ഇന്റർനെറ്റ്‌, മൊബൈൽ സേവനങ്ങൾ പൂർണമായി നിലച്ചു; പുറംലോകവുമായി ആശയവിനിമയമില്ലാതെ ഗസ
World News
ഇന്റർനെറ്റ്‌, മൊബൈൽ സേവനങ്ങൾ പൂർണമായി നിലച്ചു; പുറംലോകവുമായി ആശയവിനിമയമില്ലാതെ ഗസ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 28th October 2023, 8:04 am

ഗസ: ഗസക്ക് മേലുള്ള ആക്രമണം ഇസ്രഈൽ കടുപ്പിച്ചതിന് പിന്നാലെ ഫലസ്തീനിൽ ഇന്റർനെറ്റ്‌, മൊബൈൽ സേവനങ്ങൾ നിലച്ചു.

വെള്ളിയാഴ്ച രാത്രി ഗസ മുനമ്പിൽ തീവ്രമായ സ്ഫോടന പരമ്പര ഉണ്ടായതായും വടക്കൻ ഗസയിൽ വ്യോമക്രമണവും പീരങ്കികളും പ്രയോഗിച്ചുവെന്നും അൽ ജസീറ റിപ്പോർട്ട് ചെയ്തു.


‘കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി, ഒരേസമയം പീരങ്കി ഷെല്ലുകളുടെയും സ്ഫോടനങ്ങളുടെയും ശബ്ദം കേൾക്കുന്നു. ഇത് ഒട്ടും പതിവുള്ളതല്ല. അതായത് കഴിഞ്ഞ കുറേ ദിവസങ്ങളിൽ സംഭവിച്ചതിനേക്കാൾ കൂടുതൽ ശക്തമായിരിക്കുകയാണ് ആക്രമണം.

ഇസ്രഈലി ബോംബാക്രമണത്തിലെ ഏറ്റവും മോശം ദിവസമായിരുന്നു ഇന്ന്. കടലിൽ നിന്ന് പോലും സ്ഫോടനങ്ങൾ കേൾക്കാമായിരുന്നു. പ്രത്യേകിച്ച് വടക്കൻ ഗസ മുനമ്പിൽ,’ ഗസ നഗരത്തിലെ തങ്ങളുടെ റിപ്പോർട്ടർ സഫ്‌വാത് കഹ്‌ലൂട്ടിനെ ഉദ്ധരിച്ചുകൊണ്ട് അൽ ജസീറ റിപ്പോർട്ട് ചെയ്തു.

ഗസയിൽ പ്രവർത്തിക്കുന്ന സംഘവുമായുള്ള ആശയവിനിമയം പൂർണമായും നിലച്ചതായി ഫലസ്തീൻ റെഡ് ക്രെസന്റ് സൊസൈറ്റി അറിയിച്ചു.

മൊബൈൽ ഫോൺ, ഇന്റർനെറ്റ്‌ സേവനങ്ങൾ നിലച്ചതായി ഫലസ്തീൻ ടെലികമ്മ്യൂണിക്കേഷൻ കമ്പനി ജവ്വാൽ വെള്ളിയാഴ്ച അർധരാത്രി സമൂഹ മാധ്യമങ്ങൾ വഴി അറിയിച്ചിരുന്നു.

‘ഞങ്ങൾക്ക് ഇന്റർനെറ്റോ ഫോണിൽ ഒരു തരത്തിലുമുള്ള സിഗ്നലോ ഇല്ല. ഞങ്ങൾ ഇവിടെ പൂർണമായി ഒറ്റപ്പെട്ട അവസ്ഥയിലാണ്.

ഇവിടുത്തെ നിവാസികൾ വല്ലാതെ ഭയന്നിരിക്കുകയാണ്,’ ഗസയിലെ ഖാൻ യൂനിസിൽ നിന്നുള്ള റിപ്പോർട്ടർ അൽ ജസീറയെ അറിയിച്ചു.

ഗസയിലെ ജനങ്ങൾ മരിക്കുന്നത് സ്ഫോടനങ്ങൾ കാരണം മാത്രമല്ല, ഇസ്രഈൽ ഏർപ്പെടുത്തിയ ഉപരോധങ്ങളുടെ പരിണിത ഫലമായിട്ട് കൂടിയാണെന്ന് ഫലസ്തീൻ അഭയാർത്ഥികൾക്കുള്ള യു.എൻ ഏജൻസി യു.എൻ.ആർ.ഡബ്ല്യു.എ കമ്മീഷണർ ജനറൽ ഫിലിപ്പ് ലസാറിനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Content Highlight: Israel intensifies Gaza bombardment as internet and phone services go down