| Thursday, 17th October 2024, 8:16 pm

ഹമാസിന്റെ പുതിയ മേധാവി സിന്‍വാറിനെയും വധിച്ചെന്ന് ഇസ്രഈല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ സിറ്റി: ഹമാസിന്റെ പുതിയ മേധാവി യഹ്‌യ സിന്‍വാറിനെയും വധിച്ചെന്ന് ഇസ്രഈല്‍ സൈന്യം അവകാശപ്പെട്ടു. ഗസയില്‍ കൊല്ലപ്പെട്ടവരില്‍ ഒരാള്‍ യഹ്‌യ സിന്‍വാറാണെന്നും ഡി.എന്‍.എ. പരിശോധനയില്‍ അത് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും ഇസ്രഈല്‍ പ്രതിരോധ സേന(ഐ.ഡി.എഫ്) അവകാശപ്പെടുന്നു.

അഭയാര്‍ത്ഥികള്‍ താമസിച്ചിരുന്ന സ്‌കൂളിന് നേരെ ഇസ്രഈല്‍ നടത്തിയ ആക്രമണത്തില്‍ കുട്ടികളടക്കം 15 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ മൂന്ന് തീവ്രവാദികളുണ്ടായിരുന്നെന്നും ഇതില്‍ ഒരാള്‍ സിന്‍വാറാണെന്നുമാണ് ഇസ്രഈല്‍ അവകാശപ്പെടുന്നത്. സിന്‍വാറിന്റേതെന്ന് അവകാശപ്പെടുന്ന മൃതദേഹത്തിന്റെ ചിത്രവും ഇപ്പോള്‍ ഇസ്രഈല്‍ പുറത്തുവിട്ടിട്ടുണ്ട്. 15 പേര്‍ കൊല്ലപ്പെട്ട കാര്യം ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്.

ആക്രമണത്തില്‍ മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടെന്നാണ് നേരത്തെ ഇസ്രഈല്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ആരൊക്കെയാണ് കൊല്ലപ്പെട്ടതെന്ന് ആദ്യം വ്യക്തമാക്കാതിരുന്ന ഇസ്രഈല്‍ ഇപ്പോഴാണ് കൊല്ലപ്പെട്ടവരില്‍ ഒരാള്‍ സിന്‍വാറാണെന്ന് അവകാശപ്പെട്ടത്.

ഒക്ടോബര്‍ 7ലെ പ്രത്യാക്രമണത്തിലെ മുഖ്യസൂത്രധാരനായിരുന്നു സിന്‍വാര്‍. തുടക്കം മുതല്‍ തന്നെ അദ്ദേഹത്തെ കൊലപ്പെടുത്തുമെന്നും ഇസ്രഈല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒക്ടോബര്‍ 7 മുതല്‍ സിന്‍വാറായിരുന്നു ഗസയില്‍ നിന്ന് കൊണ്ട് യുദ്ധത്തെ നയിച്ചിരുന്നത്.

ഹമാസിന്റെ മറ്റു നേതാക്കളെല്ലാം വിദേശത്തും മറ്റും ആയിരുന്നപ്പോഴും സിന്‍വാറായിരുന്നു ഗസയില്‍ നിന്ന് കൊണ്ട് യുദ്ധം നയിച്ചിരുന്നത്. ഈ നേതാവിനെ കൊലപ്പെടുത്തിയെന്നാണ് ഇപ്പോള്‍ ഇസ്രഈല്‍ അവകാശപ്പെടുന്നത്.

2024 ജൂലെ 31ന് ഹമാസിന്റെ മേധാവിയായിരുന്ന ഇസ്മായില്‍ ഹനിയ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് യഹ്യ സിന്‍വാറര്‍ ഹമാസിന്റെ നേതൃത്വം ഏറ്റെടുത്തത്. അതേസമയം തങ്ങളുടെ നേതാവ് കൊല്ലപ്പെട്ടെന്ന ഇസ്രഈലിന്റെ അവകാശവാദത്തെ സംബന്ധിച്ച്  ഹമാസിന്റെ ഭാഗത്ത് നിന്ന് പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല.

content highlights: Israel has also killed the new head of Hamas, Sinwar

Video Stories

We use cookies to give you the best possible experience. Learn more