിപ്പിക്കാനായി ഇസ്രഈല്‍ സൈന്യം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ് ഉപയോഗിക്കുന്നതിനെ ‘കൂട്ടക്കൊല ഫാക്ടറി’ എന്ന് റിപ്പോര്‍ട്ട് ഇസ്രഈലിനെ വിമര്‍ശിച്ചു. യുദ്ധത്തിനായി ഇനി ബാക്കിയുള്ള എല്ലാ സാധ്യതകളും ഇസ്രഈല്‍ ഉപയോഗിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
ഹമാസിന്റെ ഒരു നേതാവിനെ കൊലപ്പെടുത്തുന്നതിനായി, ഇസ്രഈല്‍ 100 ഫലസ്തീനികളെ കൊല്ലാനുള്ള അധികാരം സൈന്യത്തിന് നല്‍കിയിട്ടുണ്ടെന്ന സൂചന ഇസ്രഈല്‍ സര്‍ക്കാര്‍ ഉറവിടങ്ങളില്‍ നിന്ന് ലഭിച്ചതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
ഫലസ്തീനിലെ സ്വകാര്യ വസതികള്‍, അടിസ്ഥാന സൗകര്യങ്ങള്‍, ഉയര്‍ന്ന ഉയരത്തിലുള്ള കെട്ടിടങ്ങള്‍ എന്നിങ്ങനെയുള്ളവയെ ഇസ്രഈല്‍ സൈന്യം പ്രധാനമായും ലക്ഷ്യം വെക്കുന്നതായിയും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.