ന്യൂദല്‍ഹി: കൊവിഡ് 19 വ്യാപിക്കുന്നതിനെ വര്‍ഗീയമായി മുതലെടുക്കരുതെന്ന് ഇസ്രഈല്‍ ചരിത്രകാരനും എഴുത്തുകാരനുമായ യുവാല്‍ നോഅ ഹരാരി. ഇന്ത്യ ടുഡേ ചാനലില്‍ രാഹുല്‍ കന്‍വാലിന്റെ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയില്‍ കൊവിഡ് പടര്‍ന്നു പിടിക്കുന്നതിന് കാരണം മുസ്‌ലിങ്ങളാണെന്ന തരത്തില്‍ വ്യാപകമായ പ്രചരണം ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹരാരിയുടെ പ്രതികരണം.
തീവ്രവാദ പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് പറഞ്ഞു കൊണ്ട് ന്യൂനപക്ഷങ്ങളെ കടന്നാക്രമിക്കുന്ന നടപടിയില്‍ ഹരാരി ആശങ്ക പ്രകടപ്പിച്ചു. ഇത്തരത്തില്‍ ആളുകളെ അടയാളപ്പെടുത്തുന്നത് അപകടകരമാണെന്നും ഹരാരി പറഞ്ഞു.
‘ഇത്തരത്തില്‍ പറയുന്നത് തീര്‍ത്തും വിഢിത്തവും അങ്ങേയറ്റം അപകടകരവുമാണ്. ഈ സമയത്ത് ആളുകള്‍ തമ്മില്‍ ഐക്യവും സ്‌നേഹവുമാണ് പുലര്‍ത്തേണ്ടത്,’ ഹരാരി ഇന്ത്യ ടുഡേ ടി.വിയോട് പറഞ്ഞു.
പോപ്പുലര്‍ സയിന്‍സ് വിഭാഗത്തില്‍പ്പെട്ട സാപ്പിയന്‍സ് എന്ന പുസ്തകത്തിന്റെ രചയിതാവുകൂടിയാണ് യുവല്‍ ഹരാരി.