| Sunday, 11th February 2024, 7:20 pm

യു.എന്‍ ഏജന്‍സിക്ക് താഴെ ഹമാസിന്റെ തുരങ്കം കണ്ടെത്തിയതായി ഇസ്രഈല്‍; റിപ്പോര്‍ട്ടുകളില്‍ വ്യക്തതയില്ലെന്ന് യു.എന്‍ ഉദ്യോഗസ്ഥന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജനീവ: ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്ക് സഹായമെത്തിക്കുന്ന യു.എന്‍ ഏജന്‍സിയുടെ (യു.എന്‍.ആര്‍.ഡബ്ല്യു.എ) കെട്ടിടത്തിന് താഴെയായി ഹമാസിന്റെ തുരങ്കമുണ്ടെന്ന ഇസ്രഈലിന്റെ വാദത്തിന് മറുപടിയുമായി യു.എന്‍ ഉദ്യോഗസ്ഥന്‍. ഗസയിലെ തങ്ങളുടെ ആസ്ഥാനത്തിന് താഴെയായി എന്താണ് ഉള്ളതെന്ന് അറിയില്ലെന്ന് ഏജന്‍സിയുടെ തലവനായ ഫിലിപ്പ് ലസാരിനി പറഞ്ഞു.

കെട്ടിടത്തിന് താഴെയായി ഹമാസിന്റെ തുരങ്കമുണ്ടെന്ന കാര്യം മാധ്യമങ്ങളിലൂടെയാണ് തങ്ങള്‍ അറിയുന്നതെന്ന് ഫിലിപ്പ് ലസാരിനി വ്യക്തമാക്കി. ഇസ്രഈല്‍ ഉയര്‍ത്തിയ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടി എന്ന നിലയില്‍ ഏജന്‍സിയിലെ മുഴുവന്‍ ജീവനക്കാരെയും സ്ഥാപനത്തില്‍ നിന്ന് മാറ്റിയിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതിനു വേണ്ട നടപടികള്‍ 2023 ഒക്ടോബര്‍ 12ന് തന്നേ സ്വീകരിച്ചിരുന്നുവെന്നും ഫിലിപ്പ് ലസാരിനി പറഞ്ഞു. പിന്നീട് ഗസയിലെ തങ്ങളുടെ കെട്ടിടങ്ങള്‍ ഉപയോഗിച്ചിട്ടില്ലെന്നും ഇസ്രഈലിന്റെ വാദത്തില്‍ കൃത്യമായ ന്യായീകരണം നല്‍കാന്‍ നിലവില്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഗസയിലെ യു.എന്‍ ഏജന്‍സിക്ക് സമീപത്തായി ഇസ്രഈല്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ടെന്ന് മാധ്യമങ്ങളിലൂടെയാണ് ഐക്യരാഷ്ട്ര സഭ അറിഞ്ഞതെന്നും ഫിലിപ്പ് ലസാരിനി പറഞ്ഞു.

ഇസ്രഈല്‍-ഫലസ്തീന്‍ യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് എല്ലാ വര്‍ഷവും ഏജന്‍സിയുടെ ആസ്ഥാനത്ത് പരിശോധനകള്‍ നടത്താറുണ്ടെന്നും 2023 സെപ്റ്റംബറിലാണ് അവസാനമായി പരിശോധന നടത്തിയതെന്നും ഫിലിപ്പ് ലസാരിനി വ്യക്തമാക്കി.

യു.എന്‍ ഏജന്‍സിക്ക് താഴെയുള്ള ഹമാസിന്റെ രഹസ്യ ഭൂഗര്‍ഭ ഡാറ്റാ സെന്റര്‍ ഇസ്രഈല്‍ ഡിഫന്‍സ് ഫോഴ്സ് കണ്ടെത്തിയതായി സയണിസ്റ്റ് ഭരണകൂടത്തിന്റെ വക്താക്കള്‍ ഞായറാഴ്ച അവകാശപ്പെട്ടു.

ഒരു ഇലക്ട്രിക്കല്‍ റൂമും ഹമാസിന്റെ ഐ.ടി ഉദ്യോഗസ്ഥര്‍ക്കുള്ള താമസ സൗകര്യമായ അത്യാധുനിക സെര്‍വര്‍ ഫാമും ഗസയിലെ റിമാല്‍ പ്രദേശത്തുള്ള യു.എന്‍ ഏജന്‍സിക്ക് താഴെയാണ് സ്ഥിതി ചെയ്യുന്നതെന്ന് ടൈംസ് ഓഫ് ഇസ്രഈല്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിനുപുറമെ യു.എന്‍ ഏജന്‍സി ഹമാസിന്റെ തുരങ്കങ്ങള്‍ക്ക് വൈദ്യുതി നല്‍കിയെന്ന് ഇസ്രഈലി സൈന്യം അവകാശപ്പെട്ടതായി എ.പി റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: Israel has discovered a tunnel of Hamas under the UN agency

We use cookies to give you the best possible experience. Learn more