| Sunday, 1st January 2023, 11:26 am

ഒരു യു.എന്‍ പ്രമേയത്തിനും ആ ചരിത്ര സത്യത്തെ വളച്ചൊടിക്കാനാവില്ല, യു.എന്നിന്റേത് നിന്ദ്യമായ തീരുമാനം: നെതന്യാഹു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെല്‍ അവീവ്: ഇസ്രഈലിന്റെ നിയമവിരുദ്ധ ഫലസ്തീന്‍ അധിനിവേശ പ്രശ്നത്തില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയോട് അഭിപ്രായം തേടിയ ഐക്യരാഷ്ട്രസഭയുടെ നടപടിയെ വിമര്‍ശിച്ച് ഇസ്രഈലിന്റെ നിയുക്ത പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. വിഷയത്തില്‍ യു.എന്നില്‍ അവതരിപ്പിച്ച പ്രമേയത്തെയും വലതുപക്ഷ നേതാവ് അപലപിച്ചു.

”യഹൂദ ജനത അവരുടെ സ്വന്തം ഭൂമിയിലെ അധിനിവേശക്കാരോ നമ്മുടെ ശാശ്വത തലസ്ഥാനമായ ജറുസലേമിലെ അധിനിവേശക്കാരോ അല്ല, ഒരു യു.എന്‍ പ്രമേയത്തിനും ആ ചരിത്ര സത്യത്തെ വളച്ചൊടിക്കാന്‍ കഴിയില്ല, യു.എന്നിന്റെ നിന്ദ്യമായ തീരുമാനത്തിന് ഇസ്രായേല്‍ ബാധ്യസ്ഥരല്ലെന്ന് നെതന്യാഹു വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

അതേസമയം യു.എന്നിന്റെ നീക്കത്തെ ഫലസ്തീന്‍ സ്വാഗതം ചെയ്തിട്ടുണ്ട്.

ഫലസ്തീന്‍ പ്രദേശങ്ങളില്‍ ഇസ്രഈല്‍ നടത്തുന്ന നിയമവിരുദ്ധമായ അധിനിവേശത്തിന്റെ നിയമപരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് അഭിപ്രായം പറയാനാണ് 193 അംഗ ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലി വെള്ളിയാഴ്ച അന്താരാഷ്ട്ര നീതിന്യായ കോടതിയോട് (International Court of Justice) ആവശ്യപ്പെട്ടത്.

ഫലസ്തീന്‍ പ്രദേശങ്ങളില്‍ ഇസ്രഈല്‍ നടത്തുന്ന അധിനിവേശത്തെക്കുറിച്ച് കോടതിയുടെ അഭിപ്രായം തേടാനുള്ള അഭ്യര്‍ത്ഥന യു.എന്‍ പൊതുസഭ അംഗീകരിച്ച പ്രമേയത്തില്‍ 87 രാജ്യങ്ങള്‍ അനുകൂലമായി വോട്ട് ചെയ്തു. ഇസ്രഈലും അമേരിക്കയും മറ്റ് 24 അംഗരാജ്യങ്ങളും എതിര്‍ത്ത് വോട്ട് ചെയ്തപ്പോള്‍ 53 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു.

റഷ്യയും ചൈനയും പ്രമേയത്തിന് അനുകൂലമായാണ് വോട്ട് ചെയ്തത്.

പാശ്ചാത്യ രാജ്യങ്ങള്‍ക്കിടയില്‍ പ്രമേയത്തിന് നേരെ ഭിന്നാഭിപ്രായങ്ങളാണ് ഉണ്ടായതെങ്കിലും ഇസ്ലാമിക രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു.

ലോക കോടതി എന്ന പേരിലും അറിയപ്പെടുന്ന, ഹേഗ് (Hague) ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ.സി.ജെ, വിവിധ രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള യു.എന്നിലെ ഉന്നത കോടതിയാണ്.

അതേസമയം വിധികള്‍ നടപ്പിലാക്കാനുള്ള അധികാരം ഐ.സി.ജെക്കില്ല.

1967ലെ യുദ്ധത്തിലാണ് വെസ്റ്റ് ബാങ്ക്, ഗാസ, കിഴക്കന്‍ ജറുസലേം എന്നിവ ഇസ്രഈല്‍ പിടിച്ചെടുത്തത്. 2005ല്‍ ഗാസയില്‍ നിന്ന് പിന്‍വാങ്ങി. ഏകദേശം 25 ലക്ഷം ഫലസ്തീനികള്‍ അധിനിവേശ വെസ്റ്റ് ബാങ്കില്‍ താമസിക്കുന്നുണ്ട്. എന്നാല്‍ അവരുടെ നീക്കങ്ങള്‍ക്ക് മേല്‍ ഇസ്രഈല്‍ സൈന്യത്തിന്റെ കര്‍ശനമായ നിയന്ത്രണമുണ്ട്.

അതിനിടെ ഇസ്രഈലില്‍ പുതുതായി അധികാരമേറ്റ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സര്‍ക്കാര്‍ അധിനിവേശ വെസ്റ്റ് ബാങ്കില്‍ ജൂത സെറ്റില്‍മെന്റുകള്‍ പണിയുന്നതിനും അവ വിപുലീകരിക്കുന്നതിനുമായിരിക്കും തങ്ങള്‍ മുന്‍ഗണന നല്‍കുകയെന്ന് വ്യക്തമാക്കിയിരുന്നു.

ഒദ്യോഗികമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുന്നതിന് തൊട്ടുമുമ്പായിരുന്നു ഇത് സംബന്ധിച്ച പുതിയ സര്‍ക്കാരിന്റെ നയരേഖ (policy guidelines) നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടി പുറത്തിറക്കിയത്.

Content Highlight: Israel is not bound by the despicable decision of UN resolution says Israeli Prime Minister Benjamin Netanyahu

We use cookies to give you the best possible experience. Learn more