ആദ്യം വാര്‍ത്തകള്‍ കേട്ടപ്പോള്‍ ഗാസയില്‍ ഇസ്രഈല്‍ നടത്തിയ വ്യോമാക്രമണം അല്ലെങ്കില്‍ സിറിയയില്‍ നടന്ന ആക്രമണം എന്നാണ് കരുതിയത്. “ഭീകരത്താവളത്തില്‍” വ്യോമാക്രമണം എന്നായിരുന്നു ആദ്യം കേട്ട വാര്‍ത്തകള്‍. ” ഉത്തരവുകള്‍ നല്‍കുകയും ഭീകരകേന്ദ്രം ” നശിപ്പിക്കപ്പെട്ടതായും ഒട്ട നവധി “ഭീകരര്‍” കൊല്ലപ്പെട്ടതായും അറിഞ്ഞു. സൈന്യത്തിനുനേരെ നടന്ന ഒരു “ഭീകരാക്രമണത്തിനു” സൈന്യം തിരിച്ചടി നല്കുകയായിരുന്നുവെന്നാണ് അവ നമ്മോടു പറഞ്ഞത്.
ഒരു ഒരു ഇസ്‌ലാമിസ്റ്റ് “ജിഹാദി” താവളം നശിപ്പിക്കപ്പെട്ടു എന്നു കേട്ടതിനു ശേഷമാണ് ബലാകോട്ട് എന്ന പേര് വാര്‍ത്തയില്‍ കേള്‍ക്കുന്നത്. അപ്പോഴാണ് സംഭവം നടന്നത് ഗാസയിലോ, സിറിയയിലോ , ലെബനോണിലോ അല്ലെന്നും അത് പാകിസ്താനിലാണെന്നും എനിക്കു പിടികിട്ടുന്നത്. എത്ര വിചിത്രം! ഇസ്രഈലും ഇന്ത്യയും കൂട്ടിക്കുഴയ്ക്കാന്‍ ആര്‍ക്കങ്കിലും കഴിയും ? പക്ഷേ, പെട്ടെന്ന് മനസ്സില്‍ വന്ന തോന്നല്‍ അങ്ങനെ ഒഴിവാക്കാനാവില്ലല്ലോ. ഇസ്രഈലിലേയും ഇന്ത്യയിലെയും പ്രതിരോധ മന്ത്രാലയങ്ങളുടെ ആസ്ഥാനങ്ങളായ ടെല്‍ അവീവും ന്യൂ ദല്‍ഹിയും തമ്മില്‍ 2500 മൈലുകളുടെ ദൂരമുണ്ട്. എന്നിട്ടും വാര്‍ത്താ ഏജന്‍സികള്‍ നല്‍കുന്ന ഡെസ്പാച്ചുകളിലെ പദപ്രയോഗങ്ങള്‍ തമ്മില്‍ സാമ്യം ഉണ്ടാവുന്നതിനും, അവ ക്‌ളീഷേകളെപ്പോലെയിരിക്കുന്നതിനും കാരണമുണ്ട്.
അടുത്ത കാലത്തായി കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുന്ന ഇന്ത്യാ- പാക് സംഘര്‍ഷാവസ്ഥയില്‍ അങ്ങോളമിങ്ങോളം ഇസ്രായേലിന്റെ വിരലടയാളങ്ങള്‍ കാണാം.
കഴിഞ്ഞ കുറേ മാസങ്ങളായി ഇസ്രാഈല്‍ ഇന്ത്യയില്‍ ബി.ജെ.പിയുടെ ദേശീയവാദിസര്‍ക്കാരുമൊത്ത് അപ്രഖ്യാപിതവും എന്നാല്‍ രാഷ്ട്രീയമായി ആപല്‍ക്കരവുമായ ഒരു പ്രത്യേക അടുപ്പം പുലര്‍ത്തുന്നുണ്ട്. അനൗദ്യോഗികവും, പരസ്യമായി പ്രഖ്യാപിതമല്ലാത്തതും ആയ ഒരു കാര്യമാണത്. ഇസ്രഈലിന്റെ ആയുധക്കമ്പോളത്തില്‍ നിന്നും അടുത്തകാലത്ത് ഏറ്റവുമധികം ആയുധങ്ങള്‍ വാങ്ങിച്ചുകൂട്ടിയ രാജ്യം ഇന്ത്യയാണ്. ഇന്ത്യന്‍ വായുസേന പാക്കിസ്ഥാനിലുള്ള ജെയ്ഷെ മുഹമ്മദ് “ഭീകരവാദി” കളെ വ്യോമാക്രമണത്തിലൂടെ തുടച്ചുനീക്കിയത് ഇസ്രാഈല്‍ നിര്‍മ്മിതമായ റഫാല്‍ സ്പൈസ് -2000 “സ്മാര്‍ട്ട് ബോംബുകള്‍ ” ഉപയോഗിച്ചായിരുന്നുവെന്ന് ഇന്ത്യന്‍ മാധ്യമങ്ങള്‍ ഏറെ കൊട്ടിഘോഷിച്ചതും യാദൃശ്ചികമല്ല.
ആയുധങ്ങള്‍ കൃത്യമായി ലക്ഷ്യസ്ഥാനത്തെത്തി നാശനഷ്ടമുണ്ടാക്കുമെന്ന ഇസ്രയേലിന്റെ പതിവ് വീമ്പു പറച്ചില്‍ പോലെ പാക്കിസ്ഥാനെതിരായ ഇന്ത്യന്‍ ആക്രമണത്തിലും ഊഹാപോഹങ്ങളായിരുന്നു കൂടുതലായി വന്നത്. ഇസ്രഈല്‍ നിര്‍മ്മിത ജി.പി.എസ് ഗൈഡഡ് ബോംബുകള്‍ കൊണ്ട് തുടച്ചുനീക്കിയെന്നു പറയപ്പെടുന്ന “300 -400 ഭീകരര്‍” ഒരു പക്ഷെ, പാറകളോ വൃക്ഷങ്ങളോ ആണെന്നത് പിന്നീട് വെളിപ്പെട്ടേക്കാം.
എന്നാല്‍ , ഫെബ്രുവരി 14 നു 40 ഇന്ത്യന്‍ സുരക്ഷാ സൈനികര്‍ കൊല്ലപ്പെട്ടതും ജെയ്‌ഷെ മുഹമ്മദ് ഉത്തരവാദിത്വം ഏറ്റെടുത്തതും ഈയാഴ്ചയില്‍ ഒരു ഇന്ത്യന്‍ യുദ്ധവിമാനമെങ്കിലും പാക്കിസ്ഥാന്‍ വെടിവെച്ചിട്ടുവെന്നതും യാഥാര്‍ത്ഥ്യമാണ്.
2017 ല്‍ ഇസ്രഈലിന്റെ പക്കല്‍നിന്നും ഏറ്റവുമധികം ആയുധങ്ങള്‍ വാങ്ങിയ രാജ്യം ഇന്ത്യയായിരുന്നു. ഇസ്രാഈലി വ്യോമ പ്രതിരോധവകുപ്പിന് 530 മില്യണ്‍ പൗണ്ട് നല്‍കി വാങ്ങിക്കൂട്ടിയ ഉപകരണങ്ങളില്‍ റഡാര്‍ സിസ്റ്റങ്ങളും, ആകാശത്തുനിന്ന് ഭൂമിയിലേക്ക് വിക്ഷേപിക്കുന്ന മിസൈലുകളും വെടിക്കോപ്പുകളുമെല്ലാം ഉണ്ടായിരുന്നു. അവയിലധികവും ഫലസ്തീനേയും സിറിയയേയും ലക്ഷ്യമിട്ട് ഇസ്രഈല്‍ പ്രയോഗിച്ചു പരീക്ഷിച്ചവയുമായിരുന്നു.
രോഹിംഗ്യന്‍ മുസ്‌ലീങ്ങള്‍ അടങ്ങുന്ന ന്യൂനപക്ഷജനതയെ ഉന്മൂലനം ചെയ്യുന്ന ഒരു നയം മ്യാന്‍മര്‍ ഭരണകൂടം പിന്തുടര്‍ന്ന സാഹചര്യത്തിലാണ് മ്യാന്‍മറിലെ സൈനിക സ്വേച്ഛാധിപത്യവുമായുള്ള ആയുധഇടപാടുകള്‍ക്ക്പാശ്ചാത്യ രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഇസ്രഈല്‍ അതൊന്നും തങ്ങള്‍ക്കു ബാധകമല്ലെന്ന മട്ടില്‍ ഓരോ ന്യായവാദങ്ങള്‍ ഉന്നയിച്ച് ടാങ്കുകളും ആയുധങ്ങളും ബോട്ടുകളും തുടര്‍ന്നും മ്യാന്മറിന് വിറ്റുകൊണ്ടിരുന്നു. ഇസ്രഈലും ഇന്ത്യയുമായുള്ള ആയുധക്കച്ചവടമാകട്ടെ, പൂര്‍ണ്ണമായും നിയമവിധേയവും, പരസ്യവും, ഇരു കക്ഷികളും ആഘോഷപൂര്‍വ്വം കൊണ്ടാടുന്നതുമാണ്.
ഇസ്രഈലിന്റെ “സ്‌പെഷ്യല്‍ കമാന്‍ഡോ” യൂണിറ്റുകളും പരിശീലനത്തിന് ഇന്ത്യ അയച്ച സംഘത്തിലെ അംഗങ്ങളും ചേര്‍ന്ന് നെഗേവ് മരുഭൂമിയില്‍ നടത്തിയ സംയുക്ത അഭ്യാസങ്ങള്‍ ഇസ്രാഈല്‍ വീഡിയോവില്‍ ചിത്രീകരിച്ചുവെച്ചിട്ടുണ്ട്. ഗാസയിലും സിവിലിയന്മാര്‍ തിങ്ങിപ്പാര്‍ക്കുന്ന സംഘര്‍ഷമുള്ള മറ്റിടങ്ങളിലും നടത്തിയ സൈനിക നടപടികളില്‍ നിന്ന് ഇസ്രാഈല്‍ സ്വായത്തമാക്കിയ അനുഭവപാഠങ്ങള്‍ ഇന്ത്യയില്‍ നിന്ന് അയക്കപ്പെട്ട സംഘാംഗങ്ങള്‍ക്ക് പകര്‍ന്നുകൊടുക്കല്‍ സംയുക്ത പരിശീലനത്തിന്റെ ഉദ്ദിഷ്ട ലക്ഷ്യങ്ങളില്‍പ്പെടും.
45 അംഗങ്ങളുള്ള ഇന്ത്യന്‍ മിലിട്ടറി പ്രതിനിധി സംഘത്തിലെ “ഗരുഡ് “കമാന്റോകള്‍ എന്ന് വിളിക്കുന്ന 16 ഇന്ത്യന്‍ സൈനികര്‍ ഏതാനും കാലം ഇസ്രായേലിലെ നേവാറ്റിമ് , പല്‍മാച്ചിം എന്നീ നാവികത്താവളങ്ങളില്‍ നിയോഗിക്കപ്പെട്ടിരുന്നു. ദേശീയവാദിയായ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇസ്രാഈല്‍ സന്ദര്‍ശനത്തെത്തുടര്‍ന്നു നടത്തിയ തന്റെ ആദ്യത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിനിടയില്‍ ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു എടുത്തുപറഞ്ഞ ഒരു കാര്യം, “ഭീകരാക്രമണങ്ങളുടെ വേദന അറിയുന്നവരാണ് ഇന്ത്യക്കാരും ഇസ്രഈലികളും” എന്നായിരുന്നു. മുംബൈയില്‍ 2008 ല്‍ നടന്ന ഇസ്‌ലാമിസ്റ്റ് ആക്രമണത്തില്‍ 170 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടത് അനുസ്മരിച്ചുകൊണ്ട് നെതന്യാഹു മോദിയോട് ഇങ്ങനെ പറഞ്ഞു: ” മുംബൈയില്‍ അരങ്ങേറിയ പൈശാചികത ഞങ്ങള്‍ക്ക് ഓര്‍മ്മയുണ്ട്. ഞങ്ങള്‍ പല്ലിറുമ്മുകയാണ്. ഞങ്ങള്‍ പോരാടിക്കൊണ്ടിരിക്കും. ഒരിക്കലും വിട്ടുകൊടുക്കില്ല ” ബി.ജെ.പി സംസാരിക്കുന്ന അതേ രീതിയില്‍ ആണ് ഇസ്രായേല്‍ പ്രധാനമന്ത്രിയും സംസാരിച്ചത്.
അനേകം ഇന്ത്യന്‍ നിരീക്ഷകര്‍ അന്ന് അഭിപ്രായപ്പെട്ടത് വലതുപക്ഷ സയണിസവും മോദിയുടെ വലതുപക്ഷ ദേശീയതയുമല്ല ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ വ്യത്യസ്ത രീതികളിലെങ്കിലും സമരം ചെയ്ത പാരമ്പര്യമുള്ള ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് അസ്തിവാരമിടേണ്ടത് എന്നായിരുന്നു.
ഇന്തോനേഷ്യയും പാക്കിസ്ഥാനും കഴിഞ്ഞാല്‍ ലോകത്ത് മുസ്ലിം ജനസംഖ്യയില്‍ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയും ഇസ്രഈലുമായി രൂപപ്പെടുത്തുന്ന സൗഹൃദത്തിന്റെ ചട്ടക്കൂട്, ഇന്ത്യയിലെ ഭരണകക്ഷിയായ ബി.ജെ.പിയുടെയും ഇസ്രാഈലിലെ ലിക്കുഡ് പാര്‍ട്ടിയുടെയും ആശയങ്ങള്‍ തമ്മില്‍ വിലയിച്ചുള്ള സ്വാഭാവിക ഐക്യമായി പൊതുബോധത്തിനു മുന്നില്‍ അവതരിപ്പിക്കപ്പെടുകയാണ് എന്ന് ബ്രസ്സല്‍സില്‍ ഗവേഷകയായ ഷൈറീ മല്‍ഹോത്ര ചൂണ്ടിക്കാട്ടുന്നുണ്ട്. ഇസ്രായേലി ദിനപത്രമായ ഹാരെറ്റ്‌സില്‍ കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിലാണ് അവരിതു പറയുന്നത്.
“മുസ്‌ലീങ്ങളുടെ കൈകളാല്‍ ചരിത്രപരമായി ഇരകളാക്കപ്പെട്ടവര്‍ ആണ് ഹിന്ദുക്കള്‍ ” എന്ന ഒരു ആഖ്യാനം നിര്‍മ്മിച്ചാണ് ഹിന്ദു ദേശീയവാദികള്‍ ഹിന്ദുക്കള്‍ക്കിടയില്‍ സ്വീകാര്യത നേടാന്‍ ശ്രമിക്കുന്നത്. ഇത് ഹിന്ദുക്കള്‍ക്ക് ആകര്‍ഷകമായി തോന്നാന്‍ ഇന്ത്യാ വിഭജനവും, അതേത്തുടര്‍ന്ന് പാക്കിസ്ഥാനുമായുള്ള കലുഷിത ബന്ധങ്ങളും സ്വാഭാവികമായും നിമിത്തങ്ങളാകുന്നു.
തന്റെ ഹാരെറ്റ്‌സ് ലേഖനത്തില്‍ മല്‍ഹോത്ര അഭിപ്രായപ്പെടുന്നതുപോലെ , ” ഇസ്രഈലിന്റെ ഇന്ത്യയിലെ ആരാധകരില്‍ അധികം പേരും ” ഇന്റര്‍നെറ്റ് ഹിന്ദുക്കള്‍ ” ആണ് എന്ന് തോന്നുന്നു; അവര്‍ക്കു ഇസ്രഈലിനോടുള്ള ആരാധനയ്ക്കു കാരണം ഫലസ്തീനെ ഒതുക്കുന്നതിലും മുസ്‌ലീങ്ങളോട് യുദ്ധം ചെയ്യുന്നതിലും ഇസ്രഈല്‍ കാട്ടുന്ന മികവാണ് ” എന്നത് ഒരു സത്യമാണ്.
ഇന്ത്യയും, ഇസ്രഈലും അമേരിക്കയും ഇസ്‌ലാമിക ഭീകരവാദത്തിന്റെ കെടുതികളനുഭവിച്ച രാജ്യങ്ങള്‍ എന്ന നിലയില്‍ അവ തമ്മില്‍ ഒരു “മുക്കൂട്ട് സഖ്യം” വേണമെന്ന് കാള്‍ട്ടണ്‍ യൂണിവേഴ്‌സിറ്റി പ്രൊഫസ്സര്‍ ആയ വിവേക് ദെഹേജിയ ആവശ്യപ്പെട്ടതിനെ മല്‍ഹോത്ര അപലപിക്കുന്നുണ്ട്.
കണക്കുകള്‍ പ്രകാരം 2016 അവസാനത്തില്‍ ഇന്ത്യയില്‍ നിന്ന് ഐസിസില്‍ ചേരാന്‍ അറബ് രാജ്യങ്ങളിലേക്ക് പോയത് ആകെ 23 പുരുഷന്മാരാണെങ്കില്‍, വെറും അഞ്ചു ലക്ഷം മുസ്‌ലീങ്ങളുള്ള ഡെന്മാര്‍ക്കില്‍ നിന്ന് 500 ഐസിസ് പോരാളികള്‍ ഉണ്ടായി.
ഇന്ത്യ- ഇസ്രാഈല്‍ ബന്ധം പ്രായോഗികതയുടെ മാത്രം തലത്തില്‍ ആകാമെങ്കിലും പ്രത്യയശാസ്ത്രത്തിന്റെ തലത്തില്‍ അങ്ങനെയൊരു സഹകരണം ആശാസ്യമല്ല എന്നാണ് മല്‍ഹോത്രയുടെ വാദം.
വിവേക് ദെഹേജിയ
പക്ഷെ, ഇസ്രാഈല്‍ ധാരാളമായി ഇന്ത്യയ്ക്ക് ആയുധങ്ങള്‍ സപ്ലൈ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ , 1992 മുതല്‍ ഇസ്രഈലുമായി നയതന്ത്ര ബന്ധങ്ങളുള്ള ഇന്ത്യ ഏറ്റവും ഒടുവില്‍ ലഭിച്ച ആയുധങ്ങള്‍ പാകിസ്താനിലുള്ള ഇസ്‌ലാമിസ്റ്റുകള്‍ക്കെതിരെ ഇപ്പോള്‍ത്തന്നെ ഉപയോഗിച്ച നിലക്ക്, ഹിന്ദു ദേശീയതയെ സയണിസ്റ്റ് ദേശീയത സ്വാധീനിക്കുകയില്ലെന്ന് എങ്ങിനെയാണ് പറയാന്‍ കഴിയുക?
“ഭീകരയ്ക്കെതിരായ യുദ്ധ”ത്തില്‍, പ്രത്യേകിച്ചും “ഇസ്‌ലാമിസ്റ്റ് ഭീകരത”യ്‌ക്കെതിരായ യുദ്ധത്തില്‍, പങ്കാളിയാവാന്‍ സമ്മതം നല്‍കുക എന്നത് കൊളോണിയല്‍ ഭരണകാലത്ത് വിഭജിക്കപ്പെട്ടതും, മുസ്ലീം അയല്‍ രാജ്യങ്ങളാല്‍ സുരക്ഷാ ഭീഷണി നേരിടുന്നതുമായ രണ്ട് രാജ്യങ്ങള്‍ക്കും സ്വാഭാവികമായി തോന്നാം.
രണ്ട് രാജ്യങ്ങളുടെ കാര്യത്തിലും മത്സരം ഭൂപ്രദേശങ്ങള്‍ സ്വന്തമാക്കാനോ അധിനിവേശം നടത്താനോ ആണ്. ഇസ്രഈലും ഇന്ത്യയും പാകിസ്ഥാനും എല്ലാം ആണവായുധങ്ങള്‍ സ്വന്തമായുള്ള ശക്തികളാണ് എന്നതും. പലസ്തീനും കശ്മീരും കൂട്ടിക്കുഴയ്ക്കപ്പെടാതിരിക്കാന്‍ ഒരു കാരണമാകുന്നു. ഒപ്പം , ഇന്ത്യയിലെ 18 കോടി മുസ്‌ലീങ്ങളെ അവരുടെ പാട്ടിനു വിടാനും.
പരിഭാഷ: കെ.എം വേണുഗോപാലന്‍
കടപ്പാട്: ഇന്‍ഡിപ്പെന്റന്റ്