ഗസ: ഗസയിൽ നടത്തുന്ന ആക്രമണങ്ങളിൽ നിന്ന് ഇസ്രഈലിന് യാതൊരു നേട്ടവും ഉണ്ടായിട്ടില്ലെന്നും അന്താരാഷ്ട്ര സമൂഹത്തിന്റെ വെറുപ്പ് നേടിയെടുക്കുക മാത്രമാണ് ഉണ്ടായതെന്നും ഹിസ്ബുള്ള വക്താവ് മുഹമ്മദ് അഫീഫ്.
ഹമാസിനെ പരാജയപ്പെടുത്താൻ ഇസ്രഈൽ സേനയായ ഐ.ഡി.എഫിന് ഇനിയും സാധിച്ചിട്ടില്ലെന്നും കൂട്ടക്കൊലയും വ്യാപക നാശനഷ്ടങ്ങളുമാണ് അവർ ഇതുവരെ നേടിയതെന്നും ഹിസ്ബുള്ള വക്താവ് പറഞ്ഞു.
ലോകം ഇസ്രഈലിനെ എങ്ങനെ വീക്ഷിക്കുമെന്നതിനെ ഇത് ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ഇസ്രഈലിനെ പിന്തുണക്കുന്ന ഏക രാജ്യം യു.എസ് മാത്രമാണെന്നും ഫലത്തിൽ ഇസ്രഈൽ ഒറ്റപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രഈലിന്റെ നടപടികളോടുള്ള ആഗോള പ്രതികരണം അവഗണിക്കുന്നത് ബുദ്ധിമുട്ടാണെന്നും മുഹമ്മദ് അഫീഫ് ചൂണ്ടിക്കാട്ടി.
ദശാബ്ദങ്ങൾക്ക് ശേഷം ആദ്യമായി ഐക്യരാഷ്ട്ര സഭയിൽ ആർട്ടിക്കിൾ 99 അടിസ്ഥാനമാക്കി വെടിനിർത്തൽ പ്രമേയം അവതരിപ്പിച്ചിരുന്നു. അന്താരാഷ്ട്ര സുരക്ഷക്കും സമാധാനത്തിനും ഭീഷണിയാകുമെന്ന് യു.എൻ സെക്രട്ടറി ജനറലിന് തോന്നുന്ന വിഷയങ്ങൾ രക്ഷാ സമിതിക്ക് മുമ്പാകെ കൊണ്ടുവരുന്നതിനുള്ള നിയമമാണ് ഇത്.