ജെറുസലേം: ഇസ്രഈല്‍ – ഫലസ്തീന്‍ സംഘര്‍ഷത്തില്‍ വെസ്റ്റ് ബാങ്കിലെ 750 കുടുംബങ്ങള്‍ക്ക് മേല്‍ 24 മണിക്കൂറും കര്‍ഫ്യൂ ഏര്‍പ്പെടുത്തി ഇസ്രഈല്‍ സൈന്യം. ഹെബ്രോണില്‍ എച്ച് 2 പ്രദേശങ്ങളിലെ കുടുംബങ്ങളിലാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതെന്ന് ഇസ്രഈലി അവകാശ സംഘടനയായ ബിറ്റ്‌സെലേം വ്യക്തമാക്കി.
ഇസ്രഈല്‍ സൈന്യം നിയന്ത്രണ വിധേയമാക്കിയിരിക്കുന്ന പ്രദേശങ്ങളിലെ സ്റ്റോറുകളും വ്യാപാര കേന്ദ്രങ്ങളും അടച്ചുപൂട്ടിരിക്കുകയാണെന്ന് ഫലസ്തീന്‍ അനുബന്ധ എന്‍.ജി.ഒ അന്താരാഷ്ട മാധ്യമങ്ങളോട് പറഞ്ഞു. കൂടാതെ 11 പ്രദേശങ്ങളായിലായി ആയിരക്കണക്കിന് ആളുകള്‍ ഉള്‍പ്പെടുന്ന 750 കുടുംബാംഗങ്ങള്‍ വീട്ടില്‍ തടവിലാക്കപ്പെട്ടിട്ടുണ്ടെന്നും എന്‍.ജി.ഒ വ്യക്തമാക്കി.
വെസ്റ്റ് ബാങ്കിലെ ജനങ്ങളെ ഇസ്രഈല്‍ ഭരണകൂടവും സൈന്യവും കൂട്ടമായി ശിക്ഷിക്കുകയാണെന്ന് ബിറ്റ്‌സെലേം ചൂണ്ടിക്കാട്ടി. നൂറുകണക്കിന് ആളുകളെ തടഞ്ഞുവെക്കുന്നത് ന്യായീകരിക്കാന്‍ കഴിയുന്നതല്ലെന്നും ആഴ്ചകളോളം മനുഷ്യരെ പൂട്ടിയിടുന്നത് മാനുഷിക അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാണെന്നും സംഘടനയുടെ പ്രസ്താവനയില്‍ പറഞ്ഞു.
തുടര്‍ച്ചയായി രണ്ടാഴ്ചയോളം നടപ്പിലാക്കിയ കര്‍ഫ്യൂവിന് ശേഷം, മൂന്ന് ദിവസങ്ങളിലായി രാവിലെയും വൈകുന്നേരവും ഒരു മണിക്കൂര്‍ വീതം ജനങ്ങളെ ഇസ്രഈല്‍ സൈന്യം പുറത്തിറക്കിയെന്നും ബിറ്റ്‌സെലേം വ്യക്തമാക്കി. കുടിയിറങ്ങുന്നവര്‍ ചെക്ക്‌പോസ്റ്റുകള്‍ മുറിച്ചുകടക്കുമ്പോള്‍ ദേഹപരിശോധന പോലുള്ള ഇസ്രഈല്‍ സൈന്യത്തിന്റെ അപമാനകരമായ നടപടികള്‍ ഏറ്റുവാങ്ങേണ്ടി വരുന്നുവെന്നും സംഘടന പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
കര്‍ഫ്യൂ ആരംഭിച്ച് രണ്ട് ദിവസത്തിന് ശേഷം ജനങ്ങള്‍ വെള്ളം കടം വാങ്ങാന്‍ നിര്‍ബന്ധിതരായെന്നും സംഘടന പ്രവര്‍ത്തകര്‍ പറയുന്നു. അഭയാര്‍ഥിക്യാമ്പുകളില്‍ താമസിക്കുന്ന വേണ്ടപ്പെട്ടവരെ കാണാനുള്ള അവസരവും ഫലസ്തീനികള്‍ക്ക് നഷ്ടപ്പെട്ടതായി സംഘടന വെളിപ്പെടുത്തി.
രാത്രിയില്‍ പട്ടാളക്കാര്‍ വീടിന്റെ മേല്‍ക്കൂരയില്‍ കയറി നിന്ന് ഓളിയിട്ട് തങ്ങളെ ഉണര്‍ത്തുകയും പലതവണയായി വാതില്‍ ബലമായി തുറക്കാന്‍ ശ്രമിക്കുകയും ഉപദവിക്കുകയും ചെയ്യുന്നുവെന്ന് ഹെബ്രോണിലെ നിവാസികള്‍ പറയുന്നു.
നിലവില്‍ ഫലസ്തീനില്‍ ഇസ്രഈല്‍ നടത്തിയ ആക്രമണങ്ങളില്‍ 11070 പേര്‍ കൊല്ലപ്പെട്ടതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 4500ല്‍ അധികം പേരും കുട്ടികളാണ്.
Content Highlight: Israel imposes 24-hour curfew on 11 families in West Bank