ഗസ: ഒക്ടോബർ ഏഴിന് ഹമാസുമായി യുദ്ധം പ്രഖ്യാപിച്ചതിന് ശേഷം ഹമാസിന്റെ 20 ശതമാനത്തിനും 30 ശതമാനത്തിനുമിടയിലുള്ള പോരാളികളെ മാത്രമാണ് ഇസ്രഈൽ കൊലപ്പെടുത്തിയതെന്ന് വാൾ സ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ട്.
യുദ്ധത്തിന് മുമ്പ് ഹമാസിന് ഇസ്രഈലിൽ 25,000ത്തിനും 30,000ത്തിനുമിടയിൽ പോരാളികൾ ഉണ്ടായിരുന്നുവെന്ന് യു.എസ് ഇന്റലിജൻസ് കണക്കാക്കുന്നു. കൂടാതെ അതിർത്തിയിലെ പൊലീസ് സേനയും മറ്റും ഉൾപ്പെടെ 1000ലധികം അംഗങ്ങൾ വേറെയുമുണ്ടെന്ന് ഡ്രോൺ നിരീക്ഷണത്തിൽ നിന്നും ഇസ്രഈൽ ഇന്റലിജൻസിൽ നിന്നും കണ്ടെത്തിയെന്നും പറയുന്നു.
5,000 മുതൽ 9,000 വരെ പോരാളികൾ കൊല്ലപ്പെട്ടുവെന്നും 10,500 മുതൽ 11,700 വരെ ആളുകൾക്ക് പരിക്കേറ്റിട്ടുമുണ്ടെന്ന് യു.എസ് ഇന്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം ഹമാസിനെ നശിപ്പിഎന്ന ലക്ഷ്യവുമായി മൂന്ന് മാസം മുമ്പ് യുദ്ധം ആരംഭിച്ച ഇസ്രഈലിന്റെ പരാജയവും യു.എസ് ചൂണ്ടിക്കാട്ടുന്നുണ്ട്. കേവലം ഹമാസിന്റെ പോരാളികൾക്കെതിരെ പട നയിക്കുന്നതിന് പകരം സംഘടനയുടെ ഉന്നത നേതാക്കളെ ലക്ഷ്യം വെക്കുന്ന തന്ത്രങ്ങളാണ് ഇസ്രഈൽ ആവിഷ്കരിക്കേണ്ടതെന്ന് അമേരിക്ക നിരന്തരം ചൂണ്ടിക്കാട്ടുന്നു.
നേരത്തെ ഗസയിൽ നിന്ന് ഇസ്രഈലിന്റെ പ്രധാന സൈനിക ട്രൂപ്പായ ഗോലാനി ബ്രിഗേഡ് ഉൾപ്പെടെ ആയിരക്കണക്കിന് സൈനികരെ ഇസ്രഈൽ പിൻവലിച്ചിരുന്നു. യുദ്ധത്തിൽ പരാജയം തുറന്നുസമ്മതിക്കുന്നതാണ് ഈ നീക്കമെന്ന് രാജ്യാന്തര രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
Content Highlight: Israel has killed just a fifth of Hamas fighters – WSJ