| Wednesday, 3rd July 2024, 2:05 pm

പത്ത് മാസം കൊണ്ട് ഇസ്രഈൽ കൊലപ്പെടുത്തിയത് 8,570 വിദ്യാർത്ഥികളെ: ഫലസ്തീൻ വിദ്യാഭ്യാസ മന്ത്രാലയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: ഒക്ടോബർ ഏഴ് മുതൽ ഗസയിൽ വിവിധ ആക്രമണങ്ങളിൽ ഇസ്രഈൽ കൊലപ്പെടുത്തിയത് 8,570ൽ അധികം ഫലസ്‌തീൻ വിദ്യാർത്ഥികളെയെന്ന് റിപ്പോർട്ട്. ഫലസ്തീൻ വിദ്യാഭ്യാസ മന്ത്രാലയമാണ് കണക്കുകൾ പുറത്ത് വിട്ടത്.

8,570 വിദ്യാർത്ഥികൾക്ക് ജീവൻ നഷ്ടപ്പെടുകയും 14 ,089 വിദ്യാർത്ഥികൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. ഇതുവരെ വെസ്റ്റ് ബാങ്കിൽ നടന്ന ആക്രമണത്തിൽ 100 വിദ്യാർത്ഥികൾ കൊല്ലപ്പെടുകയയും 494 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മറ്റൊരാക്രമണത്തിൽ ഗസയിലും വെസ്റ്റ്ബാങ്കിലുമായി 497 അധ്യാപകരും അഡ്മിനിസ്റ്റേറ്റർമാരും കൊല്ലപ്പെട്ടിരുന്നു. ഈ അപകടത്തിൽ 3042 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ഫലസ്തീൻ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 62 ലക്ഷം വിദ്യാർത്ഥികൾക്ക് സ്കൂൾ വിദ്യാഭ്യാസം നഷ്ടപ്പെട്ടു. ഗസയിലെ 353 പൊതുവിദ്യാലയങ്ങളും സർവകലാശാലകളും ഫലസ്തീൻ അഭയാർഥികൾക്കായുള്ള യു.എൻ റിലീഫ് ആന്റ് വർക്കേഴ്സ് ഏജൻസിയുടെ 65 വിദ്യാലയങ്ങളും തകർക്കപ്പെട്ടിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ പറയുന്നു.

1965 ൽ സ്ഥാപിച്ച അൽ അഖ്‌സ യൂണിവേഴ്സിറ്റി, ഖാൻ യൂനിസ് കോളേജ് തുടങ്ങി 12 ഓളം പ്രസിദ്ധമായ യൂണിവേഴ്സിറ്റികളും ഗസയിൽ തകർക്കപ്പെട്ടിട്ടുണ്ട്.

ഗസയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങൾ ഇസ്രഈൽ കരുതിക്കൂട്ടി ചെയ്യുന്നതാണെന്ന് ജനീവ ആസ്ഥാനമായ യൂറോ മെഡ്ഹ്യൂമൻ റൈറ്റ്സ് മോണിറ്ററിലെ നിയമ ഗവേഷകനായ യുസഫ് സലാം പറഞ്ഞു.

‘ഗസയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇസ്രഈൽ കരുതിക്കൂട്ടി തകർക്കുന്നതാണ്. അതിനവർക്ക് വ്യക്തമായ പദ്ധതികളും ഉണ്ടായിരുന്നു. അത് സൈനിക നടപടിയുടെ ആരംഭത്തിൽ തന്നെ വ്യക്തമായിരുന്നു.

അന്താരാഷ്ട്ര നിയമ പ്രകാരം വിദ്യാലയങ്ങളും സർവകലാശാലകളും വീടുകളും സിവിലിയൻ ലൊക്കേഷനായി തരം തിരിച്ചിട്ടിട്ടുണ്ട്. അവിടങ്ങളിൽ ബോംബാക്രമണങ്ങൾ നിരോധിച്ചതാണ്. എന്നാൽ ഗസയിൽ സ്ഥിതി മറ്റൊന്നാണ്,’ അദ്ദേഹം പറഞ്ഞു.

നേരത്തെ തന്നെ അഭയാർത്ഥി ക്യാമ്പുകളായി പ്രവർത്തിച്ചിരുന്ന വിദ്യാലയങ്ങളിൽ ഇസ്രഈൽ തുടർച്ചയായി ബോംബ് വർഷിക്കുന്നുവെന്ന് യു.എന്നിന്റെ റിപ്പോർട്ടുകളുണ്ടായിരുന്നു.

Content Highlight: Israel has killed over 8,570 Palestinian students since October: Education Ministry

We use cookies to give you the best possible experience. Learn more