| Friday, 11th October 2024, 4:33 pm

വെസ്റ്റ് ബാങ്കിലെ കര്‍ഷകരെ പ്രത്യേകം ലക്ഷ്യമിട്ട് ആക്രമിച്ച് ഇസ്രഈല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജെറുസലേം: വെസ്റ്റ് ബാങ്കിലെ കര്‍ഷകരെ പ്രത്യേകം ലക്ഷ്യമിട്ട് ആക്രമിച്ച് ഇസ്രഈലി സൈന്യം. ഇന്നലെ (വ്യാഴാഴ്ച) കല്‍ഖില്യയയുടെ കിഴക്കുള്ള കഫ്ര്‍ ഖദ്ദൂം പട്ടണത്തില്‍ നടത്തിയ റെയ്ഡിനിടെ സൈന്യം കര്‍ഷകരെ ആക്രമിക്കുകയായിരുന്നു. കര്‍ഷകര്‍ വിളവെടുത്ത ഒലിവുകള്‍ സൈനികര്‍ നശിപ്പിക്കുകയുമുണ്ടായി.

കര്‍ഷകര്‍ സഞ്ചിയിലാക്കി വെച്ചിരുന്ന ഒലിവുകള്‍ കര്‍ഷകര്‍ പുറത്തേക്കെടുത്ത് എറിയുകയും ബാഗുകള്‍ വലിച്ചു കീറുകയും ചെയ്തുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിളവെടുപ്പ് ആരംഭിച്ച സമയം മുതല്‍ കര്‍ഷകരുടെ ഭൂമിയിലേക്ക് ഇസ്രഈലി സൈന്യം അനധികൃതമായി കടന്നുകയറുന്നുണ്ട്.

വിളകളുടെ ഉത്പാദനത്തിനായി തരംതിരിച്ച ഭൂമിയില്‍ സംഘമായി എത്തിയാണ് സൈനികര്‍ അതിക്രമം നടത്തുന്നത്. പ്രധാനമായും കല്‍ഖില്യയയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ ഉള്‍പ്പെടുന്ന ‘ഏരിയ സി’യിലാണ് സൈനികര്‍ അതിക്രമിച്ച് കടക്കുന്നത്.

അതേസമയം ഏരിയ സി പിടിച്ചെടുക്കണമെന്നും മേഖലയിലെ ഫലസ്തീനികളെ നാടുകടത്തണമെന്നും ഇസ്രഈല്‍ നേരത്തെ പ്രഖ്യാപനം നടത്തിയിരുന്നു. അടുത്തിടെ ഈ പ്രദേശങ്ങളിലെ ഒലിവ് വിളവെടുപ്പ് റദ്ദാക്കണമെന്ന് ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിര്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് സൈന്യം കര്‍ഷകര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ടത്.

വെസ്റ്റ് ബാങ്കിന്റെ 60 ശതമാനം പ്രദേശവും ഉള്‍ക്കൊള്ളുന്ന ഭാഗമാണ് ഏരിയ സി. ഓസ്‌ലോ ഉടമ്പടി പ്രകാരം ഈ പ്രദേശത്തെ ഭരണം കൈയാളുന്നത് ഇസ്രഈലാണ്. ഫലസ്തീന്‍ സമ്പദ്വ്യവസ്ഥയില്‍ ഒലിവ് കൃഷി നിര്‍ണായകമായ ഘടകമാണ്. എണ്ണ, സോപ്പ് തുടങ്ങിയ വിവിധ അവശ്യ ഉത്പന്നങ്ങൾക്കായി ഒലിവ് ഉപയോഗിക്കുന്നുണ്ട്.

ഗസയിലെ ജനസംഖ്യയുടെ 96 ശതമാനവും ഭക്ഷ്യലഭ്യതയില്‍ അരക്ഷിതാവസ്ഥയിലാണെന്നും അഞ്ചില്‍ ഒരാള്‍ (495,000) ആളുകള്‍ പട്ടിണി നേരിടുന്നുണ്ടെന്നും യു.എന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ഇസ്രഈലി സൈന്യം യുദ്ധം വെസ്റ്റ് ബാങ്കിലേക്ക് കൂടി വ്യാപിപ്പിക്കുന്നത്.

ഇസ്രഈലിന്റെ ആക്രമണത്തില്‍ ഫലസ്തീനിലെ ഭൂരിഭാഗം വരുന്ന കൃഷിയിടങ്ങളിലും വലിയ തോതില്‍ നാശനഷ്ടമുണ്ടായതിന്റെ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. സാറ്റലൈറ്റ് ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് പുറത്തുവന്നത്.

Content Highlight: Israel has targeted farmers in the West Bank

We use cookies to give you the best possible experience. Learn more