ജെറുസലേം: ഗാസക്കുമേല്‍ സമ്പൂര്‍ണ ഉപരോധം പ്രഖ്യാപിച്ച് ഇസ്രഈല്‍. വെള്ളവും ഭക്ഷണവും വൈദ്യുതിയും തടയുമെന്ന് പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു.
സമ്പൂര്‍ണ ഉപരോധമാണ് തങ്ങള്‍ നടപ്പാക്കുന്നതെന്നും യോവ് ഗാലന്റ് വീഡിയോ സന്ദേശത്തില്‍ അിയിച്ചു.
‘ഞങ്ങള്‍ ഗാസയില്‍ പൂര്‍ണമായ ഉപരോധം ഏര്‍പ്പെടുത്തുകയാണ്. വൈദ്യുതിയും ഭക്ഷണവും വെള്ളവും ഗ്യാസുമെല്ലാം തടഞ്ഞുവെക്കും. ഗാസയെ പൂര്‍ണമായും അടച്ചിടും,’ യോവ് ഗാലന്റ് പറഞ്ഞു.
2007 മുതല്‍ ഗാസയില്‍ ഇസ്രഈല്‍ ഉപരോധം തുടരുന്നുണ്ട്. ഇതിന് പിന്നാലെയാണിപ്പോള്‍ 23 ലക്ഷം ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഗാസയിലെ പ്രാഥമിക അടിസ്ഥാന സൗകര്യങ്ങള്‍ക്ക് മേലുള്ള പുതിയ ഉപരോധം വരുന്നത്. ശനിയാഴ്ച യുദ്ധം തുടങ്ങിയത് മുതല്‍ ഗാസയില്‍ മരുന്നിനും ചികിത്സക്കും വലിയ ക്ഷാമം നേരിടുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഗുരതരമായി പരിക്കേറ്റ് ആശുപത്രിയിലെത്തുന്ന പലരും ചികിത്സ കിട്ടാതെ മരണത്തിന് കീഴടങ്ങുകയാണ്.
ഇസ്രഈലും ഹമാസും തമ്മില്‍ ശനിയാഴ്ച മുതല്‍ തുടരുന്ന ഏറ്റുമുട്ടലില്‍ ഇരുവശത്തുമായി 1,100ലധികം ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇസ്രഈലിലെ 44 സൈനികര്‍ ഉള്‍പ്പെടെ 700ലധികം പേര്‍ കൊല്ലപ്പെട്ടെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതിനിടെ, കരമാര്‍ഗം സൈനിക നീക്കം നടത്തി ഗാസയുടെ നിയന്ത്രണം പിടിക്കാനും ഇസ്രഈല്‍ തീരുമാനിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നു. വ്യോമാക്രമണത്തിലൂടെ ഹമാസിന്റെ കേന്ദ്രങ്ങള്‍ തകര്‍ത്ത്, കരമാര്‍ഗം നിയന്ത്രണം പിടിക്കാനാണ് ഇസ്രഈല്‍ സൈന്യത്തിന്റെ ലക്ഷ്യം.
ഗാസയില്‍ ഇസ്രഈല്‍ സൈന്യത്തിന്റെ വ്യോമാക്രമണം തുടരുന്നതിനിടെ പ്രാണരക്ഷാര്‍ത്ഥം ഒന്നേകാല്‍ ലക്ഷം പേര്‍ വീടുവിട്ടിറങ്ങി. ഇവര്‍ സ്‌കൂളുകളിലും പൊതുവായ ഹാളുകളിലുമാണ് അഭയം തേടിയിട്ടുള്ളത്. ഇസ്രഈല്‍ അക്രണണത്തില്‍ ഇതുവരെ 500ലേറെ പേര്‍ കൊല്ലപ്പെട്ടുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Content Highlight: Israel has declared a total blockade on Gaza