| Friday, 2nd February 2024, 9:30 pm

ഇസ്രഈൽ അന്താരാഷ്ട്ര കോടതിയുടെ വിധി അവഗണിക്കുന്നു: ദക്ഷിണാഫ്രിക്ക

ഡൂള്‍ന്യൂസ് ഡെസ്‌ക്

പ്രിട്ടോറിയ: ഗസയിൽ സിവിലിയന്മാരുടെ മരണം ഒഴിവാക്കണമെന്ന അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവ് അവഗണിക്കുകയാണ് ഇസ്രഈലെന്ന് ദക്ഷിണാഫ്രിക്ക.

യു.എൻ കോടതിയുടെ വിധി വന്ന് ദിവസങ്ങൾക്കുള്ളിൽ നൂറുകണക്കിന് ഗസ നിവാസികളെയാണ് ഇസ്രഈൽ കൊലപ്പെടുത്തിയതെന്ന് ദക്ഷിണാഫ്രിക്കൻ വിദേശകാര്യ മന്ത്രി നലേഡി പാൻഡോർ മാധ്യമങ്ങളോട് പറഞ്ഞു.

ഗസയിൽ വംശഹത്യയും നാശനഷ്ടങ്ങളും ഉണ്ടാകുന്നത് തടയുന്നതിന് ആവശ്യമായ മുൻ കരുതലുകൾ ഇസ്രയിൽ സ്വീകരിക്കണമെന്ന് ജനുവരി 26 ന് അന്താരാഷ്ട്ര നീതിന്യായ കോടതി വിധിച്ചിരുന്നു.

ദക്ഷിണാഫ്രിക്ക ഇസ്രഈലിനെതിരെ നൽകിയ വംശഹത്യ കേസിലായിരുന്നു അന്താരാഷ്ട്ര കോടതിയുടെ വിധി.

ഗസയിൽ വെടിനിർത്തൽ വേണമെന്ന് കോടതി ഉത്തരവിട്ടില്ലെങ്കിലും വംശഹത്യ നടത്തുന്ന സൈനികരെയും കൂട്ടക്കൊലക്ക് ആഹ്വാനം ചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥരെയും ശിക്ഷിക്കണമെന്ന് ഇസ്രഈലിന് നിർദ്ദേശം നൽകിയിരുന്നു.

ഗസയിലെ സിവിലിയന്മാരുടെ മരണത്തിൽ ലോകം ഒന്നും ചെയ്യാതിരിക്കുന്നത് വലിയ അപകടമാണെന്ന് പാൻഡോർ മുന്നറിയിപ്പ് നൽകി. സമാനമായ മൗനമാണ് 1994ൽ റുവാണ്ടയിൽ എട്ട് ലക്ഷത്തിലധികം ആളുകൾ കൊല്ലപ്പെട്ട വംശീയ ഉന്മൂലനത്തിന് കാരണമായതെന്നും അവർ ചൂണ്ടിക്കാട്ടി.

അതേസമയം അന്താരാഷ്ട്ര കോടതിയുടെ തീരുമാനത്തെ അതിക്രമം എന്നായിരുന്നു പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിശേഷിപ്പിച്ചത്. ഒറ്റ ഇസ്രഈലി സൈനികനെ പോലും അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് മുമ്പിൽ കൊണ്ടുവരില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

നവംബറിൽ നെതന്യാഹുവിനെതിരെ യുദ്ധക്കുറ്റം ആരോപിച്ച് അന്താരാഷ്ട്ര ക്രിമിനൽ കോടതിയിലും ദക്ഷിണാഫ്രിക്ക പ്രത്യേകം കേസ് ഫയൽ ചെയ്തിട്ടുണ്ട്.

Content Highlight: Israel ignoring UN court order – South Africa

We use cookies to give you the best possible experience. Learn more