1 : എങ്ങിനെയാണ് ഹമാസിന്റെ ആക്രമണമുണ്ടാകുന്നത്
2 : ഫലസ്തീനിന്റെ ഇസ്രഈലിന്റെയും സ്വയം പ്രതിരോധത്തിനുള്ള അവകാശം
മൈക്കല്‍ ആല്‍ബെര്‍ട്ട്: ഇനി ചോദിക്കാന്‍ പോകുന്നത് ഭാവിയിലേക്കുള്ള ചൂണ്ടുപലക കരുതാവുന്ന രണ്ട് ചോദ്യങ്ങളാണ്. അതില്‍ ഒരെണ്ണം മറുപടി പറയാന്‍ അല്‍പം ബുദ്ധിമുട്ടുള്ളതാണ്. ഫലസ്തീനികള്‍ ഈ സന്നിഗ്ധ ഘട്ടത്തില്‍ എടുക്കുന്ന നിലപാടിനെ പറ്റിയാണ്.
ഹമാസ് ഫലസ്തീന്‍ ജനതയെ പ്രതിനിധീകരിക്കുന്ന ഒരു സംഘടനയാണെന്നും അതുണ്ടായത് തന്നെ ഗസയിലെ ഫലസ്തീനികളുടെ ക്ഷേമത്തിന് വേണ്ടിയാണ് എന്നും ഒരുനിമിഷം നമുക്ക് സങ്കല്‍പ്പിക്കാം. സാവധാനം മരണം വരിച്ചുകാെണ്ടിരിക്കുന്ന ഫലസ്തീന്‍ ജനതക്ക് വേണ്ടി ഫലവത്തായി എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന് അവര്‍ ആഗ്രഹിക്കുന്നു എന്നും നമുക്ക് കരുതാം.
ഇപ്പോള്‍ ചെയ്തതില്‍ കൂടുതലായി എന്തെങ്കിലുമൊക്കെ അവര്‍ക്ക് ചെയ്യാന്‍ സാധിക്കുമായിരുന്നോ ? അത്തരത്തിലുള്ള ഒരു ഉദ്യമത്തിന് സാധ്യമായ നിര്‍ദ്ദേശങ്ങള്‍ പോലും ഈയൊരവസരത്തില്‍ ആശാവഹമാണ്. കൂടാതെ ഇത്തരം നിര്‍ദ്ദേശങ്ങള്‍ പ്രയാസമേറിയ സന്ദര്‍ഭങ്ങളില്‍ നടക്കുന്നതും നടക്കാത്തതുമായ കാര്യങ്ങള്‍ എന്തൊക്കെയാണ് എന്ന് നമ്മെ പഠിപ്പിക്കുകയും ചെയ്യുന്നു. അപ്പോള്‍ താങ്കളുടെ അഭിപ്രായം എന്താണ്?
സ്റ്റീഫന്‍ ആര്‍. ഷാലോം:ഹമാസ് ഇപ്പോള്‍ ചെയ്തതില്‍ നിന്നും ഒരല്‍പം വ്യതസ്തതയോടെയാണ് കാര്യങ്ങള്‍ ചെയ്തത് എന്ന് കരുതുക. അതായത് ഒക്ടോബര്‍ 7 ന് അവര്‍ ഇപ്പോള്‍ നടത്തിയതിന് സമാനമായ ആക്രമണം തന്നെ നടത്തി എന്ന് സങ്കല്‍പ്പിക്കുക. ഇസ്രായേലിന്റെ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് ഡ്രോണുകള്‍ തൊടുത്തു വിടുക, വേലിക്കെട്ടുകള്‍ തകര്‍ക്കുക തുടങ്ങിയ കാര്യങ്ങളാെക്കെത്തന്നെയാണ് അവര്‍ ചെയ്തത് എന്നും കരുതുക.
അവര്‍ ആക്രമിച്ചത് എട്ട് സൈനികത്താവളങ്ങളെയും ഇരുപത് താമസ സമുച്ചയങ്ങളെയും ഒരു സംഗീതോത്സവ പരിപാടിയെയുമാണ്. എന്നാല്‍ ഹമാസ് അന്ന് ഗ്രാമങ്ങളെയോ പാര്‍പ്പിട സമുച്ചയങ്ങളേയോ ഗാനമേള പരിപാടിയേയോ ഒന്നും ആക്രമിക്കാതെ സൈനികത്താവളങ്ങളെ മാത്രമേ ആക്രമിച്ചുള്ളു എന്നു സങ്കല്‍പ്പിച്ചു നോക്കൂ.
എന്റെ കാഴ്ചപ്പാടില്‍ അതിന് വളരെ വ്യത്യസ്തമായ ഒരു ധാര്‍മ്മിക വശം ഉണ്ടാകുമായിരുന്നു. പ്രസ്തുത ആക്രമണത്തിനെതിരില്‍ ജനവികാരം തിരിച്ചു വിടാന്‍ ഇസ്രഈല്‍ ഗവണ്‍മെന്റ് വളരെയധികം പ്രയാസപ്പെടുമായിരുന്നു. നെതന്യാഹുവിന്റെ ഭരണത്തില്‍ പൊറുതി മുട്ടിയ ഇസ്രഈല്‍ ജനതക്ക് ഹമാസിനേക്കാള്‍ ദേഷ്യം നെതന്യാഹുവിനോടാകുമായിരുന്നു.
മൈക്കല്‍ ആല്‍ബര്‍ട്ട്: അതേക്കുറിച്ച് ഒരു ചോദ്യം കൂടി ഞാന്‍ ചോദിക്കാന്‍ ആഗ്രഹിക്കുകയാണ്. താങ്കള്‍ സൂചിപ്പിച്ചത് പോലെ തന്നെ ഹമാസ് നേതാക്കള്‍ ഗസയിലെ ഒരു മുറിയിലിരുന്നുകൊണ്ട് ഒരു വര്‍ഷത്തോളമായി ഇതിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ടായിരുന്നിരിക്കണം. താങ്കള്‍ ഇപ്പോള്‍ പറഞ്ഞ കാര്യം അവര്‍ക്കറിയാതിരിക്കുന്നതെങ്ങനെ എന്നാണ് ഞാന്‍ അത്ഭുതപ്പെടുന്നത് ?
ആക്രമണത്തെക്കുറിച്ചുള്ള ആലോചനകള്‍ നടന്നപ്പോഴൊന്നും ഇസ്രഈലിന്റെ സൈനികത്താവളങ്ങളെ മാത്രം ആക്രമിക്കുന്നതും അതോടൊപ്പം സാധാരണക്കാരായ ജനങ്ങളെക്കൂടി ആക്രമിക്കുന്നതും തമ്മിലുള്ള വ്യത്യാസം എന്താണ് എന്നവര്‍ക്ക് മനസ്സിലായിട്ടുണ്ടാവില്ല എന്ന് നമ്മള്‍ കരുതുന്നതെങ്ങനെ?
അത്തരമൊരു ആക്രമണം നടത്താന്‍ യാതൊരു ഉദ്ദേശ്യവും അവര്‍ക്കുണ്ടായിരുന്നില്ല എന്നൊരു സാധ്യത അവിടെ നിലനില്‍ക്കുന്നുണ്ടോ? അന്ന് നടന്ന ആക്രമണം അങ്ങനെയൊക്കെ ആയിത്തീരാന്‍ കാരണം അക്രമികളില്‍ ചിലരുടെ ആ സമയത്തുണ്ടായ ഭീതിയോ , പരിഭ്രമമോ, അക്രമ വാസനയാേ പൊട്ടിത്തെറിയോ ഒക്കെയും ആകാമെന്നുണ്ടോ?
സറ്റീഫന്‍ ആര്‍. ഷാലോം: തീര്‍ച്ചയായും അങ്ങനെയും ആവാം. പക്ഷേ കൊല്ലപ്പെട്ട ആളുകളുടെ എണ്ണം വെച്ച് നോക്കുമ്പോള്‍ അക്കാര്യത്തില്‍ എനിക്കല്‍പം സംശയമുണ്ട്. ഹമാസ് അതിനെക്കുറിച്ച് ധാരാളം വിശദീകരണങ്ങള്‍ നല്‍കുന്നുണ്ട്. അതിലൊന്ന് ആ ദിവസം വേലികള്‍ തകര്‍ത്തെറിഞ്ഞ് മുന്നോട്ട് കുതിച്ച അവരോടൊപ്പം ക്രിമിനല്‍ സംഘങ്ങളുടെ കൂട്ടങ്ങള്‍ അകത്തേക്ക് പ്രവേശിച്ചു എന്നും ഇസ്രഈല്‍ സിവിലിയന്‍മാര്‍ക്കെതിരില്‍ നടന്ന മുഴുവന്‍ ആക്രമണങ്ങള്‍ക്കും ഉത്തരവാദികള്‍ ഈ ക്രിമിനല്‍ സംഘങ്ങളാണെന്നുമാണ്. അത് അങ്ങനെയാവാന്‍ സാധ്യതയില്ല എന്നാണ് എന്റെ നിഗമനം.
മൈക്കല്‍ ആല്‍ബര്‍ട്ട്: പക്ഷേ കൂടുതല്‍ വിശ്വസനീയമായ വാദം അതുതന്നെയാണ് എന്നാണ് എനിക്ക് തോന്നുന്നത്. എന്തെന്നാല്‍ ക്രിമിനല്‍ സംഘങ്ങള്‍ അങ്ങനെയൊക്കെ പെരുമാറുന്നത് നമുക്ക് മനസ്സിലാക്കാം. എന്നാല്‍ സങ്കീര്‍ണ്ണമായ രാഷ്ട്രീയഘടനയുള്ള ഒരു സംഘടന, അവര്‍ ദേശീയവാദികളായാലും മറ്റെന്തൊക്കെയാണെങ്കിലും, തങ്ങള്‍ ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ക്ക് അതിന്റെ പോസിറ്റീവ് ഫലങ്ങളേക്കാള്‍ വിപരീത ഫലങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതയെ അവര്‍ തള്ളിക്കളയും എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.
സ്റ്റീഫന്‍ ആര്‍. ഷാലോം: ശരിയാണ്. എന്നാല്‍ ഈ കൂട്ടക്കൊലകള്‍ നടത്തിയത് ക്രിമിനല്‍ സംഘങ്ങളല്ല എന്ന് ഞാന്‍ കരുതാന്‍ രണ്ട് കാരണങ്ങളുണ്ട്. ഹമാസ് ഉദ്യോഗസ്ഥരുമായി നടത്തിയ രണ്ട് വ്യത്യസ്ത അഭിമുഖങ്ങളില്‍ അവര്‍ നല്‍കിയ ന്യായീകരണങ്ങള്‍ പരിശോധിച്ചാല്‍ ഇതിന് പിന്നില്‍ ക്രിമിനല്‍ കൂട്ടങ്ങളല്ല എന്ന് വ്യക്തമാവും.
ക്രിമിനല്‍ സംഘങ്ങളാണിത് ചെയ്തതെങ്കില്‍ അവരെ ആദ്യം അപലപിക്കുന്നത് ഹമാസ് ആയിരുന്നേനെ.
അതിനുപകരം ഒരു ഹമാസ് ഉദ്യോഗസ്ഥന്‍ ഇന്റര്‍വ്യൂവില്‍ ചോദ്യകര്‍ത്താവിനോട് ഇപ്രകാരം പറഞ്ഞു: ‘ശരി, നിങ്ങളവരെ സിവിലിയന്‍മാര്‍ എന്ന് വിളിച്ചോളൂ ! പക്ഷേ തന്റെ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഇസ്രായേല്‍ ഗവണ്‍മെന്റിനു വേണ്ടി സൈബര്‍ ആക്രമണം നടത്തുന്നയാള്‍ ഒരു സ്ത്രീയാണെങ്കില്‍ കൂടി ഞങ്ങളവരെ ഒരു സിവിലിയനായി കണക്കാക്കില്ല. ഓരോ വ്യക്തിയെയും ഇരയെയും ഇന്റര്‍വ്യൂ ചെയ്യാനോ അവര്‍ ആരാണെന്ന് തെളിയിക്കാനോ ഉള്ള ശ്രമം അന്നവിടെ നടന്നിട്ടില്ല എന്നത് ശരിയാണ്.
കൊല്ലപ്പട്ടവരില്‍ ഒരു കൂട്ടം സമാധാന പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നു എന്ന് ഞങ്ങള്‍ക്കറിയാം. ഒരു കൂട്ടം അറബ് വംശജരായ ഇസ്രായേല്യരും (അടിസ്ഥാനപരമായി ഫലസ്തീനികള്‍ തന്നെ)അന്ന് കൊല്ലപ്പെട്ടവരിലുണ്ട് എന്നും ഞങ്ങള്‍ക്കറിയാം.’ അതുകാെണ്ട് താങ്കള്‍ മുകളില്‍ പറഞ്ഞ വാദം യുക്തിപരമായി ശരിയാണെങ്കിലും കാര്യമായി എടുക്കാര്‍ കഴിയില്ല.
‘കുടിയേറ്റക്കാര്‍ സിവിലിയന്‍മാരല്ല ‘ എന്ന ഹമാസിന്റെ പ്രഖ്യാപനമാണ് ആക്രമണത്തിന് പിന്നില്‍ അവരാണ് എന്ന് ഞാന്‍ കരുതാനുള്ള രണ്ടാമത്തെ കാരണം. ഒരര്‍ത്ഥത്തില്‍ അത് ശരിയുമാണ്. വെസ്റ്റ് ബാങ്കിലെ സെറ്റില്‍ മെന്റുകളില്‍ താമസിച്ചിരുന്ന ധാരാളം കുടിയേറ്റക്കാര്‍ ആക്രമണ സമയത്ത് ഓടിയിറങ്ങിയത് ആയുധങ്ങളുമായിട്ടായിരുന്നു.
അതിനര്‍ത്ഥം അവര്‍ സായുധരായിരുന്നു എന്നാണ്. അവര്‍ ഒരിക്കലും സാധാരണക്കാരല്ല. പക്ഷേ പലപ്പോഴും എല്ലാ കുടിയേറ്റക്കാരെയും ഇതേ ഗണത്തില്‍ ഉള്‍പ്പെടുത്തുന്നു. ഉദാഹരണത്തിന് കുടിയേറ്റക്കാരുടെ കുട്ടികളെയടക്കം. കുടിയേറ്റക്കാരുടെ പട്ടിക പിന്നെയും നീളും.
പല ഫലസ്തീനികളുടെയും കാഴ്ചപ്പാടില്‍ വെസ്റ്റ് ബാങ്കിലെ ഇസ്രഈല്‍ സെറ്റില്‍മെന്റുകളില്‍ താമസിക്കുന്നവര്‍ മാത്രമല്ല മറിച്ച് എല്ലാ ഇസ്രഈല്യരും കുടിയേറ്റക്കാരാണ്. കാരണം ഇസ്രഈല്‍ ഒരു കൊളോണിയല്‍ കുടിയേറ്റ രാഷ്ട്രമാണ് എന്നത് തന്നെ. ഇസ്രഈല്‍ ഒരു കൊളോണിയല്‍ കൂടിയേറ്റ രാഷ്ട്രമാണ് എന്നത് ശരിയാണ്. എന്നാല്‍ അമേരിക്കയും അങ്ങനെത്തന്നെയാണ്.
അമേരിക്കന്‍ പൗരനായ താങ്കളെ ഒരാള്‍ കൊന്നിട്ട് മൈക്ക് ആല്‍ബര്‍ട്ട് കൊളാേണിയല്‍ കുടിയേറ്റ രാഷ്ട്രത്തിലെ ഒരു പൗരനായതിനാല്‍ അദ്ദേഹത്തെ വെടിവെച്ച് കൊല്ലാന്‍ തനിക്ക് ധാര്‍മ്മികമായ അവകാശമുണ്ട് എന്ന് പറഞ്ഞാല്‍ ഞങ്ങളത് അംഗീകരിക്കില്ല. നിര്‍ഭാഗ്യവശാല്‍ കൊളാേണിയല്‍ കുടിയേറ്റ രാഷ്ട്രങ്ങളെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ ഇടത് പക്ഷ സംഘടനകള്‍ക്കും ഇതേ വാദങ്ങള്‍ തന്നെയാണ്.
മൈക്കല്‍ ആല്‍ബര്‍ട്ട്: ഇതേകാര്യം തന്നെ നമുക്ക് തിരിച്ചൊന്ന് ആലോചിക്കാം.ഇപ്പോള്‍ ഇസ്രഈലിനെ പിന്തുണക്കുന്നവരെക്കുറിച്ച് ഒരു നിമിഷം ചിന്തിച്ച് നോക്കൂ ! അവര്‍ ന്യായികരിക്കുന്നത് വേലികള്‍ തകര്‍ത്ത്, ഒരു തടവറയില്‍ നിന്ന് പുറത്ത് വന്ന് അക്രമാസക്തരായ കുറച്ചാളുകളെയല്ല. മറിച്ച് ഒരു രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും നരകിപ്പിച്ച് കൊല്ലുന്ന അധിനിവേശ രാഷ്ട്രത്തെയാണ്.
സ്റ്റീഫന്‍ ആര്‍ ഷാലോം:അതെ, ഗസയിലെ സിവിലിയന്‍മാരെല്ലാം തീര്‍ച്ചയായും കുറ്റക്കാരാണ് എന്നാണ് ഇസ്രഈല്‍ പ്രസിഡന്റ് പ്രസ്താവിച്ചത്.
മൈക്കല്‍ ആല്‍ബര്‍ട്ട്: ഇവിടെ വളരെ വിചിത്രമായി തോന്നുന്ന കാര്യം ആളുകള്‍ക്ക് ഒരുഭാഗം മാത്രം മനസ്സിലാവുകയും മറുഭാഗം മനസ്സിലാവാതിരിക്കുകയും ചെയ്യുന്നു എന്നതാണ്. അങ്ങേയറ്റം കിരാതമായ സംഭവങ്ങള്‍ ഒരു വശത്ത് നടക്കുമ്പോള്‍ പോലും ഇക്കൂട്ടര്‍ക്ക് അതിന്റെ ശരികേടുകള്‍ മനസ്സിലാവാതിരിക്കുകയും എന്നാല്‍ ഇവര്‍ ന്യായീകരിക്കുന്ന മറുവശത്ത് സൂക്ഷ്മ തലത്തില്‍ കാര്യങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുന്നു.
തീര്‍ച്ചയായും ഫലസ്തീനികളുടെ പ്രവര്‍ത്തികളില്‍ സൂക്ഷ്മതലങ്ങള്‍ കണ്ടെത്താന്‍ നമുക്ക് കഴിയും. എന്നാല്‍ മറുവശത്ത് സൂക്ഷ്മതലത്തില്‍ പരിഗണിക്കേണ്ടതായി യാതൊന്നും തന്നെയില്ല. ഇവിടെ അസാധാരണ സൈനിക ശക്തിയുള്ള ഒരു രാജ്യം രണ്ട് ദശലക്ഷം വരുന്ന ഒരു ജനതയുടെ മേല്‍ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് എന്നതാണ് പരമാര്‍ത്ഥം. എങ്ങിനെയോ അതൊരു ന്യായമായ പ്രവൃത്തിയായി കണക്കാക്കപ്പെടുകയും ചെയ്യുന്നു. ഞാന്‍ പ്രശ്‌നവല്‍ക്കരിക്കുന്നതും അതുതന്നെയാണ്.
ചിന്തിക്കുന്ന ഒരാള്‍ക്ക് എങ്ങനെയാണ് ഒരു പക്ഷത്തിന് അനുകൂലമായ ന്യായവാദങ്ങളെ തിരസ്‌ക്കരിക്കുവാനും മറുപക്ഷത്തിന് അനുകൂലമായ അതേ വാദങ്ങളെ അംഗീകരിക്കാനും സാധിക്കുന്നത്?
അതും പിന്തുണക്കുന്ന പക്ഷത്തിന്റെ (ഇസ്രഈലിന്റെ ) ചെയ്തികളെ സംശയലേശമന്യേ അവര്‍ അംഗീകരിക്കുന്നു. മറുപക്ഷത്തിനെതിരില്‍ ( ഫലസ്തീന്‍) നടത്തുന്ന ആക്രമണത്തിന്റെ തോതില്‍ പോലും അവര്‍ക്ക് അഭിപ്രായ വ്യത്യാസമില്ലെന്നു മാത്രമല്ല ആക്രമണത്തിന് ഇരയാവുന്നവരോട് അനുകമ്പയുടെ ഒരംശം പോലും കാണിക്കാതിരിക്കുകയും ചെയ്യുന്നു എന്നതാണ് വാസ്തവം.
ഈ വക കാര്യങ്ങളെ കുറിച്ച് നമ്മള്‍ സംസാരിക്കുന്ന രീതിയെപ്പോലും അത് സ്വാധീനിക്കുന്നുണ്ട് എന്നാണ് എന്റെ അഭിപ്രായം. പ്രത്യേകിച്ച് ജനത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ അത് ശരിയുമാണ്. പക്ഷേ അതിനപ്പുറത്തേക്ക് പോകുമ്പോള്‍ കാര്യങ്ങള്‍ എങ്ങനെയാണ്? എന്താണൊരു പരിഹാരം?
ഫലസ്തീനികള്‍ നടത്തിയ കടന്നാക്രമണം (നമുക്കതിനെ ജയില്‍ ചാട്ടമെന്നും വിളിക്കാം) കുറച്ചുകൂടി വ്യത്യസ്തതയോടെ ചെയ്യാന്‍ കഴിയുമായിരുന്നില്ലേ എന്ന ചോദ്യത്തിന് താങ്കള്‍ വളരെ നല്ല ഉത്തരമാണ് നല്‍കിയത് എന്ന് ഞാന്‍ കരുതുന്നു. അപ്പോള്‍ ഞാന്‍ അടുത്ത ചോദ്യത്തിലേക്ക് വരാം.
ഇപ്പോഴത്തെ സാഹചര്യത്തില്‍ എന്തെങ്കിലും ഒരു പരിഹാരം നിര്‍ദേശിക്കാമോ? ഈ ചോദ്യത്തെ നമുക്ക് രണ്ടായി തിരിക്കാം. ഞങ്ങള്‍ അതിനെ പിന്തുണക്കുന്നു, ഇതിനെ പിന്തുണക്കുന്നു തുടങ്ങി പൊതുജനങ്ങള്‍ക്ക് വേണ്ടി നടത്തുന്ന സകല വാചകക്കസര്‍ത്തുകളും അവസാനിപ്പിച്ച് ഈ നിമിഷം ബൈഡന്‍ ഇസ്രഈലിലേക്ക് പോയി എന്ന് കരുതുക. അവിടെ എത്തിയ ഉടന്‍ ‘ഈ കൂട്ടക്കുരുതി ഇപ്പോള്‍തന്നെ അവസാനിപ്പിക്കുക ‘ എന്നവരോട് ആവശ്യപ്പെട്ടു എന്ന് സങ്കല്‍പ്പിക്കുക.’സ്വയം കുറ്റപ്പെടുത്താതെ തന്നെ യുദ്ധത്തില്‍ നിന്ന് പിന്‍മാറാനുള്ള വഴികളെക്കുറിച്ച് നമുക്ക് സംസാരിക്കാം.
പക്ഷേ നിങ്ങള്‍ ആസൂത്രണം ചെയ്യുന്ന വംശീയ കൂട്ടക്കൊലയില്‍ നിന്ന് നിങ്ങളിപ്പോള്‍ നിര്‍ബന്ധമായും പിന്‍മാറുക. സമാധാനവും നീതിയും പുലരണം. ആത്യന്തികമായ വിപ്ലവത്തെക്കുറിച്ചല്ല ഞാന്‍ സംസാരിക്കുന്നത്. പക്ഷേ ശാന്തിയും സമാധാനവും ഉണ്ടാവണം . നീതി പുലരണം.’ ബൈഡന്‍ ഇപ്രകാരം പറഞ്ഞിരുന്നുവെങ്കില്‍ എന്താകുമായിരുന്നു അതിന്റെ ഫലം ? ഇങ്ങനെയാരു നിലപാട് ബൈഡന്‍ എടുത്തിരുന്നുവെങ്കില്‍ അത് തന്നെ ധാരാളം മതിയാകുമായിരുന്നു. അവിടെയാണ് ഇനിയുള്ള ചോദ്യത്തിന്റെ പ്രസക്തി. ബൈഡന്‍ എന്തുകൊണ്ട് അങ്ങനെ പറഞ്ഞില്ല?
സ്റ്റീഫന്‍ ആര്‍. ഷാലോം: ശരിയാണ്. ന്യൂയോര്‍ക്ക് ടൈംസ് കോളമിസ്റ്റ് ആയ തോമസ് ഫ്രീഡ്മാന്‍ നയരൂപീകരണ വൃത്തങ്ങളുമായി വളരെ നല്ല ബന്ധം പുലര്‍ത്തുന്ന ആളാണ്. അദ്ദേഹത്തിന്റെ നിരവധി അഭിപ്രായപ്രകടനങ്ങള്‍ ഓപ് – എഡ് (op-ed )പേജുകളിലൂടെ കുറേ ദിവസങ്ങളായി പുറത്ത് വരുന്നുണ്ട്.
അദ്ദേഹം പറയുന്നത് ‘തീര്‍ച്ചയായും ഗസയിലേക്ക് ഇപ്പോള്‍ പോകുന്നത് ഒരു ദുരന്തമായിരിക്കും’ എന്നാണ്. ‘അതുകൊണ്ടൊന്നും പ്രശ്‌നം പരിഹരിക്കാന്‍ കഴിയില്ല. കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയേയുള്ളു. നിലവിലെ സാഹചര്യം എക്കാലത്തും അതേ പോലെ നിലനിര്‍ത്താനേ ഉപകരിക്കൂ. അതിനാല്‍ നിങ്ങള്‍ (ഇസ്രഈല്‍ ) ഈ ആക്രമണം നിര്‍ത്തണം.സമാധാന പ്രക്രിയയുമായി മുന്നോട്ടു പോകാന്‍ നിങ്ങള്‍(ഇസ്രഈല്‍) തന്നെ ഒരു മാര്‍ഗ്ഗം കണ്ടെത്തണം.’ എന്നൊക്കെയാണ് അദ്ദേഹത്തിന്റെ വാദം.
എന്നാല്‍ എന്റെ അഭിപ്രായം ഇതില്‍ നിന്നും വ്യത്യസ്തമാണ്. കാരണം അദ്ദേഹം മുമ്പോട്ട് വെക്കുന്നത് വളരെ വളഞ്ഞ വഴിയിലൂടെയുള്ള ഒരു സമാധാന പ്രക്രിയയാണ്. സ്വകാര്യ സംഭാഷണത്തില്‍ ബൈഡന്‍ നെതന്യാഹുവിനോട് എന്ത് പറഞ്ഞുവെന്ന് എനിക്കറിയില്ല. ഇപ്പോള്‍ പരസ്യമായി പറഞ്ഞ കാര്യങ്ങള്‍ അദ്ദേഹം പറയാന്‍ കാരണം മറിച്ചായാല്‍ അത് തെരെഞ്ഞെടുപ്പിനെ ബാധിക്കുമെന്നതു കൊണ്ടാണ്.
നെതന്യാഹുവിനോട് ഒരു പക്ഷേ അദ്ദേഹം ഇപ്രകാരം പറഞ്ഞിട്ടുണ്ടാവും ‘ നോക്കൂ ! ലാഘവത്തോടെ കാണാനാവാത്ത ഒരു ദുരന്തമായിട്ടാണ് ഞങ്ങളിതിനെ വിലയിരുത്തുന്നത്. അതുകൊണ്ട് ബാലന്‍സ് ചെയ്യാന്‍ വേണ്ടി ഞങ്ങള്‍ മറ്റൊരു മാര്‍ഗ്ഗം കണ്ടെത്തേണ്ടിയിരിക്കുന്നു. ‘
ഇതും കൂടി അദ്ദേഹം പറഞ്ഞിരിക്കാന്‍ സാധ്യതയുണ്ട് , ‘നിങ്ങള്‍ അവിടെ കശാപ്പ് തുടരുമ്പോള്‍ അതിനെ മൂടി വെക്കാന്‍ ഗസയിലേക്ക് കുറച്ച് മാനുഷിക സഹായങ്ങള്‍ എത്തിക്കുക എന്ന തുരുപ്പ് ചീട്ടെടുത്ത് പ്രയോഗിക്കാന്‍ ഞങ്ങള്‍ ശ്രമിക്കാം. ‘ അമേരിക്ക പ്രഖ്യാപിച്ചിരുന്ന മാനുഷിക സഹായങ്ങള്‍ വഹിക്കുന്ന 20 ട്രക്കുകള്‍ ഇന്ന് ഈജിപ്തിലെ റഫ അതിര്‍ത്തി വഴി ഇസ്രായേല്‍ കടത്തിവിട്ടു. ഇരുപത് ദശലക്ഷം വരുന്ന ഒരു ജനതക്ക് വേണ്ടിയാണിത് എന്ന കാര്യം ഒരു വേള നമ്മെ അമ്പരപ്പിക്കുന്നു. ഇത് വളരെ പരിഹാസ്യമാണ്.
പക്ഷേ അദ്ദേഹം എന്താണ് പറഞ്ഞത് എന്നെനിക്കറിയില്ല.എന്നാല്‍ പെട്ടെന്ന് ഒരു ദിവസം അദ്ദേഹത്തിന് കരുണ തോന്നിയത് കൊണ്ടായിരിക്കില്ല എന്ന് ഉറപ്പാണ്. അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്ക് മേല്‍ ഇതൊരു ദുരന്തമായി വന്നു ഭവിക്കും എന്ന അദ്ദേഹത്തിന്റെ തിരിച്ചറിവായിരിക്കാം കാരണം.
മൈക്കല്‍ ആല്‍ബെര്‍ട്ട്: പക്ഷേ ഞാന്‍ സംസാരിക്കുന്നത് കരുണയെക്കുറിച്ചല്ല.
സ്റ്റീഫന്‍ ആര്‍. ഷാലോം: അറിയാം ! അദ്ദേഹം ആവശ്യപ്പെട്ടത് എന്താണ് എന്നറിയില്ല. വരും ദിവസങ്ങളില്‍ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ അധിനിവേശം ഉണ്ടാവുകയാണെങ്കില്‍ നമുക്കത് വ്യക്തമാവും. ഇവിടെ ചോദ്യമിതാണ്, അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് എന്തെങ്കിലും പ്രാധാന്യമുണ്ടാേ ? അല്ലെങ്കില്‍ നിലവിലെ സാഹചര്യത്തില്‍ എന്തെങ്കിലുമൊരു മാറ്റം കൊണ്ട് വരാന്‍ അതിന് സാധിക്കുമോ ? ഇതാണ് പ്രസക്തമായ കാര്യം.
മൈക്കല്‍ ആല്‍ബര്‍ട്ട്: തങ്ങളുടെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി കാപട്യത്തോടെ അമേരിക്ക ഇങ്ങനെ പറഞ്ഞു എന്ന് കരുതുക. ‘നിങ്ങള്‍ ശാന്തരാവുക, യുദ്ധമവസാനിപ്പിക്കുക. ഇപ്പോള്‍ സ്ഥിരമായി നടക്കുന്ന ഈ പോരാട്ടത്തിന് ഒരറുതി വരുത്താന്‍ ഒരു യഥാര്‍ത്ഥ സമാധാന പ്രക്രിയക്ക് നമുക്ക് തുടക്കം കുറിക്കാം. ‘ ‘ഇക്കാര്യത്തില്‍ ഫലസ്തീനികളെക്കുറിച്ചോ ഇസ്രഈല്യരെക്കുറിച്ചോ ഞാന്‍ ഒരക്ഷരം മിണ്ടുന്നില്ല. ‘ എന്ന് ബൈഡന്‍ പറഞ്ഞു എന്ന് കരുതുക.
ഒരു വശത്ത് അങ്ങനെ പറയുമെങ്കിലും മറുവശത്ത് ഒരു സുഹൃത്തെന്ന നിലയില്‍ ഞാന്‍ നിങ്ങള്‍ക്കായി പ്രതിവര്‍ഷം 3 ബില്യണ്‍ ഡോളര്‍ ധനസഹായം നല്‍കുകയും ചെയ്യുന്നു. ഞാന്‍ നിങ്ങളുടെ ശത്രുവായിരുന്നെങ്കില്‍ എന്തായിരിക്കും സ്ഥിതി എന്ന് ചിന്തിച്ചു നോക്കൂ ! അമേരിക്കക്ക് ഇസ്രഈലിനു മേല്‍ ശക്തമായ സ്വാധീനമുണ്ട്.
സ്റ്റീഫന്‍ ആര്‍. ഷാലോം: അമേരിക്ക ചില ആയുധങ്ങള്‍ കപ്പല്‍ മാര്‍ഗ്ഗം ഇസ്രഈലിന് എത്തിച്ച് കൊടുത്തത് തന്നെ ഇസ്രഈല്‍ സൈന്യത്തിന് അതൊരു പ്രധാന മുതല്‍ക്കൂട്ടാവും എന്നതിലുപരി അവരേടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ വേണ്ടിയായിരുന്നു. പക്ഷേ എയര്‍ക്രാഫ്റ്റ് വാഹിനികള്‍ ലബനാനിലെ ഹിസ്ബുള്ളയെയും ഇറാനെയുമെല്ലാം യുദ്ധത്തിലിറങ്ങുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാവാം.
ഐക്യരാഷ്ട്ര സഭയുടെ ഒരു പ്രമേയം അമേരിക്ക വീറ്റോ ചെയ്യുമ്പോള്‍ അത് മറ്റൊരു തരത്തില്‍ ഇസ്രഈലിനുള്ള പിന്തുണയാണ്.
ഇനിമുതല്‍ അത്തരം യു.എന്‍ പ്രമേയങ്ങള്‍ തങ്ങള്‍ വീറ്റോ ചെയ്യാന്‍ പോകുന്നില്ല എന്നും, അങ്ങനെ വന്നാല്‍
നിങ്ങള്‍ ഒറ്റപ്പെടുമെന്ന് മാത്രമല്ല നിങ്ങളെ അപലപിച്ചുകൊണ്ട് യു.എന്‍ പ്രമേയങ്ങള്‍ പാസ്സാക്കാനും അതിന്റെ ഫലമായി നിങ്ങള്‍ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തണമെന്ന ആവശ്യമുയരാനുമെല്ലാം സാധ്യതയുണ്ട്
തുടങ്ങിയ കാര്യങ്ങള്‍ അമേരിക്ക ഇസ്രഈലിനോട് പറഞ്ഞു എന്ന് കരുതുക. അത് ഇസ്രഈലിന് വളരെ പ്രയാസമേറിയ ഒരു സാഹചര്യമാണ് സൃഷ്ടിക്കുക.
ഇസ്രഈലിന് തങ്ങളുടെ നിലനില്‍പ്പ് ചോദ്യം ചെയ്യപ്പെടുന്നു എന്ന് തോന്നിത്തുടങ്ങിയാല്‍ അവര്‍ അമേരിക്കയെ അവഗണിക്കും. പക്ഷേ നിലവില്‍ അത് താങ്ങാനുള്ള ശേഷി അവര്‍ക്കുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. നിലവില്‍ അവിടെയുള്ള പുതിയ സഖ്യ സര്‍ക്കാനെക്കുറിച്ച് കൂടുതലൊന്നും നമുക്ക് അറിയില്ല. തീവ്ര വലതുപക്ഷത്തന് എത്രത്തോളം പുതിയ സഖ്യ സര്‍ക്കാരില്‍ പിടിപാടുണ്ടെന്നും നമുക്കറിയില്ല. ഒരു പക്ഷേ അമേരിക്കന്‍ നിര്‍ദ്ദേശങ്ങള്‍ക്കെതിരില്‍ പ്രവര്‍ത്തിക്കാനായിരിക്കും തീവ്ര വലതുപക്ഷം സര്‍ക്കാരിനെ നിര്‍ബന്ധിക്കുക.
പൊതുവില്‍ , അപൂര്‍വ്വം ചില സന്ദര്‍ഭങ്ങളിലൊഴികെ, അമേരിക്ക എന്താണോ ഉദ്ദശിക്കുന്നത് അത് ഇസ്രഈല്‍ നടപ്പിലാക്കും. പല തവണ പല കാര്യങ്ങളിലും അമേരിക്ക ഇസ്രഈലിനു മേല്‍ ചെറിയ രീതിയില്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ട്. എന്നാല്‍ ഇസ്രഈല്‍ അവരെ ക്രൂരമായി അവഗണിക്കുകയും അമേരിക്ക പിന്തിരിയുകയും ചെയ്തിട്ടുണ്ട്. പക്ഷേ പൊതുവില്‍ പിന്തിരിയില്ലെന്ന് അമേരിക്ക ഉറപ്പിച്ചാല്‍ പിന്നെ ഇസ്രഈല്‍ വെറുമൊരു വിനീത ദാസനായി മാറും.
മൈക്കല്‍ ആല്‍ബര്‍ട്ട്:നമ്മള്‍ വളരെ ദീര്‍ഘമായി സംസാരിച്ചു. ഇനി നമ്മുടെ ചര്‍ച്ചയില്‍ വരാത്ത മറ്റെന്തെങ്കിലും വിഷയം താങ്കള്‍ കൂട്ടിച്ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ? തീര്‍ച്ചയായും വലുതും സങ്കീര്‍ണ്ണവുമായ ഒരു സാഹചര്യമാണിതെന്ന് എനിക്കറിയാം. പറഞ്ഞാല്‍ തീരാത്ത അത്രയും കാര്യങ്ങള്‍ ഇനിയുമുണ്ട് എന്നും അറിയാം. പക്ഷേ അതിനെക്കുറിച്ചല്ല, മറിച്ച് ഇപ്പോള്‍ നമ്മള്‍ സംസാരിച്ചുവെച്ച വിഷയങ്ങളില്‍ ഇനി കൂടുതലായി എന്തെങ്കിലും പറയാനുണ്ടോ ?
സ്റ്റീഫന്‍ ആര്‍. ഷാലോം: അമേരിക്കക്കാര്‍ അവരുടെ ഗവണ്‍മെന്റില്‍ സമ്മര്‍ദ്ദം ചെലുത്തേണ്ടത് അനിവാര്യമാണ് എന്ന് ഞാന്‍ കരുതുന്നു. IfNotNow*, ജ്യൂയിഷ് വാേയ്‌സ് ഫോര്‍ പീസ് (J V P )* എന്നിവയുടെ നേതൃത്വത്തില്‍ വാഷിംഗ്ടണില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടന്ന പ്രകടനങ്ങള്‍ക്ക് വളരെയധികം പ്രാധാന്യമുണ്ട് എന്നും ഞാന്‍ വിശ്വസിക്കുന്നു. പക്ഷേ ഇതൊരു കടുത്ത പോരാട്ടമാണ്. അടിയന്തിര വെടിനിര്‍ത്തല്‍ നിര്‍ദ്ദേശിച്ചു കൊണ്ടുള്ള കോണ്‍ഗ്രസ് പ്രമേയം 15 പേര്‍ ചേര്‍ന്നാണ് കൊണ്ടു വന്നത് . എന്നാല്‍ ഇസ്രഈലിന് എന്തും ചെയ്യാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കുന്ന പ്രമേയത്തെ 423 അംഗങ്ങളാണ് പിന്തുണച്ചത്. അതുകൊണ്ട് തന്നെ ഇതൊരു കഠിനമായ പോരാട്ടമാണ്.
മൈക്കല്‍ ആല്‍ബര്‍ട്ട്: നന്ദി സ്റ്റീവ് ! തീര്‍ച്ചയായും നല്ലൊരു കൂടിക്കാഴ്ച്ചയായിരുന്നു. ഒരിക്കല്‍ കൂടി താങ്കള്‍ക്ക് നന്ദി പറയുന്നു. പ്രിയപ്പെട്ടവരെ, ഞാന്‍ മൈക്ക് ആല്‍ബെര്‍ട്ട് .ഇത് ‘റെവല്യൂഷന്‍ സീ ‘ ക്ക് (Revolution Z ) വേണ്ടിയുള്ള ഒരു പരിപാടിയാണ് .വീണ്ടും കാണാം !
IfNotNow – വെസ്റ്റ് ബാങ്കിലെയും ഗസ മുനമ്പിലെയും ഇസ്രായേല്‍ അധിനിവേശത്തെ എതിര്‍ക്കുന്ന ഒരു അമേരിക്കന്‍ ജൂത സംഘം .
J V P – ഇസ്രായേല്‍ അധിനിവേശത്തെ എതിര്‍ക്കുന്ന ഒരു ജൂത സംഘടന. (Jewish Voice for Peace)
മൊഴിമാറ്റം: ഷാദിയ നാസിര്‍
content highlights: Israel is a humble servant in front of America; 75 years of Gaza’s history, the final part