ന്യൂദല്‍ഹി: ഇസ്രാഈല്‍ പ്രതിരോധ മന്ത്രാലയവും ന്യൂദല്‍ഹിയിലെ പ്രതിരോധ മന്ത്രാലയവും തമ്മില്‍ 2500 മൈല്‍ ദൂരമുണ്ടെങ്കിലും രണ്ടിനും സമാനതകളുണ്ടെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ റോബര്‍ട്ട് ഫിസ്‌ക്. കഴിഞ്ഞ കുറേകാലമായി ഇസ്രാഈല്‍ ബി.ജെ.പി സര്‍ക്കാരിനൊപ്പം അണിചേര്‍ന്നിരിക്കുകയാണെന്നും റോബര്‍ട്ട് ഫിസ്‌ക് പറഞ്ഞു.
പാകിസ്ഥാനിലെ ബാലാകോട്ടില്‍ ഇന്ത്യന്‍ സൈനികള്‍ നടത്തിയ ആക്രമണത്തെ കുറിച്ച് ദി ഇന്‍ഡിപെന്‍ഡന്റ് പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് റോബര്‍ട്ട് ഫിസ്‌ക് ഇന്ത്യ-ഇസ്രാഈല്‍ ബന്ധത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.
“അപകടകരമായ ഈ ഇസ്ലാമിക വിരുദ്ധ സഖ്യം അനൗദ്യോഗികമാണെങ്കിലും ഇസ്രാഈലിന്റെ ആയുധ കച്ചവടത്തിന്റെ ഏറ്റവും വലിയ വിപണി ഇന്ത്യയായി ഇപ്പോള്‍ മാറിക്കഴിഞ്ഞു. പാകിസ്ഥാനിലെ ജെയ്ശെ മുഹമ്മദിന്റെ ഭീകരര്‍ക്കു നേരെ ഇന്ത്യന്‍ വിമാനങ്ങള്‍ വര്‍ഷിച്ചത് ഇസ്രാഈല്‍ നിര്‍മിത റഫാല്‍ സ്പൈസ് 2000 സ്മാര്‍ട്ട് ബോംബാണെന്ന് ന്യൂദല്‍ഹി മാധ്യമങ്ങള്‍ കൊട്ടിഘോഷിക്കുന്നത് അവിചാരിതമാണെന്ന് കരുതിക്കൂട.
2017ല്‍ ഇസ്രാഈലിന്റെ ഏറ്റവും വലിയ ആയുധ ഉപഭോക്താവ് ഇന്ത്യയായിരുന്നു. റഡാര്‍, ആകാശ-കര മിസൈലുകള്‍ എന്നിങ്ങനെ 53 കോടി ഡോളറിന്റെ ആയുധങ്ങളാണ് ഇന്ത്യ വാങ്ങിയത്. പലസ്തീനിലും സിറിയയിലും ഇസ്രാഈല്‍ പരീക്ഷിച്ചു വിജയിച്ച ആയുധങ്ങളാണിത്.
1992ല്‍ പരസ്പരം നയതന്ത്രം സ്ഥാപിച്ച ഇന്ത്യക്ക് ഇസ്രാഈല്‍ ആയുധകുമ്പാരം നല്‍കിവരുന്ന ഒരു ഘട്ടത്തില്‍ ഹിന്ദു ദേശീയതയ്ക്ക് മേല്‍ സയണിസ്റ്റ് ദേശീയത അള്ളിപ്പിടിച്ചിരിക്കുകയാണ് എന്ന് പറയാനാവില്ല. ഏറ്റവുമൊടുവില്‍ ഈ ആയുധങ്ങള്‍ പാകിസ്ഥാനിലെ ഇസ്ലാമിസ്റ്റുകള്‍ക്കെതിരെ ഉപയോഗിക്കുകയു ചെയ്തു”- റോബര്‍ട്ട് ഫിസ്‌ക് പറയുന്നു.
ഇന്ത്യയും ഇസ്രാഈലും തമ്മില്‍ സംയുക്ത സൈനിക പരിശീലനം നടക്കുന്നതായും റോബര്‍ട്ട് ഫിസ്‌ക് പറഞ്ഞു.
“ഇന്ത്യ അയച്ച സൈനികരും ഇസ്രാഈല്‍ കമാന്‍ഡോകളും നെഗോവ് മരുഭൂമിയില്‍ പരിശീലനാര്‍ത്ഥം സൈനികാഭ്യാസം നടത്തിയത് ഇസ്രാഈല്‍ ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. ഗസ്സയിലും മറ്റു ജനവാസ കേന്ദ്രങ്ങളിലും യുദ്ധ മുന്നണികളിലും അവരുടെ കമാന്‍ഡോകള്‍ നടത്തിയ ആയുധ പാടവമാണ് ഇന്ത്യ സ്വായത്തമാക്കിയിരിക്കുന്നത്.
45 അംഗ ഇന്ത്യന്‍ സൈനികപ്രതിനിധി സംഘത്തിന്റെ ഭാഗമായ 16 ഗരുഡ് കമാന്‍ഡോകള്‍ കുറെ കാലത്തേയ്ക്ക് ഇസ്രാഈലിലെ നെവാതി, പാല്‍മചിം വ്യോമത്താവളങ്ങളിലാണ്”.
പലസ്തീനേയും കശ്മീരിനേയും കൂട്ടിക്കുഴക്കരുതെന്നും ലോകത്തില്‍ മുസ്ലീം ജനസംഖ്യയില്‍ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയിലെ 18 കോടി മുസ്ലീംങ്ങളെ വെറുതെ വിടണമെന്നും റോബര്‍ട്ട് ഫിസ്‌ക് തന്റെ ലേഖനത്തില്‍ പറയുന്നു.
“ഇന്ത്യയിലെ ബി.ജെ.പിയും ഇസ്രാഈലിലെ ലിക്കുഡ് പാര്‍ട്ടിയും ഒരേ ആശയമാണ് പിന്തുടരുന്നതെന്ന് കഴിഞ്ഞവര്‍ഷം ഇസ്രാഈല്‍ ദിനപത്രമായ ഹാരസ്റ്റില്‍ ഷായിരീ മല്‍ഹോത്ര എഴുതിയിരുന്നു. ഹിന്ദുക്കള്‍ ചരിത്രപരമായി മുസ്ലീം കൈക്കുള്ളിലെ ഇരകളാണെന്ന ഒരു കഥ ഹിന്ദു ദേശീയവാദികള്‍ ഉണ്ടാക്കിയെടുത്തിട്ടുണ്ട്.
ഇന്ത്യാ വിഭജനവും പാകിസ്ഥാനുമായുള്ള പ്രക്ഷുബ്ധ ബന്ധവും ഓര്‍മയില്‍ സൂക്ഷിക്കുന്ന ഹിന്ദുക്കളെ ആകര്‍ഷിക്കുന്ന വര്‍ത്തമാനമാണിത്. ഇസ്രാഈലിന്റെ ഏറ്റവും വലിയ ആരാധകര്‍ ഇന്റര്‍നെറ്റ് ഹിന്ദുക്കളാണെന്നും ഷായിരീ മല്‍ഹോത്ര എഴുതിയിരുന്നു. പലസ്തീനിലെ മുസ്ലീംങ്ങളെ ഇസ്രാഈല്‍ കൈകാര്യം ചെയ്യുന്ന രീതി അവര്‍ക്കിഷ്ടമാണ്.
വിഭജനത്തിനു സാക്ഷികളാകുകയും മുസ്ലീം അയല്‍ രാജ്യങ്ങളില്‍ നിന്ന് സുരക്ഷാ ഭീഷണി നേരിടുകയും ചെയ്യുന്ന ഇന്ത്യയും ഇസ്രാഈലും ഭീകരതക്കെതിരായ യുദ്ധത്തില്‍ പ്രത്യേകിച്ച് ഇസ്ലാമിക ഭീകരതക്കെതിരെ കൈകോര്‍ക്കുന്നത് സ്വാഭാവികമാണെന്ന് തോന്നാം.
ഭൂ പ്രദേശങ്ങളില്‍ അവകാശം നേടുകയോ അധിനിവേശം നടത്തുകയോ ചെയ്യുന്ന ബലപരീക്ഷണമാണ് ഇരുവര്‍ക്കും നടത്താനുള്ളത്. ഇസ്രാഈലിനും ഇന്ത്യക്കും പാകിസ്ഥാനും ആണവശേഷിയുണ്ട്. ഫലസ്തീനിനേയും കശ്മീരിനേയും കൂട്ടിക്കുഴക്കരുത്. ഇന്ത്യയിലെ 18 കോടി മുസ്ലീംങ്ങളെ വെറുതെ വിടുക”- റോബര്‍ട്ട് ഫിസ്‌ക് പറയുന്നു.