|

ഗസയിലെ നാസര്‍ ആശുപത്രിക്ക് നേരെ ആക്രമണം കടുപ്പിച്ച് ഈസ്രഈല്‍; രോഗികള്‍ക്ക് ദാരുണാന്ത്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: തെക്കന്‍ ഗസയിലെ ഖാന്‍ യൂനിസിലെ നാസര്‍ ആശുപത്രിയെ ലക്ഷ്യമിട്ട് ഇസ്രഈല്‍ നടത്തുന്ന വ്യോമാക്രമണം ശക്തമാവുന്നു. ഇന്നലെ മാത്രം ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ രോഗികളടക്കം അഞ്ച് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ആക്രമണത്തില്‍ ആശുപത്രിയുടെ വലിയൊരു ഭാഗം തകര്‍ന്നു. ഒരു ഡിപ്പാര്‍ട്ട്മെന്റ് മുഴുവന്‍ ഒഴിപ്പിക്കേണ്ടി വന്നതായി ഗസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഹമാസിനെ ലക്ഷ്യം വെച്ചാണ് ബോംബാക്രമണം നടത്തിയതായതെന്നാണ് ഇസ്രഈല്‍ സൈന്യത്തിന്റെ ന്യായീകരണം.

കഴിഞ്ഞ ദിവസം ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഹമാസ് പൊളിറ്റിക്കന്‍ ബ്യൂറോ നേതാവായ ഇസ്മായില്‍ ബര്‍ഹൂമും ഉള്‍പ്പെട്ടിരുന്നു. ഇസ്രഈലി ആക്രമണത്തില്‍ പരിക്കേറ്റ് നാസര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.

ബോംബാക്രമണത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ വലിയൊരു തീപിടുത്തം ഉണ്ടായതായി ഫലസ്തീന്‍ സിവില്‍ ഡിഫന്‍സ് ജീവനക്കാര്‍ അറിയിച്ചു. ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച ഹമാസ് ആക്രമണത്തെ ഭീരുത്വപൂര്‍ണമായ സയണിസ്റ്റ് കൊലപാതകമാണെന്ന് വിശേഷിപ്പിച്ചു. ഇതിനകം തന്നെ തകര്‍ന്ന ഗസയിലെ ആരോഗ്യ സംവിധാനത്തെ ഇസ്രഈല്‍ മനഃപൂര്‍വ്വം ലക്ഷ്യമിടുകയാണെന്നും അവര്‍ ആരോപിച്ചു.

ഇതാദ്യമായല്ല ഗസയിലെ ആശുപത്രികള്‍ക്ക് നേരെ ഇസ്രഈല്‍ ആക്രമണം അഴിച്ചുവിടുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഗസയിലെ കമല്‍ അദ്‌വാന്‍ ആശുപത്രി അഗ്നിക്കിരയാക്കിയ സൈന്യം ആശുപത്രി ഡയറക്ടര്‍ അബു സഫിയയെ അറസ്റ്റ് ചെയ്യുകയും ആശുപത്രി ജീവനക്കാരെ തടഞ്ഞ് വെക്കുകയും ചെയ്തിരുന്നു.

നിലവില്‍ ഗസയിലെ പല ആശുപത്രികളും പ്രവര്‍ത്തനരഹിതമാണ്. ആശുപത്രികള്‍ക്ക് നേരെയുള്ള ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് മനുഷ്യാവകാശ ഗ്രൂപ്പുകളും നിയമ വിദഗ്ധരടക്കം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും ഇസ്രഈല്‍ ആക്രമണം തുടരുകയാണ്.

നാസര്‍ ആശുപത്രിക്ക് നേരെ മുമ്പും ഇസ്രഈല്‍ ആക്രമണം നടത്തിയിട്ടുണ്ട്. 2024 ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെ ആശുപത്രി ഉപരോധിച്ച ഇസ്രഈല്‍ സൈന്യം അതിനെ കൂട്ടക്കൊലയുടെ കേന്ദ്രമാക്കി മാറ്റി. ഏപ്രിലില്‍ ഇസ്രഈല്‍ സൈന്യം ഇവിടെ നിന്ന് പിന്‍വാങ്ങിയപ്പോള്‍, ഫലസ്തീന്‍ രക്ഷാപ്രവര്‍ത്തകര്‍ 300ലധികം മൃതദേഹങ്ങള്‍ അടങ്ങിയ ഒരു വലിയ ശവക്കുഴി ഇവിടെ നിന്ന് കണ്ടെത്തിയിരുന്നു.

ഇസ്രഈല്‍ സൈന്യത്തിന്റെ ഉപരോധത്തില്‍ സ്ത്രീകളും കുട്ടികളും മെഡിക്കല്‍ ജീവനക്കാരും ഉള്‍പ്പെടെ നിരവധി പേരാണ് കൊല്ലപ്പെട്ടത്.

Content Highlight: Israel intensifies attack on Nasser Hospital in Gaza; patients suffer tragic end

Latest Stories

Video Stories