ഹേഗ്: ദക്ഷിണാഫ്രിക്ക നല്‍കിയ വംശഹത്യ കേസില്‍ അന്താരാഷ്ട്ര കോടതിയില്‍ മറുപടി നല്‍കി ഇസ്രഈല്‍. കുറ്റം ചെയ്തുവെന്ന് തെളിഞ്ഞാല്‍ തങ്ങളുടെ സൈനികര്‍ക്കെതിരെ ഇസ്രഈലി കോടതികള്‍ തന്നെ ശിക്ഷ വിധിക്കുമെന്ന് ഇസ്രഈല്‍ അന്താരാഷ്ട്ര കോടതിയില്‍ പറഞ്ഞു.
രാജ്യത്തെ തീവ്ര വലതുപക്ഷ നേതാക്കളുടെ നിലപാടുകള്‍ ഇസ്രഈലിന്റെതല്ലെന്നും സര്‍ക്കാര്‍ വാദം ഉയര്‍ത്തി.
ഗസയിലെ യുദ്ധത്തില്‍ ഐ.ഡി.എഫ് സൈനികര്‍ ഏതെങ്കിലും തരത്തിലുള്ള വംശഹത്യാപരമായ കുറ്റങ്ങള്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഇസ്രഈല്‍ തന്നെ ശിക്ഷ വിധിക്കുമെന്നാണ് സര്‍ക്കാര്‍ അധികൃതര്‍ അന്താരാഷ്ട്ര കോടതിയെ അറിയിച്ചത്. ശിക്ഷകള്‍ നടപ്പിലാക്കാനും തെറ്റ് മനസിലാക്കാനുമുള്ള ശേഷി തങ്ങളുടെ രാജ്യത്തെ നിയമങ്ങള്‍ക്കും കോടതികള്‍ക്കുമുണ്ടെന്നായിരുന്നു ഇസ്രഈലിന്റെ മറ്റൊരു വാദം.
ഇസ്രഈലിനെതിരെ അന്താരാഷ്ട്ര കോടതിയില്‍ ദക്ഷിണാഫ്രിക്ക സമര്‍പ്പിച്ച തെളിവുകള്‍ രാജ്യത്തെ മുഴുവനായി ശിക്ഷിക്കാന്‍ കഴിയും വിധത്തിലുള്ള വിവരങ്ങളില്‍ ഉള്‍പെടുന്നതല്ലെന്നും ഇസ്രഈല്‍ പറഞ്ഞു. ദക്ഷിണാഫ്രിക്കയുടെ പരാതി ഉമ്മറപ്പടിയിൽ തള്ളപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും നീതി വിജയിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും ഇസ്രഈല്‍ വിദേശകാര്യ മന്ത്രി ഇസ്രഈല്‍ കാറ്റ്സ് പറഞ്ഞു.
ഇസ്രഈലിനെതിരെ വംശഹത്യക്ക് തെളിവുകളായി അന്താരാഷ്ട്ര നീതി ന്യായ കോടതിയില്‍ തുര്‍ക്കി മാധ്യമമായ അനദോലു ഏജന്‍സിയില്‍ നിന്നുള്ള ചിത്രങ്ങള്‍ ദക്ഷിണാഫ്രിക്ക ഹാജരാക്കിയിരുന്നു. ദക്ഷിണാഫ്രിക്കയെ പ്രതിനിധീകരിക്കുന്ന അഭിഭാഷകരില്‍ ഒരാളായ ആദില ഹാസിമാണ് ചിത്രങ്ങള്‍ ഹാജരാക്കിയത്. ഗസ മുനമ്പിലെ ഇന്തോനേഷ്യ ആശുപത്രിക്ക് സമീപത്തായി കൂട്ടക്കുഴിമാടത്തില്‍ മൃതശരീരങ്ങള്‍ അടക്കം ചെയ്തതിന്റെ ഫോട്ടോകള്‍ ഉള്‍പ്പെടെയാണ് ആദില ഹാജരാക്കിയത്.
ശ്മശാനങ്ങളില്‍ സ്ഥലം ഇല്ലാത്തതുകൊണ്ട് ഫത്തായര്‍ എന്ന കുടുംബത്തിലെ അംഗങ്ങളെ കൂട്ടത്തോടെ ഒരു കുഴിയില്‍ തന്നെ അടക്കം ചെയ്യുന്നതിന്റെ ഫോട്ടോയും കൂട്ടത്തിലുണ്ട്. എന്നാല്‍ ഗസയില്‍ ഇസ്രഈലി സൈന്യം നടത്തിയ വംശഹത്യകളെ മറച്ചുപിടിക്കാനുള്ള ഇസ്രഈലിന്റെ ശ്രമമാണ് നിലവില്‍ നടക്കുന്നതെന്നും അതിനുവേണ്ടിയാണ് തീവ്ര വലതുപക്ഷ നേതാക്കളുടെ നിലപാടുകള്‍ സര്‍ക്കാരിന്റേതല്ലെന്ന് വാദിക്കുന്നതെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.
ഇതുസംബന്ധിച്ച നിയമനടപടികള്‍ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്ന് ചൂണ്ടിക്കാട്ടി ഐ.സി.ജെ പ്രസിഡന്റ് ജോവാന്‍ ഡോനോഗ് വെള്ളിയാഴ്ച നടന്ന കോടതി നടപടികള്‍ അവസാനിപ്പിച്ചു.
Content Highlight: Israel in the international court that the position of the extreme right-wing leaders is not that of the government