ഇസ്രഈല്‍ ഗസയില്‍ നടത്തുന്നത് വംശീയ ഉന്മൂലനം; ഉത്തരവാദി നെതന്യാഹുവും: മുന്‍ ഇസ്രഈല്‍ പ്രതിരോധമന്ത്രി
World News
ഇസ്രഈല്‍ ഗസയില്‍ നടത്തുന്നത് വംശീയ ഉന്മൂലനം; ഉത്തരവാദി നെതന്യാഹുവും: മുന്‍ ഇസ്രഈല്‍ പ്രതിരോധമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 1st December 2024, 3:11 pm

ടെല്‍ അവീവ്: ഗസയില്‍ ഇസ്രഈല്‍ നടത്തുന്നത് വംശീയ ഉന്മൂലനമെന്ന് ഇസ്രഈല്‍ മുന്‍ പ്രതിരോധമന്ത്രിയും ഐ.ഡി.എഫ് സ്റ്റാഫ് മേധാവിയുമായ മോഷെ യാലോണ്‍. ഇത്തരം പ്രവര്‍ത്തികള്‍ രാജ്യത്തിനെ നാശത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇസ്രഈലിലെ ജനങ്ങള്‍ വലിച്ചിഴക്കപ്പെടുന്നത് ഗസയിലെ വംശീയ ഉന്മൂലനത്തിലേക്കും അധിനിവേശത്തിലേക്കുമാണെന്ന് പറഞ്ഞ മോഷേ യലോണ്‍ നിലവിലെ ഇസ്രഈലിന്റെ സ്ഥിതിക്ക് കാരണക്കാരന്‍ നെതന്യാഹുവാണെന്നും വിമര്‍ശിച്ചു.

നെതന്യാഹു രാജ്യത്തെ ജനങ്ങളെ ആശയക്കുഴപ്പത്തിലേക്ക് നയിക്കാന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഗസ മുനമ്പില്‍ നടക്കുന്നത് വംശീയ ഉന്മൂലനമാണോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ബെയ്ത്ത് ലഹിയയും ബെയ്ത്ത് ഹാനോനും ജബലിയയൊന്നും ഇപ്പോഴില്ലെന്നും അവിടെ നിന്നെല്ലാം അറബുകള്‍ കുടിയൊഴിപ്പിക്കപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം വംശീയ ഉന്മൂലനത്തിനെ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ എല്ലാം തന്നെ തെറ്റാണെന്നാണ് ഇസ്രഈലിന്റെ വാദം. എന്നാല്‍ ഇതാദ്യമായല്ല ഇസ്രഈലിനെതിരെ വംശഹത്യ ആരോപണം ഉയരുന്നത്.

ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഇസ്രഈലിനെതിരെ വംശഹത്യ കുറ്റം ആരോപിച്ച് ഇസ്രഈല്‍ കേസ് ഫയല്‍ ചെയ്തിരുന്നു. അയല്‍ രാജ്യമായ തുര്‍ക്കി അടക്കമുള്ള രാജ്യങ്ങള്‍ ആ കേസില്‍ ദക്ഷിണാഫ്രിക്കയെ പിന്തുണച്ചിരുന്നു.

കഴിഞ്ഞ മാസം ഗസയില്‍ വംശഹത്യ തുടരുന്ന ഇസ്രഈലിന്റെ നടപടികളെ അപലപിച്ച് ഇസ്രഈലുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുന്നുവെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗാന്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി തങ്ങളുടെ അംബാസിഡറെ ഇസ്രഈലില്‍ നിന്ന് തുര്‍ക്കി തിരിച്ച് വിളിച്ചിരുന്നു.

നിരോധനം ഏര്‍പ്പെടുത്തിയതിന്റെ ഭാഗമായി ഇസ്രഈല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗിന് COP29ന് പങ്കെടുക്കുന്നതിനായി വിമാനം കടന്ന് പോകാനുള്ള വ്യോമപാത പോലും തുര്‍ക്കി നിഷേധിച്ചിരുന്നു.

Content Highlight: Israel is doing ethnic cleansing Gaza; Also responsible is Netanyahu says former Israeli defense minister